2015-11-19 19:39:00

വത്തിക്കാനിലെ 'ക്രിസ്തുമസ്ട്രീ' കാരുണ്യത്തിന്‍റെ ദേവദാരു


ഡിസംബര്‍ 8-ന് പാപ്പാ ഫ്രാന്‍സിസ് ഉത്ഘാടനംചെയ്യുന്ന കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷവുമായി ബന്ധപ്പെട്ടാണ് ഇക്കുറി വത്തിക്കാനിലെ ക്രിസ്തുമസ് ട്രീ പതിവിലും നേരത്തെ തയ്യാറാകുന്നത്. ജൂബിലിയില്‍ പങ്കെടുക്കുവാന്‍ നിത്യനഗരത്തിലെത്തുന്നവരെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ഉയര്‍ന്നുനില്ക്കുന്ന ‘കാരുണ്യത്തിന്‍റെ ദേവദാരു’ വരവേല്ക്കും!

മുന്‍പാപ്പാ ബനഡിക്ടിന്‍റെ ജന്മനാടായ ജര്‍മ്മനിയിലെ ബവേറിയയില്‍നിന്നുമാണ് ഇക്കുറി ക്രിസ്തുമസ് മരം നവംബര്‍ 19-ാം തിയതി വ്യാഴാഴ്ചയാണ് റോ‍ഡുമാര്‍ഗ്ഗം വത്തിക്കാനില്‍ എത്തിയത്. സ്പ്രൂസ് വര്‍ഗ്ഗത്തില്‍പ്പെട്ട രണ്ടു ശിഖരങ്ങളുള്ളതും നൂറടി (33 meters) ഉയരമുള്ളതുമായ മനോഹരമായ ദേവദാരുവാണ് കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തില്‍ വിശുദ്ധ പത്രോസിന്‍റെ വത്തിക്കാനിലെ വിശാലമായ ചത്വരം അലങ്കരിക്കുന്നത്.  

ഇറ്റലിയിലെ കുട്ടികളുടെ ക്യാന്‍സര്‍ ഫൗണ്ടേഷന്‍റെ (Lene Thun Foudation) നേതൃത്വത്തില്‍ രോഗികളായ കുട്ടികള്‍ നിര്‍മ്മിച്ച അലങ്കാരവസ്തുക്കള്‍ വത്തിക്കാനിലെ ക്രിസ്തുമസ്മരം കൂടുതല്‍ ഭംഗിയുള്ളതാക്കുമെന്നതും  ജൂബിലിവര്‍ഷത്തിന്‍റെ പ്രത്യേകതയായിരിക്കും.  വടക്കെ ഇറ്റലിയിലെ പുരാതന നഗരവും അതിരൂപതയുമായ ത്രെന്തോയിലെ കലാകാരന്മാര്‍ ഒരുക്കുന്ന സവിശേഷമായ പുല്‍ക്കൂടും ഈ വര്‍ഷം വത്തിക്കാനിലെ കാരുണ്യത്തിന്‍റെ ജൂബിലി ക്രിസ്തുമസ് സവിശേഷമാക്കും.

ക്രിസ്തുമസ് മരം ജൂബിലി വര്‍ഷത്തിന്‍റെ ഉത്ഘാടനദിനമായ ഡിസംബര്‍ 8-ാം തിയതി ഉയര്‍ന്നു തെളിയുമെങ്കിലും, ചത്വരത്തിലെ ക്രിബ്ബിന്‍റെ ഔപചാരികമായ ഉത്ഘാടനം ഡിസംബര്‍ 18-ാം തിയതിയായിരിക്കുമെന്നും ക്രിബ്ബിന്‍റെ സംവിധായകരായ വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ പ്രസ്താവന വെളിപ്പെടുത്തി. 

 








All the contents on this site are copyrighted ©.