2015-11-19 19:18:00

ലോകത്തെ നോക്കി ക്രിസ്തു ഇന്നും വിലപിക്കുന്നുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ്


നവംബര്‍ 19-ാം തിയതി വ്യാഴാഴ്ച വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് ഇന്നത്തെ ലോകത്തിന്‍റെ അവസ്ഥ കണ്ട് ക്രിസ്തു വിലപിക്കുമെന്ന് പാപ്പാ പ്രസ്താവിച്ചത്.

സമാധാനവും സ്നേഹവുമായി ക്രിസ്തു ലോകത്തിലേയ്ക്കു വന്നപ്പോള്‍ ചുറ്റുമുള്ളവര്‍ അവിടുത്തെ സ്വീകരിച്ചില്ല, മറിച്ച് അനീതിയുടെയും അതിക്രമത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍ അവര്‍ തിരഞ്ഞെടുത്തു. അതുപോലെ വിദ്വേഷത്തിന്‍റെയും ശത്രുതയുടെയും, യുദ്ധത്തിന്‍റെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും പാതയില്‍ നീങ്ങുന്ന ഇന്നിന്‍റെ ലോകത്തെ നോക്കി ക്രിസ്തു വിലപിക്കുമെന്ന്, വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ യുഗാന്ത്യചിന്തകളെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു (ലൂക്കാ 19, 41-44). 

ക്രൈസ്തവലോകം ക്രിസ്തുമസ്സിനോട് അടുക്കുകയാണ്. ക്രിസ്തുവിന്‍റെ വരവിന്‍റെ മഹോത്സമാണത്. പാര്‍ട്ടിയും ആഘോഷങ്ങളും പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയുമെല്ലാം മിന്നിത്തിളങ്കുമ്പോള്‍, യുദ്ധത്തിലും കലഹത്തിലും ഭീകരാക്രമണത്തിലും ലോകം നമുക്കു ചുറ്റും കേഴുകയാണ്. ലോകം സമാധാനത്തിന്‍റെ വഴികള്‍ ഇനിയും അന്വേഷിക്കുന്നില്ല. ക്രിസ്തു ലോകത്തെ നോക്കി വിലപിക്കാതിരിക്കുമോ, എന്ന് പാപ്പാ തന്‍റെ വചനധ്യാനത്തില്‍ ആകുലപ്പെട്ടു.

ആഗോളതലത്തില്‍ ആയുധവിപണനം ധൃതഗതിയില്‍ നടക്കുന്നുണ്ട്. അവയുടെ നിര്‍മ്മാതാക്കളും വ്യപാരികളും സമ്പത്തില്‍ മുഴുകി ജീവിക്കുന്നു. ചുറ്റുമെന്താണ് ബാക്കി നില്ക്കുന്നത്? ഭീകരതയുടെ ബാക്കി നാശനഷ്ടങ്ങളും, സ്ക്കൂളുകളില്ലാത്ത കുട്ടികളും, ഭവനരഹിതരും, കുറെ കുടിയേറ്റക്കാരും, ക്രൂരതയുടെ ഇരകളായ ധാരളം നിര്‍ദ്ദോഷികളുമാണ്. അവര്‍ ദുഃഖസ്മരണകളുയര്‍ത്തി ലോകത്തിന്‍റെ എല്ലാഭാഗങ്ങളിലും കേഴുകയാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. 

ക്രിസ്തു ഇന്നു നമ്മെ അനുസ്മരിപ്പിക്കുന്നു. നിങ്ങള്‍ക്ക് രണ്ടു യജമാനന്മാരെ ഓരേ സമയം സേവിക്കുക സാദ്ധ്യമല്ലെന്ന്. ഇതാ, ഒരു ഭാഗത്ത് സമ്പന്നതയുടെ തിരഞ്ഞെടുപ്പായി യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു. അത് നാശം വിതയ്ക്കുന്നു. ലോകത്ത് മനുഷ്യര്‍ തിന്മയും അതിക്രമങ്ങളും നിര്‍ഭയം ചെയ്തുകൂട്ടുന്നു. അവര്‍ക്ക് വിനാശം! എന്നാല്‍ ക്രിസ്തു വീണ്ടും പറയുന്നു, സമാധാനപ്രിയരേ, നിങ്ങള്‍ അനുഗൃഹീതാകുന്നു!!

ലോകം ഇന്ന് യുദ്ധത്തിലാണ്. ഇവിടെയും അവിടെയുമുള്ള ചെറുതും വലുതുമായ അഭ്യന്തര കലാപകങ്ങളും യുദ്ധവും അതിക്രമങ്ങളും, കൊലയും കൊല്ലലും കൂട്ടിവായിക്കുമ്പോള്‍ നാമൊരു ലോകമഹായുദ്ധത്തിലാണ്. എന്നാല്‍ മനുഷ്യകുലത്തിന് ന്യായീകരിക്കാനാവാത്ത യുദ്ധമാണിത്. അതിനാല്‍ ദൈവം കേഴുന്നു! ക്രിസ്തു കരയുന്നു...  പാപ്പാ ഖേദപൂര്‍വ്വം വചനചിന്തയില്‍ പങ്കുവച്ചു.

സമാധാനത്തിന്‍റെ പാത തിരിച്ചറിയാത്തതും, അംഗീകരിക്കാത്തതുമായ ഇന്നിന്‍റെ ലോകത്തിനായി കണ്ണുനീര്‍ വര്‍ക്കണമെന്ന് പാപ്പാ നിര്‍ദ്ദേശിച്ചു. യുദ്ധചെയ്യരുതെന്നു നിഷേധിച്ചു പറയുകയും, എന്നാല്‍ മറുഭാഗത്ത് യുദ്ധത്തിന് സന്നാഹമൊരുക്കുകയും പോര്‍വിളി നടത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പുനയവും ലോകത്ത് ധാരാളമുണ്ടെന്നും പാപ്പാ ഖേദപൂര്‍വ്വം ചൂണ്ടിക്കാട്ടി. മനഃപരിവര്‍ത്തനത്തിനും മാനസാന്തരത്തിനുമായി തുടര്‍ന്നും നാം പ്രാര്‍ത്ഥിക്കണം. പാപ്പാ ഉദ്ബോധിപ്പിച്ചു. വിശിഷ്യാ കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിന്‍റെ ഉമ്മറപ്പടിയില്‍ നിന്നുകൊണ്ട് ലോകം ആവര്‍ത്തിക്കുന്ന യുദ്ധത്തിന്‍റെ ക്രൂരതയെ ഓര്‍ത്ത് നമുക്ക് വിലപിക്കാം, അനുരഞ്ജനത്തിനായി പ്രാര്‍ത്ഥിക്കാം...! ഇങ്ങനെ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.