2015-11-18 18:42:00

പാപ്പാ ഫ്രാന്‍സിസ് റോമിലെ യഹൂദപ്പള്ളി സന്ദര്‍ശിക്കും


2016 ജനുവരി 17-ാം തിയതിയാണ് റോമിലെ ചരിത്രപുരാതനമായ തേംപിയോ മജോരെ യഹൂദപ്പള്ളി പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുവാന്‍ പോകുന്നത്. അവിടത്തെ പ്രധാനാചാര്യന്‍, റാബായ് റിക്കാര്‍ദോ ദി സേഞ്ഞിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പാപ്പാ യഹൂദപ്പള്ളി സന്ദര്‍ശിക്കുന്നതെന്ന് നവംബര്‍ 17-ാം തിയതി  പുറത്തുവിട്ട വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

റോമില്‍ ഈസൊളോ തിബെരീനായ്ക്ക് അടുത്തു സ്ഥിതിചെയ്യുന്ന വിസ്തൃതമായ തേംപിയോ മജോരെ യഹൂദദേവാലയം സന്ദര്‍ശിക്കുന്ന മൂന്നാമത്തെ പത്രോസിന്‍റെ പിന്‍ഗാമിയാണ് പാപ്പാ ഫ്രാന്‍സിസെന്നും, യഹൂദ ആചാര്യന്മാര്‍ക്കൊപ്പം സമൂഹ്യ പ്രതിനിധികളുമായും അന്നാളില്‍ പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തുമെന്നും വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.

വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ (1986), മുന്‍പാപ്പാ ബനഡിക്ട് (2010) എന്നിവരാണ് റോമിലെ യഹൂദപ്പള്ളി സന്ദര്‍ശിച്ചിട്ടുള്ള മറ്റുരണ്ടു പത്രോസിന്‍റെ പിന്‍ഗാമികള്‍.








All the contents on this site are copyrighted ©.