2015-11-18 19:00:00

നന്മയുടെ ശക്തികള്‍ സൗഹാര്‍ദ്ദത്തില്‍ ഒരുമിക്കണം : റാബായ് റിക്കാര്‍ദോ സേഞ്ഞി


ദൈവത്തിന്‍റെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ കൊന്നൊടുക്കുമ്പോള്‍ നന്മയുടെ ശക്തികള്‍ ഒത്തൊരുമിക്കണമെന്ന്, റോമിലെ യഹുദപ്പള്ളിയുടെ പ്രധാനാചാര്യന്‍, റാബായ് റിക്കാര്‍ദോ സേഞ്ഞി പ്രസ്താവിച്ചു.

 

റോമിലെ ചരിത്രപുരാതനമായ തേംപിയോ മജോരെ സിനഗോഗിലേയ്ക്ക്  2016-ല്‍ ജനുവരി

17-ാം തിയതിയില്‍ നടക്കുവാന്‍ പോകുന്ന പാപ്പാ ഫ്രാന്‍സിന്‍റെ സന്ദര്‍ശവുമായി ബന്ധപ്പെട്ട്

നവംബര്‍ 17-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേ‍ഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് റാബായ് സേഞ്ഞി ഇങ്ങനെ പ്രസ്താവിച്ചത്.

 

മനുഷ്യകുലത്തിന്‍റെ പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ഒരിക്കലും അതിക്രമങ്ങള്‍ക്കോ വിദ്വേഷത്തിനോ ആവില്ലെന്നും, പിന്നെ അതിനെ ന്യായീകരിക്കാന്‍ ദൈവനാമം ഉച്ചരിച്ചുകൊണ്ടു കാട്ടിക്കൂട്ടുന്ന മൃഗീയത ദൈവദൂഷണമാണെന്നും പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ടാണ് റാബായ് സേഞ്ഞി അഭിമുഖത്തില്‍ പ്രസ്താവിച്ചത്. എന്നാല്‍ പാപ്പായുടെ സന്ദര്‍ശനം മതങ്ങള്‍ തമ്മിലുള്ള സംവാദത്തിന്‍റെ പാതയില്‍ അനുരഞ്ജനത്തിന്‍റെയും പ്രത്യാശയുടെയും സമാധാനത്തിന്‍റെയും വെളിച്ചമാകുമെന്നും റാബായ് സേഞ്ഞി പ്രത്യാശപ്രകടിപ്പിച്ചു.

 

മനുഷ്യചരിത്രത്തില്‍ അകന്നിരിക്കുന്ന രണ്ട് സഹോദരസമൂഹങ്ങളാണ് യഹൂദരും ക്രൈസ്തവരുമെങ്കിലും പാപ്പാമാരുടെ സന്ദര്‍ശനങ്ങള്‍ അകന്ന കണ്ണികളെ അടുപ്പിക്കാന്‍ പോരുന്നവയായിരുന്നുവെന്ന്, വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍റെയും (1986), മുന്‍പാപ്പാ ബനഡിക്ടിന്‍റെയും (2010) ചരിത്രസന്ദര്‍ശനങ്ങളെ അനുസ്മരിച്ചുകൊണ്ട് റാബായ് സേഞ്ഞി അഭിമുഖത്തില്‍ വത്തിക്കാന്‍ റേഡിയോയോടു വ്യക്തമാക്കി.








All the contents on this site are copyrighted ©.