2015-11-17 09:48:00

ലോകത്തെന്നും നന്മ നിലനില്ക്കും ക്രിസ്തുവിന്‍റെ സനാതന സാന്നിദ്ധ്യവും : ത്രികാലപ്രാര്‍ത്ഥനാ സന്ദേശം


നവംബര്‍ 13-ാം തിയതി ഞായാറാഴ്ച വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാലപ്രാര്‍ത്ഥന പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗം യുഗാന്ത്യധ്യാനമായിരുന്നു :

ആരാധനക്രമവത്സരത്തിന്‍റെ അവസാനത്തിനു തൊട്ടുമുന്‍പുള്ള ഞായറാഴ്ചയാണിത്. ഈ ദിവസത്തെ സുവിശേഷഭാഗം പ്രതിപാദിക്കുന്ന ക്രിസ്തുവിന്‍റെ പ്രഭാഷണം ദൈവരാജ്യത്തിന്‍റെ പൂര്‍ത്തീകരണത്തോടനുബന്ധിച്ച് മനുഷ്യചരിത്രത്തില്‍ ഉണ്ടാകാനിരിക്കുന്ന സംഭവവികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു (മര്‍ക്കോസ് 13, 24-32). തന്‍റെ മരണത്തിനു മുന്‍പ് ക്രിസ്തു ജരൂസലേമില്‍ നടത്തിയ അവസാനത്തെ പ്രഭാഷണവുമായിരുന്നു അത്. യുഗാന്ത്യചിഹ്നങ്ങളായ യുദ്ധം, ദാരിദ്ര്യം, പ്രാപഞ്ചിക ദുരന്തങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതായിരുന്നു ആ പ്രബോധനം. പീഡനങ്ങള്‍ക്കുശേഷമുള്ള ആ ദിവസങ്ങളില്‍ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു നിപതിക്കും. ആകാശക്തികള്‍ ഇളകിമറിയും

(24-25). എന്നാല്‍ ഇന്നത്തെ സുവിശേഷധ്യാനത്തെ സംബന്ധിച്ചിടത്തോളം ഈ അടയാളങ്ങള്‍ ഏറെ അപ്രസക്തമാണ്. നിങ്ങളില്‍ എത്രപേര്‍ ചിന്തിക്കുന്നുണ്ട്, ഒരുനാള്‍ ഞാന്‍ എന്‍റെ വിധിയാളനായ ദൈവത്തെ മുഖാമുഖം ദര്‍ശിക്കുമെന്ന്! ഇതില്‍ സംശയിക്കരുത്..., കാരണം ഇത് നമ്മുടെ ഓരോരുത്തരുടെയും ജീവിതാന്ത്യവും ലക്ഷൃവുമായിരിക്കും!!

ഉത്ഥിതനായ ക്രിസ്തുവിനെ ജീവിതാന്ത്യത്തില്‍ നേരില്‍ കാണുകയെന്നത് ക്രൈസ്തവന്‍റെ ജീവിതലക്ഷ്യമാണ്. ആ ദിവസവും സ്ഥലവും സമയവും മാത്രം നമുക്ക് അറിയില്ല. ആകയാല്‍, ഇതെന്ന് സംഭവിക്കും എന്നോര്‍ത്ത് ആകുലപ്പെടുന്നതിലും ഭേദം, നമ്മള്‍ ഇതിന് തയ്യാറായിരിക്കുക എന്നതാണ് പ്രഥമവും പ്രധാനവും! പിന്നെ എങ്ങനെ നാം അതിനെ അഭിമുഖീകരിക്കണം എന്നതിനെക്കാള്‍, അതിനായി ഒരുങ്ങേണ്ട നമ്മള്‍ എങ്ങനെ ഇപ്പോള്‍, ഇവിടെ പെരുമാറണം പ്രവര്‍ത്തിക്കണം, ജീവിക്കണം എന്നതാണ് പ്രധാനം. ശാന്തമായും വിശ്വസ്തതയോടുംകൂടെ നമ്മുടെ ഭാവിക്കായി ഒരുങ്ങിക്കൊണ്ട്, വര്‍ത്തമാനകാലത്തില്‍ നന്മയുള്ളവരായി ജീവിക്കാന്‍ പരിശ്രമിക്കേണ്ടതാണ്.

അത്തിമരത്തില്‍നിന്നും പഠിക്കുവിന്‍. അതിന്‍റെ കൊമ്പുകള്‍ ഇളതായി തളിര്‍ക്കുമ്പോള്‍ വേല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ക്കറിയാം. അതുപോലെതന്നെ, ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ അവിടുന്ന് സമീപത്ത്, വാതില്‍ക്കല്‍ എത്തിയിരിക്കുന്നുവെന്നും  ഗ്രഹിച്ചുകൊള്ളുക (മര്‍ക്കോസ് 13, 28-29). അന്ത്യദിനത്തെക്കുറിച്ചോ, ഭാവിയെക്കുറിച്ചോ ഉള്ള ആശങ്കകള്‍ ജീവിതത്തില്‍ പതറിപ്പോകാന്‍ ഇടയാക്കരുത്, മറിച്ച് ഇന്നിന്‍റെ ജീവിതത്തെ പ്രത്യാശയോടെ കാണാന്‍ അതുനമ്മെ സഹായിക്കണം. പ്രത്യാശയെന്ന ചെറിയ പുണ്യം ജീവിക്കാന്‍ ഏറെ ശ്രമകരമാണെങ്കിലും, ശ്രേഷ്ഠവും ശക്തവുമാണതെന്ന് പാപ്പാ വിശേഷിപ്പിച്ചു. 

പ്രത്യാശയ്ക്ക് ഒരുമുഖമുള്ളത്, ഉത്ഥിതനായ ക്രിസ്തുവിന്‍റെ ശക്തിയും അവിടുത്തെ മഹത്വവുമാര്‍ന്ന രൂപവുമാണ് (26), അത് കുരിശില്‍ അര്‍പ്പിക്കപ്പെട്ടതും ഉത്ഥാനത്താല്‍ രൂപാന്തരപ്പെട്ടതുമായ അവിടുത്തെ സ്നേഹമാണ്. അങ്ങനെ ക്രിസ്തുവിന്‍റെ കാലത്തികവിലുള്ള മഹത്വീകരണവും വിജയവും അവിടുത്തെ കുരിശിലെ വിജയംതന്നെയാണ്. ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് നാമിന്ന് സഹോദരങ്ങളോടു കാണിക്കുന്ന സ്നേഹപ്രവൃത്തികളും, അവര്‍ക്കായിചെയ്യുന്ന നന്മകള്‍ ഓരോന്നുമായിരിക്കും അവസാനം ലോകത്തുണ്ടാകുന്ന പ്രക്ഷോഭങ്ങള്‍ക്കും, ഭീകരതയ്ക്കും ദുരന്തങ്ങള്‍ക്കുമെല്ലാം ഉപരിയായി ഉയര്‍ന്നുനില്ക്കാന്‍ പോകുന്ന, ശ്രദ്ധേയമാകാന്‍ പോകുന്ന വിജയശക്തി!! നമ്മുടെ ഭൗമികയാത്രയുടെ ഉച്ചസ്ഥായി ക്രിസ്തുവാണ്. ഒപ്പം അവിടുന്ന് നമ്മുടെ ജീവിതത്തിലെ സന്തത സഹചാരിയും സനാതന സാന്നിദ്ധ്യവുമാണ്.

അവിടുന്ന് സദാ നമ്മുടെ ചാരത്തുണ്ട്. അതിനാല്‍ ഭാവിയെക്കുറിച്ച് ആകുലപ്പെടുമ്പോഴും അതിലേയ്ക്ക് നാം കുതിക്കുമ്പോഴും എല്ലാം അവസാനം നമ്മെ ഇന്നിലേയ്ക്കും, വര്‍ത്തമാനകാലത്തിലേയ്ക്കും എപ്പോഴും തിരികെ നയിക്കേണ്ടതാണ്. അന്ത്യനാളുകളുടെ വ്യാജപ്രാവചകന്മാര്‍ക്കും ദാര്‍ശനികന്മാര്‍ക്കും, അതുപോലെ വിധിയെ പഴിച്ചു കഴിയുന്നവര്‍ക്കും എതിരാണ് ക്രിസ്തു!. എന്നാല്‍ നമ്മെ സ്നേഹിക്കുകയും നമ്മൊടൊത്തു ചരിക്കുകയും ചെയ്യുന്ന നല്ല അയല്‍ക്കാരനാണ് അവിടുന്ന്. ഭാവിയെക്കുറിച്ചുള്ള ആകുലതകളുടെയും വ്യജപ്രവചനങ്ങളുടെയും ജാതകപ്പറച്ചിലിന്‍റെയും പിടിയില്‍നിന്നും തന്‍റെ ശിഷ്യഗണങ്ങള്‍ അതതുകാലഘട്ടങ്ങളില്‍ സ്വതന്ത്രരായും,  ഇന്നിനെക്കുറിച്ച് അവബോധമുള്ളവരായും ജീവിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.

ക്രിസ്തു സാന്നിദ്ധ്യം നമ്മിലുള്ള ക്ഷമയില്ലായ്മയും മന്ദതയും അകറ്റി നമ്മെ പ്രത്യാശയും, ജാഗ്രതയുമുള്ളവരാക്കി കാലത്തിന്‍റെയും ലൗകായത്വത്തിന്‍റെയും കദനമേറുന്ന കരാഗൃഹത്തില്‍ സ്വയം ബന്ധികളാകാതെ മുന്നോട്ടു നീങ്ങുവാന്‍ നമ്മെ അനുദിനം സഹായിക്കും. പ്രകൃതിദുരന്തങ്ങള്‍ക്കും അധാര്‍മ്മികതയ്ക്കും, അതിക്രമങ്ങള്‍ക്കും അതുപോലുള്ള മറ്റ് ദുരിതങ്ങള്‍ക്കും യാതൊരു കുറവുമില്ലാത്ത കാലഘട്ടത്തിലാണ് നാം ആയിരിക്കുന്നത്.

എല്ലാം കടന്നുപോകുമെന്ന് കര്‍ത്താവ് നമ്മെ അനുസ്മരിപ്പിക്കുന്നു. അവിടുന്നു മാത്രം നിലനില്‍ക്കും. കാരണം, നമ്മോടു ക്ഷമിക്കുവാനും, നമ്മെ നയിക്കുവാനും, നമുക്ക് മാര്‍ഗ്ഗദീപമാകുവാനും, നമ്മുടെ പാദങ്ങള്‍ക്ക് പ്രകാശവും ഉണര്‍വ്വുമേകുവാനും അവിടുന്ന് നമ്മോടുകൂടെ ഉണ്ടായിരിക്കും. അവിടുത്തെ ദിവ്യസ്നേഹമാര്‍ന്ന ഹൃദയത്തിലേയ്ക്ക് നോക്കിയാല്‍ മതി നമ്മില്‍ മാറ്റമുണ്ടാകാന്‍. ജീവിതത്തിന്‍റെ ആധാരവും അടിസ്ഥാനവുമായ ക്രിസ്തുവില്‍ വിശ്വാസമര്‍പ്പിച്ചു മുന്നേറുവാനും, അവിടുത്തെ സന്തോഷത്തിലും സ്നേഹത്തിലും എന്നും പരിരക്ഷിക്കപ്പെടുന്നതിനും കന്യകാനാഥ നമ്മെ ഏവരെയും തുണയ്ക്കട്ടെ, എന്നാശംസിച്ചുകൊണ്ട് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചു. 

 

 








All the contents on this site are copyrighted ©.