2015-11-17 10:29:00

ജാതകം നോക്കാതെ പ്രത്യാശയോടെ ജീവിക്കാമെന്ന് പാപ്പാ ഫ്രാന്‍സിസ്


ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് നാമിന്ന് സഹോദരങ്ങളോടു കാണിക്കുന്ന സ്നേഹപ്രവൃത്തികളും, അവര്‍ക്കായിചെയ്യുന്ന നന്മകള്‍ ഓരോന്നുമായിരിക്കും അവസാനം ലോകത്തുണ്ടാകുന്ന പ്രക്ഷോഭങ്ങള്‍ക്കും, ഭീകരതയ്ക്കും ദുരന്തങ്ങള്‍ക്കുമെല്ലാം ഉപരിയായി ഉയര്‍ന്നുനില്ക്കാന്‍ പോകുന്ന വിജയശക്തിയെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു

നവംബര്‍ 13-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നല്കിയ ത്രികാലപ്രാര്‍ത്ഥന പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

അന്ത്യനാളുകളുടെ വ്യാജപ്രാവചകന്മാര്‍ക്കും ദാര്‍ശനികന്മാര്‍ക്കും, അതുപോലെ വിധിയെ പഴിച്ചു കഴിയുന്നവര്‍ക്കും എതിരാണ് ക്രിസ്തു! എന്നാല്‍ നമ്മെ സ്നേഹിക്കുകയും നമ്മൊടൊത്തു ചരിക്കുകയും ചെയ്യുന്ന നല്ല അയല്‍ക്കാരനാണ് അവിടുന്ന്. ഭാവിയെക്കുറിച്ചുള്ള ആകുലതകളുടെയും വ്യജപ്രവചനങ്ങളുടെയും ജാതകപ്പറച്ചിലിന്‍റെയും പിടിയില്‍നിന്നും തന്‍റെ ശിഷ്യഗണങ്ങള്‍ അതതുകാലഘട്ടങ്ങളില്‍ സ്വതന്ത്രരായും, ഇന്നിനെക്കുറിച്ച് അവബോധമുള്ളവരായും ജീവിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. നിങ്ങളോട് ചോദിക്കട്ടെ, ഉത്തരം ഉറക്കെ പറയേണ്ടതില്ല. നിങ്ങളി‍ല്‍ എത്രപേര്‍ അനുദിനം ജാതകം നോക്കുന്നവരുണ്ട്? പാപ്പാ ചുണ്ടില്‍ കൈവച്ചുകൊണ്ടു പറഞ്ഞു. ആരും മറുപടി പറയല്ലേയെന്ന്...!! എന്നിട്ടും, എല്ലാവരും കൈയ്യടിച്ചു പ്രതികരിച്ചു.

ജാതകം, അല്ലെങ്കില്‍ ഭാവി അറിയണമെന്നു തോന്നുമ്പോള്‍ നിങ്ങളുടെ കൂടെയുള്ള യേശുവിലേയ്ക്ക് തിരിയുക. അങ്ങനെ ചെയ്യുന്നതാണ് നല്ലത്. കാരണം, ക്രിസ്തു സാന്നിദ്ധ്യം നമ്മിലുള്ള ക്ഷമയില്ലായ്മയും മന്ദതയും അകറ്റി നമ്മെ പ്രത്യാശയും, ജാഗ്രതയുമുള്ളവരാക്കി കാലത്തിന്‍റെയും ലൗകായത്വത്തിന്‍റെയും കദനമേറ്റുന്ന കരാഗൃഹത്തില്‍ സ്വയം ബന്ധികളാകാതെ മുന്നോട്ടു നീങ്ങുവാന്‍ നമ്മെ അനുദിനം സഹായിക്കും. 

പ്രകൃതിദുരന്തങ്ങള്‍ക്കും അധാര്‍മ്മികതയ്ക്കും, അതിക്രമങ്ങള്‍ക്കും അതുപോലുള്ള മറ്റ് ദുരിതങ്ങള്‍ക്കും യാതൊരു കുറവുമില്ലാത്ത കാലഘട്ടത്തിലാണ് നാം ആയിരിക്കുന്നത്. എല്ലാം കടന്നുപോകുമെന്ന് കര്‍ത്താവ് നമ്മെ അനുസ്മരിപ്പിക്കുന്നു. അവിടുന്നു മാത്രം നിലനില്‍ക്കും. കാരണം, നമ്മോടു ക്ഷമിക്കുവാനും, നമ്മെ നയിക്കുവാനും, നമുക്ക് മാര്‍ഗ്ഗദീപമാകുവാനും, നമ്മുടെ പാദങ്ങള്‍ക്ക് പ്രകാശവും ഉണര്‍വ്വുമേകുവാനും അവിടുന്ന് നമ്മോടുകൂടെ ഉണ്ടായിരിക്കും. അവിടുത്തെ ദിവ്യസ്നേഹമാര്‍ന്ന ഹൃദയത്തിലേയ്ക്ക് നോക്കിയാല്‍ മതി നമ്മില്‍ മാറ്റമുണ്ടാകാനെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

നമ്മുടെ ഭൗമികയാത്രയുടെ ഉച്ചസ്ഥായി ക്രിസ്തുവാണ്. ഒപ്പം അവിടുന്ന് നമ്മുടെ ജീവിതത്തിലെ സന്തത സഹചാരിയും സനാതന സാന്നിദ്ധ്യവുമാണ്. അവിടുന്ന് സദാ നമ്മുടെ ചാരത്തുണ്ട്. അതിനാല്‍ ഭാവിയെക്കുറിച്ച് ആകുലപ്പെടുമ്പോഴും അതിലേയ്ക്ക് നാം കുതിക്കുമ്പോഴും എല്ലാം അവസാനം നമ്മെ ഇന്നിലേയ്ക്ക്, വര്‍ത്തമാനകാലത്തിലേയ്ക്ക് എപ്പോഴും തിരികെ നയിക്കേണ്ടതാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.