2015-11-14 19:30:00

അനുദിന ജീവിതത്തില്‍ നിത്യതയെ ധ്യാനിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ്


ദൈവം സമ്പൂര്‍ണ്ണ സൗന്ദര്യമാണ് മറ്റെല്ലാം അപൂര്‍ണ്ണവും അനശ്വരവുമാണ്. വിശ്വാസികള്‍ വീണുപോകുന്ന രണ്ടു പ്രലോഭനങ്ങളുണ്ട്. ഒന്ന് നശ്വരമായ ഭൗമികവസ്തുക്കളുടെ ബിംബവത്ക്കരണവും, രണ്ടാമതായി തങ്ങളുടെ രീതികളെയും ശീലങ്ങളെയും അനശ്വരമെന്നോണം പൂജ്യമായി പൂവിട്ടാരാധിക്കുന്നതും. ഇതായിരുന്നു നവംബര്‍ 13-ാം തിയതി വെള്ളിയാഴ്ച പേപ്പല്‍ വസതി, സാന്താ മാര്‍ത്തയില്‍ ദിവ്യബലിമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സുവിശേഷചിന്തയുടെ സാരാംശം.

ദൈവം നിത്യസൗന്ദര്യമാണ്. ആകാശം അവിടുത്തെ മഹത്വവും വാനവിതാനം അവിടുത്തെ കരവിരുതും വിളംബരംചെയ്യുന്നതായി സങ്കീര്‍ത്തകന്‍ വര്‍ണ്ണിക്കുന്നു (സങ്കീര്‍ത്തനം 19). ദൃഷ്ടിഗോചരമായ സുന്ദരവസ്തുക്കളില്‍നിന്നും അദൃശ്യമായ ദൈവികസൗന്ദര്യത്തെ തിരിച്ചറിയാന്‍ മനുഷ്യര്‍ക്ക് കഴിയേണ്ടതാണ്. ശില്പങ്ങളില്‍ ശ്രദ്ധപതിക്കുന്നവര്‍ എന്തുകൊണട് ശില്പിയെ തിരിച്ചറിയുന്നില്ലെന്ന് വൈജ്ഞാനികന്‍ നമ്മോടു ചോദിക്കുന്നു (വിജ്ഞാനം 13, 1-9). ഇതിനു കാരണം ദൃശ്യവസ്തുക്കളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ച്, അവയുടെ തിളക്കത്തിലും നോട്ടത്തിലും അമ്പരന്ന് അവയെ ദൈവങ്ങളായി മരുഷ്യര്‍ കരുതുന്ന പ്രവണത തന്നെ! വിഗ്രഹാരാധനയെന്ന് ഇതിനെ വചനം വിശേഷിപ്പിക്കുന്നു. അങ്ങനെ സൃഷ്ടവസ്തുക്കളിലും അവയുടെ മനോഹാരിതയിലും മനുഷ്യര്‍ ഭ്രമിച്ചുനില്ക്കുമ്പോള്‍ അവയുടെ സ്രഷ്ടാവിനെ അവര്‍ മറന്നുപോകുന്നുണ്ടെന്നതും സത്യമാണ്. പ്രാപഞ്ചിക മനോഹാരിതയില്‍ മതിമറന്നു നില്ക്കുന്നവരുടെ മുന്നില്‍ ഇതാ, സൂര്യാസ്തമയമുണ്ടെന്ന് ഓര്‍ക്കേണ്ടതാണ്. ചുറ്റുമുള്ളവ മങ്ങിമറയും, പിന്നെ കെട്ടടങ്ങും, അനശ്വരമായത് ദൈവിക സൗന്ദര്യം മാത്രമാണ്!

അസ്തമയസൂര്യന് തീര്‍ച്ചയായും ഒരുപൂര്‍വ്വ പ്രഭയുണ്ട്. എന്നിരുന്നാലും നോക്കിനില്ക്കെ അത് നമ്മുടെ കണ്‍മുന്‍പില്‍നിന്നും മാഞ്ഞുപോകും. അഭൗമവും ശാശ്വതവും ആത്മീയവുമായവയിലേയ്ക്ക് തിരിയാതെ ഭൗമയാഥാര്‍ത്ഥ്യങ്ങളില്‍ കുടുങ്ങിപ്പോകുന്നത് മനുഷ്യജീവിതത്തിന്‍റെ അപകടകരമായ അവസ്ഥയാണ്. പ്രാപഞ്ചികമായ യാഥാര്‍ത്ഥ്യങ്ങളുടെ താല്ക്കാലികതയും പരിമിതിയും മനസ്സിലാക്കാതെ അവയെ ബിംബവത്ക്കരിക്കുന്നതും ദൈവികമാക്കുന്നതുമായ മനോഭാവമാണ് മനുഷ്യര്‍ ഇന്ന് തിരിച്ചറിയേണ്ട ആദ്യത്തെ പ്രലോഭനം.

രണ്ടാമത്തെ പ്രലോഭനം ഹൃദയത്തെ മന്ദീഭവിപ്പിക്കുന്ന ദുശ്ശീലങ്ങളാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. നോഹിന്‍റെ കാലത്ത് സോദോമിലും ഗൊമോറായിലും ജനങ്ങള്‍ എല്ലാം മറന്ന് - ദൈവത്തെയും സഹോദരങ്ങളെയും മറന്ന് തിന്നുകുടിച്ച്, സുഖലോലുപതയില്‍ കഴിഞ്ഞു. എന്നാല്‍ അവസാനം ജലപ്രളയത്തിന്‍റെയും അഗ്നിവര്‍ഷത്തിന്‍റെയും വിനാശങ്ങള്‍കൊണ്ട് ദൈവം അവരെ തകര്‍ത്തു (ലൂക്കാ 17, 26-37). സൂര്യോദയത്തിന് അസ്തമയമുണ്ടെന്ന അവബോധം ജീവിതാന്ത്യത്തെക്കുറിച്ചുള്ള ചിന്ത നമ്മല്‍ ഉണര്‍ത്തേണ്ടതാണ്. ഈ ചിന്ത നമ്മില്‍ ഇല്ലെങ്കില്‍ ജീവിതങ്ങള്‍ സാധാരണഗതിയില്‍ മുന്നോട്ടുപോകുമെങ്കിലും എല്ലാം വ്യര്‍ത്ഥമായി തോന്നാം. നമ്മുടെ ശീലങ്ങളിലും സുഖസൗകര്യങ്ങളിലും ജീവിതം മുന്നേറാമെങ്കിലും, എല്ലാം പൊള്ളായോ, ശൂന്യമോ ആണെന്നുള്ള അനുഭവം ബാക്കിനില്ക്കും. ഇത് മനുഷ്യന്‍റെ ശീലങ്ങളെ അധികരിച്ചുള്ള ഹൃദയത്തിലെ വിഗ്രഹാരാധനയുടെ മിഥ്യയായ പ്രലോഭനവുമാണ്.

മനുഷ്യജീവിതത്തിന്‍റെ നശ്വരതയെക്കുറിച്ചും, അനശ്വരമായ ദൈവിക ജീവനെക്കുറിച്ചും സഭയും ആരാധനക്രമാകലവും നമ്മെ അനുസ്മരിപ്പിക്കുന്നു. ജീവിതസൗന്ദര്യം നിത്യതയുടെ അനശ്വര സൗന്ദര്യത്തില്‍ ഊന്നിയതാകണമെന്ന സത്യമാണ് ഇത് നമ്മെ അനുസ്മരിപ്പിക്കുന്നത്. ജീവിതായനത്തിന്‍റെ അന്ത്യത്തില്‍ ദൈവത്തെയാണ് നാം പരമമായി ദര്‍ശിക്കേണ്ടത്. അവിടെ നിത്യതയില്‍ അനശ്വരമായ സ്വര്‍ഗ്ഗീയ സൗന്ദര്യം അല്ലെങ്കില്‍ ദൈവിക സൗന്ദര്യം നമുക്ക് ദൃശ്യമാകും. അങ്ങനെയെങ്കില്‍ സഹോദരങ്ങള്‍ക്കൊപ്പമുള്ള ഈ ലോകജീവിതത്തില്‍ നിത്യമായ ദൈവികസൗന്ദര്യത്തെ ധ്യാനിച്ച് പ്രത്യാശയോടെ ജീവിക്കാന്‍ നമുക്ക് പരിശ്രമിക്കാം. ഇങ്ങനെ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനമീക്ഷ ഉപസംഹരിച്ചത്.     

 

 








All the contents on this site are copyrighted ©.