2015-11-13 09:31:00

സഭ കൂട്ടായ്മയുള്ള കുടുംബവും വിദ്യാലയവുമെന്ന് പാപ്പാ ഫ്രാന്‍സിസ്


കൂട്ടായ്മയുള്ള കൂടുംബവും വിദ്യാലയവുമാകണം സഭയെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. നവംബര്‍ 12-ാം തിയതി വ്യാഴാഴ്ച രാവിലെ കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ സ്ലൊവാക്കിയായിലെ മെത്രാന്‍ സംഘത്തെ ‘ആദ് ലീമിനാ’ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റ പ്രതിഭാസത്തിന്‍റെയും ആഗോളവത്ക്കരണത്തിന്‍റെയും പ്രക്രിയിയില്‍ കാലത്തിന്‍റെ കാലൊച്ചകേള്‍ക്കുകയും ക്രിസ്തുവിലുള്ള സാഹോദര്യ സ്പന്ദനത്തോടും അനുകമ്പയുള്ള നീതിബോധത്തോടുംകൂടെ കുടിയേറ്റക്കാരെ സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയുംവേണമെന്ന് സ്ലൊവേക്യായിലെ മെത്രാന്മാരെ പാപ്പാ ഉദ്ബോധിപ്പിച്ചു.

അതാതു രാഷ്ട്രത്തിന്‍റെ നിയമങ്ങള്‍ പാലിക്കുമ്പോഴും ക്രൈസ്തവ ഉപവിയും, മനുഷ്യാന്തസ്സും മാനിക്കുന്ന നീതിനിഷ്ഠയോടെ കുടിയേറ്റക്കാരായ സഹോദരങ്ങളെ സമീപിക്കുകയും തുണയ്ക്കുകയും വേണമെന്ന് മെത്രാന്‍സംഘത്തോട് പാപ്പാ ആഹ്വാനംചെയ്തു.

ജീവിതായനത്തിന്‍റെ കാലികമായ മാറ്റങ്ങളെ നവമായ സമൂഹ്യചുറ്റുപാടുകളായി അംഗീകരിക്കണമെന്നും, അതിലൂടെ ഉരുവാകുന്ന പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ സുവിശേഷമൂല്യങ്ങളുടെ വെളിച്ചത്തില്‍ കണ്ടുകൊണ്ടാണ് യൂറോപ്പില്‍ നവസുവിശേഷവത്ക്കരണത്തിന്‍റെ ഭാഷയും വ്യാകരണവും പകര്‍ന്നുനല്കേണ്ടതെന്ന് മെത്രാന്‍ സംഘത്തെ പാപ്പാ ഉദ്ബോധിപ്പു.

രണ്ട് ലത്തീന്‍ അതിരൂപതകള്‍ക്കു കീഴില്‍ 6 കീഴുരൂപതകളുള്ള സ്ലൊവാക്കിയന്‍ സഭയെ നയിക്കുന്നത് ആര്‍ച്ചുബിഷപ്പ് സ്റ്റാനിസ്ലാവൂസ് സ്വലെന്‍സ്ക്കിയാണ്. അതുപോലെ വിവിധ ചെറിയ സഭാപ്രവിശ്യകളുള്ള (Eparch-കളുള്ള) അവിടത്തെ ബൈസൈന്‍റൈന്‍ സഭയെ നയിക്കുന്നത് പ്രെഷോവിലെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ജാന്‍ ബബിയാക്കുമാണ്.








All the contents on this site are copyrighted ©.