2015-11-12 20:04:00

ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസിന് പാപ്പാ ഫ്രാന്‍സിസിന്‍റെ വീഡിയോ സന്ദേശം


മുംബൈയിലെ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് പാപ്പാ ഫ്രാന്‍സിസ് വീഡിയോ സന്ദേശമയച്ചു.

നവംബര്‍ 12-ാം തിയതി വ്യാഴാഴ്ച മുതല്‍ 15-ാം തിയതി ഞായറാഴ്ചവരെ മുംബൈയിലെ‍ ഗര്‍ഗാവോണില്‍, വിശുദ്ധ പത്താം പിയൂസിന്‍റെ നാമത്തിലുള്ള സെമിനാരിയുടെ ക്യാമ്പസ്സിലാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനാണ് സംഗമിക്കുന്നത്.  

1964 ഡിസംബറില്‍ മുംബൈ നഗരം ആഘോഷിച്ചതും വാഴ്ത്തപ്പെട്ട പോള്‍ 6-ാമന്‍ പാപ്പായുടെ ശ്രേഷ്ഠസാന്നിദ്ധ്യംകൊണ്ട് ധന്യമാക്കപ്പെട്ടതുമായ 38-ാമത് അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്‍റെ 50-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടും, താന്‍ പ്രാഖ്യാപിച്ചിരിക്കുന്ന കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തിന് ആമുഖമായും മുമ്പൈ അതിരൂപത നേതൃത്വമെടുത്ത് നടത്തുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ പാപ്പാ സന്ദേശത്തില്‍ ആദ്യമായി അഭിനന്ദിച്ചു.

ക്രൈസ്തവര്‍ക്കു മാത്രമല്ല, ഏറെ സാംസ്ക്കാരിക വൈവിധ്യമുണ്ടെങ്കിലും, എന്നാല്‍ ആത്മീയ സമ്പന്നതയുള്ള നാട്ടില്‍ എല്ലാ ഭാരതീയര്‍ക്കും ഈ ദിവ്യകാരുണ്യകോണ്‍ഗ്രസ്സ് അനുഗ്രഹ ദായകമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. ഈശ്വരാന്വേഷണവും സത്യാന്വേഷണവും, പിന്നെ നന്മയും കാരുണ്യവും കിനിഞ്ഞിറങ്ങുന്ന നാടാണ് ഭാരതമെന്ന് താന്‍ മനസ്സിലാക്കുന്നതായി സന്ദേശത്തില്‍ പാപ്പാ പ്രസ്താവിച്ചു.

പിതാവായ ദൈവത്തോടും മരണത്തോളും മനുഷ്യകുലത്തോടും യേശു ക്രിസ്തു പ്രകടമാക്കിയ സ്നേഹപാരമ്യത്തിന്‍റെ തനിയാവര്‍ത്തനമാണ് പരിശുദ്ധ ദിവ്യകാരുണ്യമെന്ന്, തന്‍റെ മുന്‍ഗാമിയായിരുന്നു വാഴ്ത്തപ്പെട്ട പോള്‍ ആറാന്‍ പാപ്പാ ഭാരതമണ്ണില്‍ നിന്നുകൊണ്ട് 1964-ല്‍ പ്രസ്താവിച്ചത്, സന്ദേശത്തില്‍ പാപ്പാ ഫ്രാ‍ന്‍സിസ് അയവിറച്ചു. ക്രിസ്തുസ്നേഹം ഒരു ഗതകാല യാഥാര്‍ത്ഥ്യമല്ല, മറിച്ച് എന്നും എപ്പോഴും അത് മനുഷ്യഹൃദയങ്ങളില്‍ സന്നിഹതമാകുന്ന ദൈവികസാന്നിദ്ധ്യമാണ്. അതിനാല്‍ ക്രൈസ്തവര്‍ക്കു മാത്രമുള്ള ആത്മീയരൂപമല്ല ക്രിസ്തു. ക്രൈസ്തവര്‍ അവിടെ ന്യൂനപക്ഷം മാത്രമാണ്. ക്രിസ്തുസ്നേഹവും സ്വാര്‍പ്പണവും അറിഞ്ഞിട്ടുള്ളതും ഇനിയും അറിയേണ്ടവരുമായ ഇന്ത്യയിലെ ലക്ഷോപലക്ഷം ജനങ്ങള്‍ക്കും വേണ്ടിയുള്ള ആത്മചൈതന്യമാവട്ടെ ക്രിസ്തുവെന്ന് പാപ്പാ സന്ദേശത്തില്‍ ആശംസിച്ചു.  

 ‘ക്രിസ്തുവിനാല്‍ പരിപോഷിതരാകുന്നവര്‍ മറ്റുള്ളവരെയും പരിപോഷിപ്പിക്കും,’ Nourished by Christ to Nourish Others… എന്ന കോണ്‍ഗ്രസിന്‍റെ ആപ്തവാക്യത്തെ പാപ്പാ സന്ദേശത്തില്‍ ശ്ലാഘിച്ചു.

മനുഷ്യരെ വിശുദ്ധീകരിച്ചും നവീകരിച്ചും അത്ഭുതാവഹമായ ദൈവികകൂട്ടായ്മയില്‍ ഐക്യപ്പെടുത്തുന്ന ഉടമ്പടിയുടെ സാക്ഷാത്ക്കാരമാണ് ദിവ്യകാരുണ്യം. അതിനാല്‍ നല്ലവര്‍ക്കുള്ള പ്രതിസമ്മാനം മാത്രമല്ല അത്, ഒപ്പം ബലഹീനര്‍ക്കും പാപികള്‍ക്കുമുള്ള ആത്മീയവീര്യമാണത്. അങ്ങനെ മനുഷ്യന്‍റെ ജീവിതപാതയില്‍ തിരുപ്പാഥേയവും പോഷണവുമാണ് ദിവ്യകാരുണ്യമെന്നും പാപ്പാ സന്ദേശത്തില്‍ അനുസ്മരിപ്പിച്ചു.

ഭാരതമക്കള്‍ക്ക് ഈ ദിവ്യകാരുണ്യഗോണ്‍ഗ്രസ് സന്തോഷവും പ്രത്യാശയും പകരുന്ന ദീപാവലിയാവട്ടെ! ഹാര്‍ഷഭൂമിയിലെ ജനങ്ങള്‍ സാഹോദര്യത്തില്‍ ഒന്നിക്കുന്ന സ്നേഹപ്രദീപമാണ് ക്രിസ്തുവിന്‍റെ ദിവ്യാകാരുണ്യമെന്നും പാപ്പാ പ്രസ്താവിച്ചു. ദിവ്യകാരുണ്യകോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്ന സകലര്‍ക്കും യേശുവിന്‍റെ അമ്മയായ മറിയത്തെപ്പോലെ ദൈവത്തിന്‍റെ അപദാനങ്ങള്‍ക്ക് നന്ദിപറഞ്ഞ് അവിടുത്തെ സ്തുതിക്കാന്‍ ഇടവരട്ടെ! ഭാരതീയരായ എല്ലാ സഹോദരീസഹോദരന്മാര്‍ക്കും, നാടിനും തന്‍റെ അപ്പോസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.  

നവംബര്‍ 12-ാം തിയതി വ്യാഴാഴ്ച രാവിലെ മുംബൈ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ഉത്ഘാടനദിവ്യബലിയര്‍പ്പണത്തോടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് ആരംഭിച്ചു. ആരംഭദിനത്തിന്‍റെ ആദ്യഘട്ടത്തില്‍ത്തന്നെ പാപ്പായുടെ സന്ദേശം വേദിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. തുടര്‍ന്നുള്ള ദിനങ്ങള്‍ ദിവ്യകാരുണ്യപ്രബോധനങ്ങള്‍, ചര്‍ച്ചകള്‍, പഠനശിബിരങ്ങള്‍, ആരാധന, ബലിയര്‍പ്പണം, ഗാനശുശ്രൂഷ എന്നിവയാല്‍ സജീവമാകും. 15-ാം തിയതി ഞായറാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ  പ്രതിനിധിയും കൊളംബോ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലി‍യര്‍പ്പണത്തോടെ കോണ്‍ഗ്രസ് സമാപിക്കും.

ഭാരതത്തിലെ വിവിധ റീത്തുകളില്‍പ്പെട്ട 167 സഭാപ്രവിശ്യകളുടെയും തലവന്‍മാരും, 5000-ല്‍പ്പരം പ്രതിനിധികളും ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിലും അതുമായി ബന്ധപ്പെട്ട തിരുക്കര്‍മ്മങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുക്കുമെന്ന് മുമ്പൈ അതിരൂപതിയുടെ പ്രസ്താവന വെളിപ്പെടുത്തി.

 








All the contents on this site are copyrighted ©.