2015-11-11 16:51:00

ക്രിസ്തുവില്‍ കണ്ടെത്തുന്ന നവമാനവികത ദൈവത്തിന്‍റെ കരുണാര്‍ദ്രരൂപം


ക്രിസ്തുവില്‍ കണ്ടെത്തുന്ന നവമാനവികത ദൈവത്തിന്‍റെ കരുണാര്‍ദ്രമായ മുഖമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

നവംബര്‍ 10-ാം തിയതി തിങ്കളാഴ്ച ഫ്ലോറന്‍സിലേയ്ക്ക് നടത്തിയ ഏകദിന ഇടയസന്ദര്‍ശനത്തിന്‍റെ അന്ത്യത്തില്‍ വൈകുന്നേരം അവിടത്തെ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ (Luigi Rudolfi Sports Stadium) വിശ്വാസികള്‍ക്കൊപ്പം അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

വിശ്വാസജീവിതം ക്രിസ്തുവിനോടും അവിടുത്തെ സുവിശേഷത്തോടുമുള്ള ക്രിയാത്മകമായ പ്രതികരണമായിരിക്കണമെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു. ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രനാണ് ക്രിസ്തു എന്നത് ക്രൈസ്തവര്‍ ഏറ്റുപറയുന്ന അടിസ്ഥാന വിശ്വാസമാണ്. അതിനാല്‍ അവിടുത്തെ സൗമ്യതയും, ദൈവികതയും കാരുണ്യവും ജീവിതത്തില്‍ പ്രതിഫലിപ്പിക്കുമ്പോഴാണ് മനുഷ്യര്‍ വിശ്വാസത്തില്‍ ക്രിസ്തുവിനോട് അടുക്കുന്നതെന്നും സ്റ്റേഡിയം നിറഞ്ഞുനിന്ന വിശ്വാസസമൂഹത്തെ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. അന്നേദിവസം അനുസ്മരണം ആചരിച്ച വിശുദ്ധ ലിയോ 13-ാമന്‍ പാപ്പായെയാണ് പാപ്പാ മാതൃകയായി ചൂണ്ടിക്കാണിച്ചത്.

ക്രിസ്തുവിന്‍റെ ശിഷ്യരായിരിക്കെ നാം മനഃസാക്ഷിയില്‍ ആരായേണ്ടത്, സുവിശേഷത്തിന്‍റെ തനിമയും ദൗത്യവും ജീവിതത്തില്‍ അനുദിനം നിലനിര്‍ത്തുന്നുണ്ടോ എന്നാണെന്ന് പാപ്പാ ആഹ്വാനംചെയ്തു. ദൈവപുത്രനായ ക്രിസ്തുവിനോട് നാം ചേര്‍ന്നുനില്ക്കുന്നുണ്ടോ എന്നതും അനുദിനജീവിതത്തില്‍ ആത്മശോധനചെയ്യേണ്ട ഏറെ സങ്കീര്‍ണ്ണവും നിര്‍ണ്ണായകവുമായ വിശ്വാസത്തിന്‍റെ അനിവാര്യതയാണെന്നും പാപ്പാ പ്രസ്താവിച്ചു.

രക്ഷയുടെ ദിവ്യരഹസ്യത്തില്‍ ഒളിഞ്ഞിരിക്കുന്നത് ദൈവത്തിന്‍റെ കരുണാര്‍ദ്രരൂപവും ഭാവവും സ്നേഹവുമാണ്. മനുഷ്യന്‍റെ വീഴ്ചയിലും തെറ്റിദ്ധാരണയിലും അവനെയും അവളെയും കൈവെടിയാത്ത ദൈവത്തിന്‍റെ സ്നേഹസാന്നിദ്ധ്യവും സാമീപ്യവുമാണ് ക്രിസ്തുവില്‍ നാം ദര്‍ശിക്കുന്നത്. തന്‍റെ ബലഹീനതയിലും മനുഷ്യനെ ‍സ്വീകരിക്കുകയും, അംഗീകരിക്കുകയുംചെയ്യുന്ന ദൈവികകാരുണ്യമാണ് നമുക്ക് ക്രിസ്തുവില്‍ ലഭ്യമായതെന്നും വചനചിന്തയില്‍ പാപ്പാ സ്ഥാപിച്ചു.

അവിടുന്നു നമുക്കായി പകര്‍ന്നുതന്നിട്ടുള്ള വചനത്തിലൂടെയും കൂദാശകളിലൂടെയും ദൈവത്തിന്‍റെ കരുണാര്‍ദ്രസ്നേഹം ലോകത്തിന് ഇന്നും പകര്‍ന്നുനല്കുവാന്‍ ജ്ഞാനസ്നാനം സ്വീകരിച്ച സകലരും ബാദ്ധ്യസ്ഥരാണ്. പാപത്താലുണ്ടാകുന്ന മനുഷ്യന്‍റെ മരണത്തില്‍ നവജീവനും, മനുഷ്യമനസ്സിന്‍റെയും ഹൃദയത്തിന്‍റെയും അന്ധതയില്‍ പ്രകാശവുമായെത്തുന്ന ക്രിസ്തുവിന്‍റെ കൃപാസ്രോതസ്സാണ് വചനവും കൂദാശകളുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7 മണിയോടെ വത്തിക്കാനില്‍നിന്നും ഹെലികോപ്റ്ററില്‍ മദ്ധ്യഇറ്റലിയിലെ ചെറുനഗരമായ പ്രാത്തോയിലെത്തിയ പാപ്പാ ആദ്യം തൊഴിലാളി ലോകത്തെ അഭിസംബോധനചെയ്ത് സന്ദേശം നല്കി. അവിടെനിന്നുമാണ് ഫ്ളോറന്‍സില്‍ സംഗമിച്ചിരുന്ന ഇറ്റലിയുടെ കത്തോലിക്കാ സംഗമത്തെ അഭിസംബോധനചെയ്യുവാന്‍ പാപ്പാ എത്തിച്ചേര്‍ന്നത്.








All the contents on this site are copyrighted ©.