2015-11-11 19:00:00

കാരുണ്യാതിരേകം വളര്‍ത്താന്‍ തീര്‍ത്ഥാടനങ്ങള്‍ക്കു കഴിയും


തീര്‍ത്ഥാടനങ്ങള്‍ പങ്കുവയ്ക്കുലിന്‍റെയും കാരുണ്യത്തിന്‍റെ അനുഭൂതി വളര്‍ത്തുമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ആദ്യനൂറ്റാണ്ടിലെ സഭാപിതാക്കന്മാരുടെ Ad Limina തീര്‍ത്ഥാടനങ്ങളെക്കുറിച്ച് പഠിച്ച പൊന്തിഫിക്കല്‍ അക്കാ‍ഡമികളുടെ സംയുക്ത സമ്മേളനത്തിന് നവംബര്‍ 10-ാം തിയതി ചൊവ്വാഴ്ച നല്കിയ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

സഭ ആരംഭിക്കുന്ന കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തില്‍ ഏറെ പ്രസക്തമായ വിഷയമാണ് തീര്‍ത്ഥാടനമെന്നും, സമൂഹത്തില്‍ ഐക്യദാര്‍ഢ്യവും, സഹകരണവും പരസ്പരസ്നേഹവും കാരുണ്യവും വളര്‍ത്താന്‍ അത് സഹായകമാകുമെന്ന് സഭയുടെ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളോട് പാപ്പാ ആഹ്വാനംചെയ്തു. സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജ്യാന്‍ഫ്രാങ്കോ റവാത്സിവഴിയാണ് പാപ്പാ പൊന്തിഫിക്കല്‍ അക്കാഡമികളിലെ വിദ്യാര്‍ത്ഥികളുടെ സംയുക്ത സമ്മേളനത്തിന് സന്ദേശമയച്ചത്.

മനുഷ്യാസ്തിത്വത്തിന്‍റെ മാത്രം അന്യൂനവും പ്രതീകാത്മകവുമായ ഘടകമാണ് തീര്‍ത്ഥാടനമെന്നും, മനുഷ്യജീവിതം ഈ ഭൂമിയില്‍ ഒരു തീര്‍ത്ഥാടനമാണെന്നും അനുസ്മരിപ്പിക്കുന്ന പാപ്പായുടെ സന്ദേശം, വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ സമ്മേളിച്ച സംഗമത്തില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ വായിച്ചു.

പൊന്തിഫിക്കല്‍ അക്കാ‍ഡമികളുടെ സംയുക്ത പഠനം വിദ്യാര്‍ത്ഥികള്‍ക്ക് സാംസ്ക്കാരികവും ആത്മീയവുമായ ഉന്മേഷവും ഉണര്‍വ്വും നല്കട്ടെയെന്നും, അത് അവരുടെ വ്യക്തിജീവിതങ്ങളെ പ്രചോദിപ്പിക്കട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.