2015-11-07 14:07:00

ഗ്രനാഡയുടെ ഗവര്‍ണ്ണര്‍ ജനറല്‍ വത്തിക്കാനില്‍


 

     കരീബിയന്‍ സമുദ്രത്തിലെ സപ്തദ്വീപ്സമൂഹ രാഷ്ടമായ ഗ്രനാഡയുടെ (GRANADA) ഗവര്‍ണ്ണര്‍ ജനറല്‍ ശ്രീമതി സെസീല്‍ എലേന്‍ ഫ്ലുറെ ല ഗ്രനാഡയെ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു.

     വെള്ളിയാഴ്ച (06/11/15) ആയിരുന്നു ഈ സൗഹൃദ കൂടിക്കാഴ്ച.

     പരിശുദ്ധസിംഹാസനവും ഗ്രനാഡയും തമ്മിലുള്ള നല്ല ഉഭയകക്ഷിബന്ധങ്ങള്‍, പ്രാദേശിക കത്തോലിക്കാസഭ ഗ്രനാഡയുടെ വികസനത്തിന് വിശിഷ്യ, യുവജന വിദ്യഭ്യാസത്തിനും, സാമൂഹ്യ പ്രതിസന്ധികളെ നേരിടുന്നതിനുമേകുന്ന സുപ്രധാന സംഭാവന, കരീബിയന്‍ പ്രദേശത്തെ സാമ്പത്തിക പരിസ്ഥിതി പ്രശ്നങ്ങള്‍ എന്നിവ തദ്ദവസരത്തില്‍ പരാമര്‍ശവിഷയങ്ങളായതായി ഈ കൂടിക്കാഴ്ചയെ അധികരിച്ചു പുറപ്പെ‌ടുവിച്ച ഒരു വാര്‍ത്താക്കുറിപ്പില്‍ പരിശുദ്ധസിംഹാസനം വെളിപ്പെടുത്തി.

     പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം ശ്രീമതി സെസീല്‍ എലേന്‍ ഫ്ലുറെ ല ഗ്രനാഡ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനും വത്തിക്കാന്‍റെ വിദേശകാര്യവിഭാഗത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ ഗാല്ലഗെറുമായും സംഭാഷണത്തിലേര്‍പ്പെട്ടു.








All the contents on this site are copyrighted ©.