2015-11-05 17:48:00

സകലരെയും ആശ്ലേഷിക്കുന്ന ക്രിസ്തുവിന്‍റേതും ക്രിസ്തീയവുമായ സാകല്യസംസ്കൃതി


വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ നവംബര്‍ 5-ാം തിയതി വ്യാഴാഴ്ച രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യെ സകലരെയും സാഹോദര്യത്തില്‍ ഉള്‍ക്കൊള്ളേണ്ടൊരു സംസ്കൃതിയെക്കുറിച്ച് വചനത്തെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു.

എതിര്‍പ്പുകള്‍ ഉണ്ടായാലും ക്രൈസ്തവന്‍ തന്‍റെ ഹൃദയകവാടം ആര്‍ക്കെതിരായും കൊട്ടിയടയ്ക്കുന്നില്ല. മറ്റുള്ളവരെ അവഗണിക്കുന്നവന്‍റെ വിശ്വാസം ക്ഷയിക്കുമെന്നും, അത് ഭിന്നതയ്ക്കും വെറുപ്പിനും വഴിതെളിക്കും. അവസാനം നാമെല്ലാവരും ദൈവത്തിന്‍റെ ന്യായാസനത്തിനു മുമ്പാകെ നമ്മുടെ സഹോദരങ്ങളെ ഒഴിവാക്കിയതും മാറ്റിനിറുത്തിയതിനും കണക്കു നില്ക്കേണ്ടതായും വരുമെന്ന് വചനസമീക്ഷയില്‍ പാപ്പാ താക്കീതു നല്കി (റോമാ. 14, 7-12).

സഹോദരനെ നിന്ദിക്കുകയോ അയാള്‍ക്ക് ഇടര്‍ച്ച വരുത്തുകയോ ചെയ്യരുത്. നിങ്ങളുടെ നന്മ തിന്മയായി നിന്ദിക്കപ്പെടാതിരിക്കട്ടെയെന്ന് പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍ പാപ്പാ ആഹ്വാനംചെയ്തു. തന്‍റെ മരണത്താല്‍ നമ്മെയും സകലരെയും ക്രിസ്തു ഐക്യപ്പെടുത്തുകയും, അവിടുത്തെ രക്ഷയുടെ വാഗ്ദാനങ്ങളില്‍ എല്ലാവരെയും ഉള്‍പ്പെടുത്തുകയും ചെയ്തു.  സുവിശേഷത്തില്‍ പാപികളെ സ്വീകരിച്ചും, അവരോടൊത്തു ഭക്ഷണം കഴിച്ചും സകലരെയും ആശ്ലേഷിക്കുന്ന ക്രിസ്തുവിന്‍റെ ശൈലിയെയും മനോഭാവത്തെ ഫരിസേയര്‍ എതിര്‍ത്തത് പാപ്പാ ചൂണ്ടിക്കാട്ടി.

ഉള്‍ക്കൊള്ളുന്നതും, തിരസ്ക്കരിക്കുന്നതും രണ്ട് വ്യത്യസ്ത സമീപനമാണ്. തിരസ്ക്കരണം ഭിന്നിപ്പും, കലഹവും യുദ്ധവും വളര്‍ത്തുന്നു. അത് സമൂഹത്തില്‍ നാശം വിതയ്ക്കുന്നു. പാപ്പാ പ്രസ്താവിച്ചു. എന്നാല്‍ ക്രിസ്തുമാര്‍ഗ്ഗം സകലരെയും ഉള്‍ക്കൊള്ളുന്നതാണെന്നും, അതിന് എന്നും എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.  പാപിയെ ഉള്‍ച്ചേര്‍ക്കുന്നത് ദൈവികമാണ്. നഷ്ടമായത് കഷ്ടപ്പെട്ടു കണ്ടെത്തുമ്പോഴുള്ള സന്തോഷം പോലെയാണതെന്നും പാപ്പാ പ്രസ്താവിച്ചു. ദൈവത്തിലുള്ള ആശ്ലേഷവും ഉള്‍ച്ചേര്‍ക്കലുമാണതെന്നും, ഈ കണ്ടെത്തലില്‍ അതിയായ സന്തോഷമുണ്ടാകുമെന്നും സുവിശേഷത്തിലെ നല്ലിടയന്‍റെ ഉപമയുടെ പശ്ചാത്തലത്തില്‍ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.