2015-11-05 19:26:00

വാറ്റിലീക്ക് പ്രതികള്‍ പ്രോസിക്യൂഷന്‍റെ വിചാരണയില്‍


വത്തിക്കാനില്‍നിന്നും ചേര്‍ത്തിയെടുത്ത രേഖകളുമായി പുസ്തകം പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധമെന്ന്, പരിശുദ്ധ സിംഹാനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. ‘വാറ്റി ലീക്കി’നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിക്കൊണ്ട് നവംബര്‍ 4-ാം തിയതി ബുധനാഴ്ച പുറത്തുവിട്ട വത്തിക്കാന്‍ പ്രസ്സ് ഓഫിസിന്‍റെ പ്രസ്താവനയിലാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ പ്രസ്താവിച്ചത്. 

അറസ്റ്റിലായ രണ്ടു പ്രതികളും ഈ ദിവസങ്ങളില്‍ വിചാരണചെയ്യുപ്പെടുകയാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

നവീകരണ ലക്ഷ്യവുമായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ച താല്കാലിക സാമ്പത്തിക പുനാവിഷ്ക്കരണ കമ്മിഷന്‍ ശേഖരിച്ച രഹസ്യാത്മക രേഖകള്‍ അനധികൃതമായി ചോര്‍ത്തിയെടുത്ത്, അതുപയോഗിച്ച് വത്തിക്കാനെന്ന പൊതുസ്ഥാപനത്തിന്‍റെയും പരിശുദ്ധ സിംഹാസനത്തിന്‍റെയും സല്‍പ്പേരിന് ഹാനിവരുത്താനുള്ള ശ്രമം അന്യായവും നിയമവിരുദ്ധവുമാണെന്ന് ഫാദര്‍ ലൊമ്പാ‍ര്‍ഡി പ്രസ്താവനയില്‍ വ്യക്തമാക്കി.

വത്തിക്കാന്‍റെ സാമ്പത്തിക സമ്പ്രദായത്തില്‍ പാപ്പാ ഫ്രാന്‍സിസ് നടപ്പില്‍ വരുത്തുവാന്‍ ശ്രമിക്കുന്ന നവീകരണപദ്ധതികള്‍ തുടരുകയാണെന്നും, അതിനാല്‍ ഫ്രാന്‍ചേസ്ക്കാ ചൊക്വി എന്ന സ്ത്രീയും, ലൂചിയോ ബാല്‍ഡി എന്ന വൈദികനും ചേര്‍ന്ന് ചോര്‍ത്തിയതായ രേഖകള്‍ ഇന്ന് അപ്രസക്തമായിട്ടുണ്ടാകാമെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

2013-ല്‍ പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ച താല്കാലിക കമ്മിഷന്‍ അതിന്‍റെ ലക്ഷൃപ്രാപ്തിയെത്തിയതും മേല്‍ പ്രവൃത്തിവര്‍ഷംതന്നെ പിരിച്ചുവിട്ടിട്ടുള്ളതാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനിയില്‍ അറിയിച്ചു. ഔദ്യോഗിക രേഖകള്‍ ചോര്‍ന്നതായി സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 31, നവംബര്‍ 1 എന്നിങ്ങനെ രണ്ടു ദിവസങ്ങളിലായി രണ്ടു കുറ്റവാളികളെയും വത്തിക്കാന്‍റെ പൊലീസ് അറസ്റ്റ്ചെയ്തതായി നവംബര്‍ 3-ാം തിയതി ചൊവ്വാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു. കുറ്റസമ്മതം നടത്തുകയും അന്വേഷണത്തോട് സഹകരിക്കുകയും ചെയ്ത സ്ത്രീ, ഫ്രാന്‍ചേസ്ക്കായെ പൊലീസ് വിമുക്തയാക്കിയതായും, എന്നാല്‍ മോണ്‍സീഞ്ഞോര്‍ ലൂചിയോ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇനിയും വത്തിക്കാനിലെ ജയിലിലാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

വത്തിക്കാന്‍റെ സ്വകാര്യരേഖകള്‍ ചോര്‍ത്തുന്നതും, അത് അനുമതിയില്ലാതെ പുറത്തുവിടുന്നതും കൈമാറുന്നതും ശിക്ഷിക്കപ്പെടാവുന്ന കുറ്റകൃത്യമാണ്.  വത്തിക്കാന്‍റെ ശിക്ഷാനിയമം IX-ാം അദ്ധ്യായത്തിലെ 10-ാം വകുപ്പ് 116-ം ഖണ്ഡിക അനുശാസിക്കുന്നതായി ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

 

 








All the contents on this site are copyrighted ©.