2015-11-04 20:06:00

വീണ്ടും വാറ്റിലീക്ക് – രഹസ്യരേഖകള്‍ ചേര്‍ത്തിയതിന് വൈദികനും സ്ത്രീയും അറസ്റ്റില്‍


വീണ്ടുമൊരു വാറ്റിലീക്ക്, സ്വകാര്യരേഖകള്‍ ചോര്‍ത്തിയതിന് വത്തിക്കാനില്‍ ജോലിചെയ്യുന്ന വൈദികനെയും സ്ത്രീയെയും അറസ്റ്റ്ചെയ്തു. പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

വത്തിക്കാന്‍റെ സാമ്പത്തിക കാര്യങ്ങളുടെ പുനരാവിഷ്ക്കരണത്തിനു രൂപീകരിച്ച കമ്മിഷനില്‍ (Commission for the Organization of the Economic’Administrative Strucutre of the Holy See - COSEA) പ്രവര്‍ത്തിച്ചിരുന്ന ഫ്രാന്‍ചേസ്ക്കാ ചൊക്വി, മോണ്‍സീഞ്ഞോര്‍ ലൂചിയോ എയ്ഞ്ചല്‍ വലേജോ ബാല്‍ഡി എന്നിവരെയാണ് പരിശുദ്ധ സിംഹാസനത്തിന്‍റെ ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിയതിന് വത്തിക്കാന്‍റെ പൊലീസ് ബന്ധികളാക്കിയത്.

ഒദ്യോഗിക രേഖകള്‍ ചോര്‍ന്നതായി സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 31, നവംബര്‍ 1 എന്നിങ്ങനെ രണ്ടു ദിവസങ്ങളിലായി രണ്ടു കുറ്റവാളികളെയും വത്തിക്കാന്‍ പൊലീസ് അറസ്റ്റ്ചെയ്തതായി നവംബര്‍ 3-ാം തിയതി ചൊവ്വാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

കുറ്റസമ്മതം നടത്തുകയും അന്വേഷണത്തോട് സഹകരിക്കുകയും ചെയ്ത സ്ത്രീ, ഫ്രാന്‍ചേസ്ക്കായെ പൊലീസ് വിമുക്തയാക്കിയതായും, എന്നാല്‍ മോണ്‍സീഞ്ഞോര്‍ ലൂചിയോ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇനിയും വത്തിക്കാനിലെ ജയിലിലാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

വത്തിക്കാന്‍റെ സ്വകാര്യരേഖകള്‍ ചോര്‍ത്തുന്നതും, അത് അനുമതിയില്ലാതെ പുറത്തുവിടുന്നതും കൈമാറുന്നതും ശിക്ഷിക്കപ്പെടാവുന്ന കുറ്റകൃത്യമാണെന്ന്, വത്തിക്കാന്‍റെ ശിക്ഷാനിയമം IX-ാം അദ്ധ്യായത്തിലെ 10-ാം വകുപ്പ് 116-ം ഖണ്ഡിക അനുശാസിക്കുന്നതായി ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

ഇനിയും വെളിപ്പെടുത്തപ്പെടാത്ത പ്രസാധകര്‍ പുറത്തിറക്കാനിരിക്കുന്ന വത്തിക്കാനെ സംബന്ധിക്കുന്ന രണ്ടു ഗ്രന്ഥങ്ങള്‍ക്കുവേണ്ടിയാണ് വത്തിക്കാന്‍റെ സ്വാകാര്യരേഖകള്‍ ചേര്‍ത്തപ്പെട്ടതെന്നും, അതുമായി ബന്ധപ്പെട്ടു പൊലീസ് നടത്തിയ തിരച്ചിലിലാണ് വത്തിക്കാന്‍റെ മുന്‍സാമ്പത്തിക കമ്മിഷനില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഫ്രാ‍ന്‍ചേസ്ക്കാ, മോണ്‍സീഞ്ഞോര്‍ ലൂചിയോ ബാള്‍ഡാ എന്നിവരെ വത്തിക്കാന്‍ പൊലീസ് അറസ്റ്റ്ചെയ്തതെന്നും ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

വത്തിക്കാന്‍റെ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കാണിക്കുന്ന അവിശ്വസ്തതയും ക്രമക്കേടുകളും പാപ്പായോടും പരിശുദ്ധസിംഹാസനത്തോടും കാണിക്കുന്ന വിശ്വാസവഞ്ചനയാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

വത്തിക്കാനുവേണ്ടി പ്രോസെക്യൂഷന്‍ വിഭാഗം, ജസ്റ്റിസ് ജ്യാന്‍ പിയെര്‍ മിലാനോ, ജസ്റ്റിസ് റൊബേര്‍ത്തോ സിനോത്തി എന്നിവര്‍ പ്രതികളെ വിചാരണചെയ്യുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.








All the contents on this site are copyrighted ©.