വിശുദ്ധ മത്തായി 5, 1-12.
ക്രിസ്തു സന്ദേശത്തിന്‍റെ ഹൃദയം എന്നു പറയുന്നത് പലപ്പോഴും മലയിലെ പ്രസംഗമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ മലയിലെ പ്രസംഗത്തിന്‍റെ മര്‍മ്മമോ, അഷ്ടഭാഗ്യങ്ങളും! എന്നാല്‍ അഷ്ടഭാഗ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതോ, അതില്‍ ഏറ്റവും ആദ്യത്തേതും. ആത്മനാ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാണ് (മത്തായി 5, 1). ഇത് ക്രിസ്തുവിന്‍റേയും ക്രിസ്തു സന്ദേശത്തിന്‍റേയും മര്‍മ്മ പ്രധാനമായ സന്ദേശമാണ്. ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍. എന്നാല്‍ ശരിയായി പറയുകയാണെങ്കില്‍ ഇന്ന് സഭയിലും ലോകത്തിലും മനസ്സാക്ഷിയിലും ശബ്ദവുമായി നില്ക്കുന്ന... പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായ ദാരിദ്ര്യത്തിലേയ്ക്ക്, ക്രിസ്തുവിന്‍റെ ദാരിദ്ര്യത്തിലയേക്ക് സഭയെയും ലോകത്തെയും തിരികെ കൊണ്ടുപോകാനാണ്.
ഇത് പാപ്പാ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതു കേട്ട്, ഒരിക്കല്‍ പത്രപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദിച്ചു. അങ്ങു സംസാരിക്കുമ്പോഴൊക്കെ ദാരിദ്ര്യം, ദാരിദ്ര്യം, ദാരിദ്ര്യം എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുണ്ടല്ലോ. എന്നാല്‍ ഇത് അല്പം കൂടിപ്പോകുന്നില്ലേ? ഈ ചോദ്യത്തിന് അദ്ദേഹം മറുപടിയായി പറഞ്ഞു. ശരിയാണ് ചിലപ്പോള്‍ ഇതല്പം കൂടിപ്പോകുന്നുണ്ട്. എന്നാല്‍ എനിക്കു പറയാനുള്ളത്, സഭ എന്നും പറയേണ്ടത്, സഭ ക്രിസ്തുവിന്‍റെ മണവാട്ടിയാണ് എന്ന ആശയമാണ്. എന്‍റെ ചോദ്യം, ക്രിസ്തു അപ്പോള്‍ എവിടെയാണ് ജന്ച്ചത് എന്നാണ്. ക്രിസ്തു ജനിച്ചത് ഒരു കന്നുകാലിക്കൂട്ടിലാണ്. അത് ഒരു ശൈലിക്കുവേണ്ടിയോ സ്റ്റൈലിനുവേണ്ടിയോ ജനിച്ചതല്ല, മറിച്ച് നിവൃത്തിയില്ലാഞ്ഞിട്ടാണ്. നിവൃത്തിയില്ലാതെ അവിടുന്ന് ഒരു കന്നുകാലിക്കൂട്ടില്‍ ജനിച്ചു, മരിച്ചതോ? ഒരു മരക്കുരിശിലും! എന്നാല്‍ ഇതിനിടയ്ക്കുള്ള മര്‍ത്ത്യ ജീവിതമോ? അതിനെക്കുറിച്ച് ക്രിസ്തുതന്നെ പറയുന്നത് മനുഷ്യപുത്രന് തലചായ്ക്കാന്‍ ഇടമില്ല, എന്നാണ്. അങ്ങനെ ജനനത്തിലും, മരണത്തിലും, ഇടയ്ക്കുമുള്ള ജീവിതത്തിലും ദരിദ്രനായവനായിരുന്നു ക്രിസ്തു! എന്നാല്‍ അങ്ങനെ ദരിദ്രനായിരുന്ന ക്രിസ്തുവിന്‍റെ മണവാട്ടിക്ക് മണവാളനെക്കാള്‍ ഏറെ സമ്പന്നയാകാന്‍ പറ്റും എന്നതിലും സംശയമില്ല. ഇതാണ് പാപ്പാ ചോദിച്ചതിന്‍റെ അര്‍ത്ഥം. സഭ ദരിദ്രരുടെ കൂടെ നില്ക്കണം, ദരിദ്രരുടെ പക്ഷത്തു നില്ക്കണം, എന്നതായിരുന്നു. ഇക്കാലമൊക്കെയും ഏറ്റവും വിപ്ലവാത്മകമായ വീക്ഷണം അല്ലെങ്കില്‍ ദൈവശാസ്ത്രം പറഞ്ഞുകൊണ്ടിരുന്നത് ഇതുതന്നെയാണ്. എന്നാല്‍ ഒരുപടികൂടി മുന്നിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് സഭയെ കൊണ്ടുപോകാന്‍ പരിശ്രമിക്കുകയാണ്. സഭ ദരിദ്രരുടെ പക്ഷത്തു നില്കണമെന്നല്ല, സഭ ദരിദ്രയാവണമെന്ന്. The church must be poor, and the church must be for the poor!
ക്രിസ്തു സന്ദേശത്തിന്‍റെ മര്‍മ്മം ഇതാണ്. എന്നാല്‍ നാമൊന്ന് എത്തിനോക്കുമ്പോള്‍ സഭയിന്ന് ഈ ക്രിസ്തു ദര്‍ശനത്തില്‍നിന്ന് എത്രകാതം അകന്നുപോയിരിക്കുന്നു? പോരാ, സഭയിന്ന് സമ്പന്നരുടെ കൂട്ടായ്മയായി മാറിയിരിക്കുന്നു.
മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ക്രിസ്തു ശിഷ്യത്വത്തിന്‍റെയും സഭയുടെയും പാതാക വാഹകരാണ് സന്ന്യാസികള്‍. അവരാണ് പരസ്യമായിട്ട് ദാരിദ്ര്യം വ്രതമായിട്ട് സ്വീകരിക്കുന്നത്. കേരളത്തിലെ സന്ന്യാസികള്‍ ദാരിദ്ര്യം പരസ്യമായി ഏറ്റുപറയുന്നു സ്വീകരിക്കുന്നൂ, ജീവിതത്തിന്‍റെ വ്രതമാക്കാമെന്നു പറയുന്നുണ്ടെങ്കിലും ഇക്കൂട്ടര്‍ ദരിദ്രരാണോ? വ്യക്തിപരമായി ഇവര്‍ വ്രതമെടുക്കുകയും, എന്നാല്‍ സമൂഹപരമായിട്ട് സമ്പത്ത് കുന്നുകൂട്ടുകയും ചെയ്യുന്നവരല്ലേ, കേരളത്തിലെ സന്ന്യസ്തര്‍!? എന്നാല്‍ ക്രിസ്തു സന്ദേശത്തിന്‍റെ മര്‍മ്മം, ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍! ഈ സന്ദേശത്തിന്‍റെ മര്‍മ്മം നമുക്ക് എവിടെയോ കൈമോശം വന്നിരിക്കുന്നു. കുറെക്കൂടെ വ്യക്തമായി പറഞ്ഞാല്‍ ഇന്നത്തെ സുവിശേഷഭാഗത്തിന് പശ്ചാത്തലമായി നില്ക്കുന്നത് പഴയനിയമത്തിലെ Anawim Yahweh എന്ന സംജ്ഞയാണ്. Anawin Adonai ദൈവത്തിന്‍റെ പാവങ്ങള്‍, ദൈവത്തിന്‍റെ നിസ്വര്‍! ഈ സങ്കല്പം പഴയനിയമത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നതാണ്. അതായത്, തമ്പുരാനല്ലാതെ, മറ്റാരും ആശ്രയമായിട്ടില്ലാത്തവരാണ് ദൈവത്തിന്‍റെ പാവപ്പെട്ടവര്‍. ദൈവം ആശ്രയമായിട്ടുള്ളവര്‍, ദൈവം അവരുടെ നിലവിളി കേള്‍ക്കുന്നു. ദൈവം അവരെ തൃപ്തമരാക്കുന്നു. അവര്‍ ദൈവത്തില്‍ ആനന്ദിക്കുന്നു. പിന്നെ അവര്‍ ദൈവത്തില്‍ സമ്പത്തു കണ്ടെത്തുന്നുവെന്നും സങ്കീര്‍ത്തകന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രസ്താവിക്കുന്നു. കുറെക്കൂടി തെളിച്ചു പറയുകയാണെങ്കില്‍ ദൈവത്തിന്‍റെ നിസ്വരുടെ, പാവങ്ങളുടെ ആള്‍രൂപമാണ് ക്രിസ്തു!
ദൈവത്തിന്‍റെ നിസ്വന്‍ എന്ന സംജ്ഞയ്ക്ക് ആള്‍രൂപം സ്വീകരിച്ചതാണ് ക്രിസ്തുവെന്നു നമുക്കു പറയാം, നസ്രായനായ യേശു! തമ്പുരാനില്‍ ആശ്രയിക്കുകയെന്നതാണ് ദൈവത്തിന്‍റെ നിശ്വരുടെ മര്‍മ്മം. അതിനാല്‍ ക്രിസ്തു തന്നെ പറയുന്നുണ്ട്, ദൈവത്തെയും മാമോനേയും ഒരേ സമയം ശുശ്രൂഷിക്കാന്‍ പാടില്ല. ഒന്നുകില്‍ ദൈവത്തില്‍ ആശ്രയിക്കുന്നു, അല്ലെങ്കില്‍ അവന്‍റെ സമ്പത്തില്‍ ആശ്രയംവയ്ക്കുന്നു. അങ്ങനെ ദൈവത്തില്‍ പരിപൂര്‍ണ്ണമായി ആശ്രയം വയ്ക്കുന്നവനാണ് ഹൃദയദാരിദ്ര്യം ഉള്ളവന്‍, എന്ന് ഇന്നത്തെ സുവിശേഷത്തില്‍ പരാമര്‍ശിക്കുന്നത്. ആത്മാവില്‍ ദരിദ്രന്‍! അതുകൊണ്ടുതന്നെയാണ് ഈശോ പറഞ്ഞത്. ആകാശത്തിലെ പറവകളെ നോക്കുവിന്‍.... അവയെ നിങ്ങളുടെ പിതാവ് തീറ്റിപ്പോറ്റുന്നില്ലേ....? വയലിലെ ലില്ലികളെ നോക്കുവിന്‍, അവയെ സ്വര്‍ഗ്ഗീയ പിതാവ് അലങ്കരിക്കുന്നില്ലേ. അങ്ങനെയെങ്കില്‍ എത്രയധികമായിട്ട് അവിടുന്ന് നിങ്ങളെ തീറ്റിപ്പോറ്റുകയും അലങ്കരിക്കുകയും ചെയ്യും. ദൈവം എന്‍റെ പിതാവാണ്, ആ പിതാവിലുള്ള ആശ്രയം... അവിടുന്ന് എന്‍റെ എല്ലാം നോക്കിക്കൊള്ളും എന്നൊരു ആന്തരിക ഭാവമാണ് ഹൃദയദാരിദ്ര്യം! ആത്മാവില്‍ ദാരിദ്ര്യം എന്നു പറയുന്നത്. ഇതായിരിക്കണം ഉള്ളവന്‍റെയും ഭാവം.
മറ്റൊരു സുവിശേഷ ഭാഗത്ത് ക്രിസ്തു ജരൂസലേം ദേവാലയത്തില്‍വച്ച് ഒരു വിധവയെ ചൂണ്ടിക്കാട്ടുന്നുണ്ട്, മര്‍ക്കോസിന്‍റെ സുവിശേഷം 12-ാം അദ്ധ്യായം. തന്‍റെ ഉപജീവനത്തിനുള്ളതുപോലും ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നവള്‍! ഇതാ, ഹൃദയദാരിദ്ര്യമുള്ളവള്‍!! തന്‍റെ ആശ്രയം മുഴുവന്‍ ദൈവത്തില്‍വച്ചിട്ടാണ് അവള്‍ക്ക് അങ്ങനെ ചെയ്യുവാന്‍ സാധിച്ചത്, തന്‍റെ ഉപവജീവനത്തിനുള്ളതില്‍നിന്നും പങ്കുവയ്ക്കാന്‍ സാധിച്ചത്.
ഒരിക്കല്‍ പാപ്പാ വത്തിക്കാനില്‍ ഒരുമിച്ചുകൂടിയവരോട് ചോദിച്ചു. നിങ്ങള്‍ ധര്‍മ്മംകൊടുക്കാറുണ്ടോ. ഉവ്വ്, ധര്‍മ്മം കൊടുക്കാറുണ്ട്. എന്നാല്‍ നിങ്ങള്‍ ധര്‍മ്മകൊടുക്കുമ്പോല്‍ ധര്‍മ്മക്കാരുടെ കണ്ണില്‍ നോക്കാറുണ്ടോ? നിശ്ശബ്ദത! കാരണം ധര്‍മ്മംകൊടുക്കുമ്പോള്‍ ആരാണ് ധര്‍മ്മക്കാരിന്‍റെ കണ്ണില്‍ നോക്കുന്നത്. അടുത്തചോദ്യം ധര്‍മ്മംകൊടുക്കുമ്പോള്‍ നിങ്ങള്‍ ധര്‍മ്മക്കാരന്‍റെ കരങ്ങള്‍ സ്പര്‍ശിക്കാരുണ്ടോ? പിന്നെയും നിശ്ശബ്ദത!! അപ്പോള്‍ ക്രിസ്തുവിന്‍റെ വചനം ... നിങ്ങള്‍ തൊടുവാന്‍ മറന്നുപോയ ധര്‍മ്മക്കാരിന്‍റെ കലുഷിതമായ കരങ്ങള്‍, ക്രിസ്തുവിന്‍റെ മുറിപ്പെട്ട, ആണിപ്പാടുള്ള കരങ്ങള്‍ തന്നെയാണ്.
നമ്മള്‍ ക്രിസ്തുവിന്‍റെ ശരീരം the Body of Christ എന്നു പറയുന്നത്. മറ്റൊരു വിധത്തില്‍ പരിശുദ്ധ കുര്‍ബ്ബാനതന്നെയാണ്. അങ്ങനെ ദാരിദ്ര്യമുളളിടത്ത് ക്രിസ്തുവിന്‍റെ ശരീരമാണ്, അത് ക്രിസ്തുവാണ്. മത്തായി 25-ല്‍ ക്രിസ്തുതന്നെ പറഞ്ഞതല്ലേ! ക്രിസ്തു തന്നെ പറയുന്നു, ദാഹിക്കുന്നവന്‍, വിശക്കുന്നവന്‍, പരദേശിയായന്‍, കാരാഗൃഹത്തില്‍ കിടക്കുന്നവന്‍ ഞാനാണ്. അക്ഷരാര്‍ത്ഥത്തില്‍ ക്രിസ്തുവിന്‍റെ ശരീരം അണിയുന്നവന്‍ മറ്റൊരു ക്രിസ്തുവാണ്. ക്രിസ്തുതന്നെയാണ്! അതുകൊണ്ട്തന്നെയാണ്, എളിയവരെ ക്രിസ്തുവിന്‍റെ ശരീരമായിക്കണ്ട്. അവരെ ക്രിസ്തുവായിത്തന്നെ കണ്ടുകൊണ്ട് അവര്‍ക്ക്, അവര്‍ക്കുവേണ്ടി നമുക്കുള്ളത് പങ്കുവയ്ക്കണമെന്നു പറയുന്നത്. നമ്മുടെ സമ്പത്ത് നമ്മുടെ ആത്മീയദാനങ്ങള്‍ അങ്ങനെ ഉള്ളവയെല്ലാം ക്രിസ്തുവിനെപ്രതി എളിയവര്‍ക്കായി പങ്കുവയ്ക്കാം, പങ്കുവച്ചുനല്കാം. ഹൃദയ ദാരിദ്ര്യമുള്ളവനേ ഈ പങ്കുവയ്ക്കല്‍ സാധിക്കുകയുള്ളൂ. ഉപജീവിതത്തിന് ഉള്ളതുപോലും കൊടുക്കുവാന്‍ പറ്റുന്നവനാണ് ഹൃദയദാരിദ്ര്യം അനുഭവിക്കാന്‍ സാധിക്കുന്നത്. അങ്ങനെ ക്രിസ്തുവിന്‍റെ ആത്മീയതയില്‍, ആത്മീയതയുടെ സമ്പന്നതയില്‍ പങ്കുചേരുന്നതാണ് ഹൃദയത്തില്‍ ദാരിദ്രനായയവന്‍ എന്നു പറയുന്നത്.
ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ ശ്ലീഹാ പറയുന്നില്ലേ, ദൈവത്തോളം സമനായിരുന്നിട്ടും അവിടുന്ന് എല്ലാം വേണ്ടെന്നു വയ്ക്കുന്നു. സ്വയം ശൂന്യവത്ക്കരിക്കുന്നു. അങ്ങനെ സ്വയം ശൂന്യവത്ക്കരിക്കുന്ന ഹൃദയത്തിന്‍റെ സമ്പന്നതയിലാണ് ഹൃദയദാരിദ്ര്യമുള്ളവര്‍ പങ്കുചേരുന്നത്. കൊടുക്കാനുള്ള, പങ്കുവയ്ക്കുവാനുള്ള മനോഭാവവും.. അറിയാം അത് കൊടുക്കുവാനുള്ള ഹൃദയവിശാലതയാണ്. ജീവിതം മുഴുവന്‍ കൊടുക്കുവാനുള്ള ഹൃദയവിശാലതയും ഹൃദയഭാവവും വലിയ സമ്പത്താണ്. അത് ക്രിസ്തുവിന്‍റെ വലിയ സമ്പത്താണ്, അത് ക്രിസ്തുവിന്‍റെ തന്നെ ഹൃദയ ഭാവമാണ്, ഹൃദയരൂപമാണ്. അതില്‍ പങ്കുപറ്റുന്നതിനുള്ള ക്ഷണമാണ് സകലവിശുദ്ധരുടെയും ദിനത്തില്‍ ഈശോ നമ്മുടെ മുന്നില്‍ വയ്ക്കുന്നത്. അവരാണ് ആത്മാവില്‍ ദരിദ്രര്‍, ഹൃദയത്തില്‍ ദരിദ്രര്‍!! അവര്‍ ഭാഗ്യവാന്മരാണ്, അവര്‍ ഹൃദയവിശദ്ധിയുള്ളവരാണ്. ദൈവത്തിന്‍റെ മകനാകാനുള്ള ഭാഗ്യമുള്ളവനാണവന്‍, ഭാഗ്യമുള്ളവനാണവള്‍! അത് ക്രിസ്തുവിന്‍റെ ഹൃദയം സ്വാംശീകരിക്കുന്ന ഭാവമാണ്, ഭാഗ്യമാണ്. ഇത് ക്രിസ്തുവിലുള്ള നല്കലാണ്, ക്രിസ്തുവില്‍ നല്കാനുള്ള ഹൃദയഭാവമാണ് – അവര്‍ ക്രിസ്തുവിന്‍റെ ഹൃദയദാരിദ്ര്യമുള്ളവനും, ഹൃദയദാരിദ്ര്യമുള്ളവളുമാണ്.
നമുക്ക് പ്രാര്‍ത്ഥിക്കാം, യേശുവേ... അങ്ങേ സമ്പന്നതയിലേയ്ക്ക് എന്നെ കൈപിടിച്ചുയര്‍ത്തണമേ....! അങ്ങേ ദാരിദ്ര്യത്തിന്‍റെ സമ്പന്നതയിലേയ്ക്ക് എന്നെ ഉണര്‍ത്തേണമേ...!! എല്ലാം നഷ്ടപ്പെടുത്തിക്കൊണ്ടുപോലും ജീവിക്കാന്‍, തമ്പുരാനില്‍ ആശ്രയിച്ചു ജീവിക്കാന്‍... എല്ലാ കാര്യങ്ങളും തമ്പുരാന്‍ നോക്കിക്കൊള്ളും എന്നുള്ള വിശ്വാസത്തില്‍ കൊടുക്കുവാനുള്ള വിലയ ഭാവത്തിലേയ്ക്ക് എന്നെ ഉയര്‍ത്തണമേ..!! പോരാ,... ദരിദ്രരെ കാണുന്നിടത്തൊക്കെ, കാണുമ്പോഴൊക്കെ അവരില്‍ ക്രിസ്തുവിന്‍റെ മുഖം ദര്‍ശിക്കുവാനം, വിശ്വാസത്തില്‍ കൊടുക്കുവാനുമുള്ള നിന്‍റെ ആഹ്വാനം ഉള്‍ക്കൊള്ളുവാന്‍ വേണ്ട ശ്രദ്ധ എനിക്കു തരണമേ... ആമ്മേന്‍!
All the contents on this site are copyrighted ©. |