2015-10-29 17:44:00

സ്നേഹം ദൈവത്തിന്‍റെ ദൗര്‍ബല്യം : പാപ്പാ ഫ്രാന്‍സിസ്


മനുഷ്യനെ സ്നേഹിക്കാതിരിക്കാനാവത്ത ദൈവത്തിന്‍റെ സ്നേഹത്തെയും കാരുണ്യത്തെയുംകുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ തനിമയുള്ളൊരു ചിന്ത.

ഒക്ടോബര്‍ 29-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിദ്ധ്യേയുള്ള വചനപ്രഘോഷണത്തിലാണ് പാപ്പാ ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്.

ദൈവം സദാ സ്നേഹിക്കുന്നു, അവിടുന്ന് ഒരിക്കലും നമ്മെ പരിത്യജിക്കുന്നില്ല, വിധിക്കുന്നില്ല എന്നത് മനുഷ്യര്‍ക്കുള്ള രക്ഷയുടെ ഉറപ്പാണെന്ന്, പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു (റോമ. 8, 31-39). എന്നാല്‍ ഇത് ക്രൈസ്തവന്‍റെ മിഥ്യായായ വിജയബോധമായിരിക്കരുതെന്നും പാപ്പാ താക്കൂതു നല്കി. കാരണം, ക്രിസ്തുവിലൂടെ നമുക്ക് ലഭിച്ചിരിക്കുന്ന രക്ഷണീയ സ്നേഹത്താല്‍ മാത്രമാണ് നമ്മെ ആര്‍ക്കും ദൈവസ്നേഹത്തില്‍നിന്നും അകറ്റിനിര്‍ത്താനാവാത്തതെന്ന് പാപ്പാ വ്യക്തമാക്കി.

ഇവിടെ വ്യക്തിയുടെ വിജയമോ, ശത്രുവിന്‍റെ പരാജയമോ അല്ല, മറിച്ച് ദൈവസ്നേഹത്തില്‍ ക്രിസ്തുവിലുള്ള നമ്മുടെ അടിസ്ഥാനപരമായ പങ്കുചേരലാണെന്ന് പാപ്പാ വിവരിച്ചു. അങ്ങനെയുള്ള സ്നേഹത്തില്‍നിന്നും ഏതെങ്കിലും ശക്തിക്കോ, വ്യക്തിക്കോ, യുക്തിക്കോ അധികാരത്തിനോ നമ്മെ വേര്‍പെടുത്താനാവില്ലെന്നും പാപ്പാ വ്യഖ്യാനിച്ചു.

ക്രിസ്തുവിലൂടെ ലഭിക്കുന്ന ഈ ദൈവിക കാരുണ്യത്തിന്‍റെ ദാനം, അല്ലെങ്കില്‍ സമ്മാനം പാപംമൂലവും വ്യര്‍ത്ഥതമൂലവുമാണ് തിരസ്കൃതമാകുന്നത് എങ്കിലും ദൈവത്തിന്‍റെ ദാനമായ സ്നേഹം അചഞ്ചലമാണ്, അസ്തമിക്കാത്തതാണ്. അങ്ങനെ നമ്മില്‍നിന്നും ഒരിക്കലും പിരിഞ്ഞുപോകാത്ത അമൂല്യദാനമായി ദൈവസ്നേഹം നിലനില്ക്കുന്നു. അതിനാല്‍ ശക്തനും അമര്‍ത്യനുമാണ് ദൈവമെങ്കിലും, മനുഷ്യരോടുള്ള സ്നേഹം അവിടുത്തെ  ദൗര്‍ബല്യമാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു. സ്നേഹിക്കാതിരിക്കാനോ, മനുഷ്യരുടെ ബലഹീനതകളില്‍നിന്നും ഓടിയൊളിക്കാനോ ദൈവത്തിനാകില്ല. അവിടുന്ന് കരുണാര്‍ദ്രനായി നമ്മെ അനുഗമിക്കുന്നു, പിന്നെയും സ്നേഹിക്കുന്നു.

രക്ഷയുടെ സന്ദേശം അറിയിച്ച പ്രവാചകന്മാരെ കൊലപ്പെടുത്തിയ ജരൂസലേം പട്ടണത്തെ നോക്കി ക്രിസ്തു വിലപിച്ച സുവിശേഷ സംഭവത്തെയും പാപ്പാ ചിന്താവിഷയമാക്കി (ലൂക്ക 13, 31-35). ‘തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ സംരക്ഷിക്കുന്ന അലങ്കാരത്തില്‍ വീണ്ടും ദൈവത്തിന്‍റെ കരുണാര്‍ദ്രരൂപവും അവിടുത്തെ ലോലവും ലാളിത്യവുമാര്‍ന്ന പ്രതിരൂപവുമാണ് തെളിഞ്ഞുവരുന്നതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ലോലവും ദിവ്യവുമായ ആ സ്നേഹത്തില്‍നിന്നും ‘മരണത്തിനോ ജീവനോ, ദൂതന്മാര്‍ക്കോ അധികാരങ്ങള്‍ക്കോ, ഇക്കാലത്തുള്ളതോ വരാനിരിക്കുന്നതോ ആയ ശക്തികള്‍ക്കോ, ഉയരത്തിനോ ആഴത്തിനോ, മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തില്‍നിന്നും നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് ഉറപ്പുണ്ടെന്ന്,’ പൗലോസ്ലീഹായെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു (38). 

ദൈവത്തിന് സ്നേഹിക്കാതിരിക്കാനാവില്ലെന്നത് മനുഷ്യന്‍റെ, വിശിഷ്യ ക്രൈസ്തുവിന്‍റെ ഉറപ്പായ സുരക്ഷയാണെന്നു പറയാം. ആ സ്നേഹം മനുഷ്യര്‍ തള്ളിക്കളയുമ്പോഴും ദൈവം നമ്മോടു ക്ഷമിക്കുന്നു, പൊറുക്കുന്നു, കരുണകാണിക്കുന്നു. പിതാവായ ദൈവത്തിന്‍റെ ക്ഷമിക്കുന്ന സ്നേഹം നാം ഇവിടെ ദര്‍ശിക്കുന്നു. ശക്തനും സ്രഷ്ടാവുമായ ദൈവം വിലപിക്കുന്നു! ജെറൂസലേമിനെ നോക്കിയുള്ള ക്രിസ്തുവിന്‍റെ കരച്ചിലില്‍ പ്രതിഫലിക്കുന്നത് ദൈവത്തിന്‍റെ അതിരുകളില്ലാത്ത സ്നേഹമാണെന്നും, ലോകത്ത് ഇന്നും അധര്‍മ്മം അധികമായി ഉയരുമ്പോഴും അവിടുന്ന് മാനവകുലത്തെ വിധിക്കുന്നില്ല, പരിത്യജിക്കുന്നില്ല, വീണ്ടും നമ്മോട് കരുണകാണിക്കുന്നു, ക്ഷമിക്കുന്നു. കാരണം ദൈവം സ്നേഹമാണ്, എന്ന ചിന്തയോടെ പാപ്പാ വചനസമീക്ഷ ഉപസംഹരിച്ചു. 

 








All the contents on this site are copyrighted ©.