2015-10-29 19:36:00

കെടാതെ കാക്കേണ്ട ലോകത്തിന്‍റെ ധാര്‍മ്മിക വെളിച്ചം


ലോകത്തിന്‍റെ ധാര്‍മ്മിക വെളിച്ചം സംരക്ഷിക്കാന്‍ സഭ എന്നും പരിശ്രമിക്കുമെന്ന്, വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ പ്രസ്താവിച്ചു.

 ‘ധാര്‍മ്മികതയും നിയമവും’ സംബന്ധിച്ച്  ഒക്ടോബര്‍ 28-ാം തിയതി ബുധനാഴ്ച റോമില്‍ സംഗമിച്ച രാജ്യാന്തര സമ്മേളനത്തിലാണ് (International Conference to protect law and ethics) ആര്‍ച്ചുബിഷപ് ഗ്യാലഹര്‍ ഇങ്ങനെ പ്രസ്താവിച്ചത്. ലോകത്തുള്ള നിയമത്തിന്‍റെയും ധാര്‍മ്മികതയുടെയും വെളിച്ചം സംരക്ഷിക്കുകയെന്നത് പരിശുദ്ധ സിംഹാനത്തിന്‍റെ അന്തര്‍ദേശിയ നയവും, രാഷ്ട്രങ്ങളോടും മാനവസമൂഹത്തോടുതന്നെയുമുള്ള കടപ്പാടുമാണെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രബന്ധത്തിന് വ്യക്തമാക്കി.

സഭയുടെയും സഭാതലവാന്മാരുടെയും എല്ലാ പ്രബോധനങ്ങളും പ്രവര്‍ത്തനങ്ങളും ലോകത്തിന് എക്കാലത്തും സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും ധാര്‍മ്മിക വെളിച്ചം പകരുന്നതാണെന്നും ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ സമര്‍ത്ഥിച്ചു.

നിയമത്തിന്‍റെ പരമാധികാരവും പ്രാഥമ്യവും (primacy and souvereignty of Law) വികസിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുകയെന്നത് വിശ്വസാഹോദര്യം സംരക്ഷിക്കുന്നതിനും വളര്‍ത്തുന്നതിനും പ്രധാനമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്ത് പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രസ്താവന ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രബന്ധത്തില്‍ ആവര്‍ത്തിച്ചു.

നിയമം ലംഘിക്കപ്പെടുമ്പോഴാണ് നീതിയും മനുഷ്യാന്തസ്സും അവകാശങ്ങളും എവിടെയും ധ്വംസിക്കപ്പെടുന്നത്. അപരന് ആര്‍ഹമായതും അവകാശപ്പെട്ടതും നല്കുക എന്ന നീതിയുടെ നിയമം തകിടംമറിച്ചുകൊണ്ടാണ് ലോകത്ത് അനീതിയും അരാജകത്വവും, അക്രമവും ഭീകരപ്രവര്‍ത്തനങ്ങളും സ്വേച്ഛാഭരണവും അഭ്യന്തര കലാപങ്ങളും തലപൊക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രബന്ധത്തില്‍ വ്യക്തമാക്കി.

ലോകസമാധാനത്തിനായി സ്ഥാപിതമായിട്ടുള്ള രാഷ്ട്രങ്ങളുടെ പരമോന്നത കൂട്ടായ്മയായ ഐക്യരാഷ്ട്ര സംഘടയില്‍ വത്തിക്കാനുള്ള പ്രാതിനിധ്യവും, രാഷ്ട്രങ്ങളുടെ നൈയ്യാമികവും ധാര്‍മ്മികവുമായ തീരുമാനങ്ങളിലും വികസനപദ്ധതികളിലും വത്തിക്കാന്‍റെ നിരന്തരമായ ഇടപെടലുകളും അഭിപ്രായപ്രകടനങ്ങളും ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രബന്ധത്തില്‍ വിവരിച്ചു.

ലോകത്ത് ഇന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ ധാര്‍മ്മിക ശബ്ദം ശ്രവിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ ലോകമനഃസാക്ഷിയെ നന്മയുടെ പാതയില്‍ നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന രാഷ്ട്ര-സാമൂഹ്യ നേതാക്കള്‍ ഉണ്ടെന്ന വസ്തുതയും ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.

 








All the contents on this site are copyrighted ©.