2015-10-28 19:06:00

‘നോസ്ത്രാ എതാത്തേ’ ഇതരമതങ്ങളെ സംബന്ധിച്ച സഭയുടെ പ്രബോധനം


അക്രൈസ്തവ മതങ്ങളോട് സഭയ്ക്കുള്ള സാഹോദര്യക്കൂട്ടായ്മയുടെ പ്രതീകമാണ് ‘അക്രൈസ്തവ മതങ്ങള്‍’ (Nostra Aetate) എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രബോധനമെന്ന്, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി റ്റുറാന്‍ പ്രസ്താവിച്ചു.

ഒക്ടോബര്‍ 28-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണ പരിപാടിയുടെ മദ്ധ്യേ ‘നോസ്ത്രാ എതാത്തേ’ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയുടെ 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ആശംസാ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാല്‍ റ്റുറാന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

പാപ്പായുടെ പൊതുകൂടിക്കാഴ്ചാ സമ്മേളനം മതാന്തരസംവാദത്തെയും അതിന് ആധാരമായ സഭയുടെ പ്രമാണരേഖ Nostra Aetate-യും കേന്ദ്രീകരിച്ചു നടത്തിയതിലുള്ള അതിയായ സന്തോഷവും നന്ദിയും  പാപ്പാ ഫ്രാന്‍സിസിന് അര്‍പ്പിക്കുന്നതായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പ്രഭാഷണ വേദിയില്‍ കര്‍ദ്ദിനാള്‍ റ്റുറാന്‍ പ്രസ്താവിച്ചു. മതാന്തര സംവാദശ്രമം വലിയൊരു മലകയറ്റമാണെങ്കിലും അതു പ്രദാനംചെയ്യുന്ന ആത്മീയതയുടെയും സാഹോദര്യത്തിന്‍റെയും അനുഭവങ്ങള്‍ പിന്നെയും മുന്നേറാന്‍ കരുത്തു പകരുന്നതാണ്. മതാന്തര സംവാദത്തിന്‍റെ പാതയിലുള്ള സഭയുടെ പരിശ്രമങ്ങള്‍ക്ക് കാലികമായി പാപ്പാ ഫ്രാന്‍സിസ് കാണിച്ചുതരുന്ന തുറവും മാതൃകയും ഏറെ പ്രചോദനാത്മകമാണെന്നും കര്‍ദ്ദിനാള്‍ റ്റ്യൂറാന്‍ ചൂണ്ടിക്കാട്ടി.

ലോകസമാധാനത്തിനും നീതിക്കുമായി വിവിധ മതസ്ഥരെ വത്തിക്കാനില്‍ വിളിച്ചുകൂട്ടുവാനും വിശ്വസാഹോദര്യം വളര്‍ത്തുവാനും പാപ്പാ ഫ്രാന്‍സിസ് നിരന്തരമായി നടത്തുന്ന ക്രിയാത്മകമായ പരിശ്രമങ്ങള്‍ മാനവകുലത്തിന്‍റെ സമാധനപാതയില്‍ പ്രത്യാശ പകരുന്നവയാണ്.

യഹൂദ-ക്രൈസ്തവ ബന്ധം ചരിത്രപരമായ ആത്മീയ പൈതൃകമാണെന്ന്, സഭൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട് കോഹ് വത്തിക്കാനിലെ പൊതൂകൂടിക്കാഴ്ചാ വേദിയില്‍ത്തന്നെ പ്രസ്താവിച്ചു. പാപ്പാ ഫ്രാന്‍സിസിനെ അഭിസംബോധനചെയ്തുകൊണ്ടാണ് കര്‍ദ്ദിനാള്‍ കോഹ് ആശംസാപ്രഭാഷണം നടത്തിയത്. അക്രൈസ്തവ മതങ്ങളെ സംബന്ധിച്ച് നമ്മുടെ കാലഘട്ടം, Nostra Aetate, എന്നു തുടങ്ങുന്ന സഭയുടെ പ്രബോധനത്തിന്‍റെ 50-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ട്, പാപ്പായുടെ പൊതുകൂടിക്കാഴ്ച പരിപാടിക്കായി ചത്വരത്തില്‍‍ സന്നിഹിതരായിരുന്ന യഹൂദമത പ്രതിനിധികളുടെ കൂട്ടായ്മയെ കര്‍ദ്ദിനാള്‍ കോഹ് പ്രഭാഷണമദ്ധ്യേ പ്രത്യേകം അനുസമരിച്ചു. 

യഹൂദര്‍ക്കെതിരായ എല്ലാ അതിക്രമങ്ങളെയും, അത് ക്രൈസ്തവ പക്ഷത്തുനിന്നും ആയിരുന്നാല്‍പ്പോലും അപലപിക്കുകയും, കൂട്ടായ്മയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും സംസ്ക്കാരം വളര്‍ത്തുവാന്‍ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രബോധനമാണ് Nostra Aetate-യെന്ന് കര്‍ദ്ദിനാള്‍ കോഹ് പ്രഭാഷണത്തില്‍ വ്യക്തമാക്കി.

ചരിത്രത്തില്‍ സഭയ്ക്ക് യഹൂദ ജനത്തിനോടുള്ള പ്രത്യേക ബന്ധം, പുതിയ നിയമത്തിലെ‍ ദൈവജനത്തിന് അബ്രാഹത്തിന്‍റെ വംശജരോടുള്ള ആത്മീയ ബന്ധത്തിന്‍റെ തുടര്‍ക്കഥയായി Nostra Aetate എന്ന പ്രബോധനം അവതരിപ്പിക്കുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ കോഹ് ചൂണ്ടിക്കാട്ടി.

ക്രൈസ്തവ-യഹൂദ സാഹോദര്യകൂട്ടായ്മയുടെ അടിസ്ഥാന പ്രമാണരേഖയായ Nostra Aetate-യുടെ ചൈതന്യം ഉള്‍ക്കൊണ്ട് 2014-ല്‍ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ നാട്ടിലേയ്ക്കു നടത്തിയ അപ്പസ്തോലിക യാത്ര  ഇരുമതങ്ങളും തമ്മിലുള്ള സഹോദര്യബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നെന്നും കര്‍ദ്ദിനാള്‍ കോഹ് പ്രസ്താവിച്ചു.

യഹൂദ-വിദ്വേഷിയും ക്രൈസ്തവനും ഒരുമിച്ച് ആയിരിക്കുവാന്‍ ഒരു വ്യക്തിക്ക് സാദ്ധ്യമല്ലെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ കോഹ് തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.