2015-10-26 18:37:00

പാവങ്ങളെ പരിത്യജിക്കാത്ത ജനത ദൈവജനമെന്ന് പാപ്പാ ഫ്രാന്‍സിസ്


ഒക്ടോബര്‍ 25-ാം തിയതി ഞായറാഴ്ച. സിനഡിന്‍റെ സമാപന ദിവസമായിരുന്നു! വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലക്കയില്‍ പ്രാദേശിക സമയം രാവിലെ 10 മണിമുതല്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള മെത്രാന്മാരുടെ സാധാരണ സിന‍ഡുസമ്മേളനത്തിന്‍റെ സമാപന ബലിയര്‍പ്പണം നടക്കുന്നുണ്ടായിരുന്നു. അതിനുശേഷമുള്ള ത്രികാലപ്രാര്‍ത്ഥയ്ക്കായി ബസിലിക്കയുടെ ഉമ്മറത്തെ വിശാലമായ ചത്വരത്തില്‍ പതിവിലേറെ ജനങ്ങള്‍ സമ്മേളിച്ചിരുന്നു. ഏകദേശം 11.45-ന് ദിവ്യബലി സമാപിച്ചു.

മദ്ധ്യാഹ്നം 12-മണി. ത്രികാലപ്രാര്‍ത്ഥനയക്കുള്ള സമയമായതും, വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ അഞ്ചാംനിലയുടെ രണ്ടാമത്തെ ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷപ്പെട്ടു. ജനാവലി ആനന്ദാരവം മുഴക്കി. ഇരുകരങ്ങളും ഉയര്‍ത്തി ജനങ്ങളെ അഭിവാദ്യംചെയ്തശേഷം, പാപ്പാ ജനങ്ങളെ അഭിസംബോധനചെയ്തു.

ത്രികാല പ്രാര്‍ത്ഥനാസന്ദേശം:  പ്രിയ സഹോദരങ്ങളേ, ഏവര്‍ക്കും എന്‍റെ അഭിവാദ്യങ്ങള്‍! ഇന്നു വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ കടുംബങ്ങളെക്കുറിച്ചുള്ള മെത്രാന്മാരുടെ സാധാരണ സിനഡു സമ്മേളനത്തിന് സമാപനമായി. യഥാര്‍ത്ഥമായ കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്‍റെയും അരൂപിയില്‍ ചിലവൊഴിച്ച പ്രാര്‍ത്ഥനയുടെയും നിരന്തരമായ അദ്ധ്വാനത്തിന്‍റെയും ഈ മൂന്ന് ആഴ്ചകള്‍ക്ക് ദൈവത്തിന് നന്ദിപറയുവാന്‍ ഏവരെയും ക്ഷണിക്കുന്നു. സിനഡന്‍റെ പ്രവര്‍ത്തനങ്ങള്‍ ക്ലേശകരമായിരുന്നെങ്കിലും, ഏറെ ഫലപ്രാപ്തി കാണിച്ചുതന്ന ദൈവത്തിന്‍റെ ദാനമായി മാറിയത്. ‘സിനഡ്’ എന്ന വാക്കിനര്‍ത്ഥം ‘ഒരുമിച്ചു നടക്കുക’,   "walk together" എന്നാണ്. ലോകത്തുള്ള ദൈവജനത്തിന്‍റെ എല്ലാകുടുംബങ്ങളോടും ചേര്‍ന്നുള്ള തീര്‍ത്ഥാടക സഭയുടെ ആത്മീയപ്രയാണത്തിന്‍റെ അനുഭവമാണ് സിനഡില്‍ കണ്ടത്.

ഇന്നത്തെ ദിവ്യബലിയുടെ ആദ്യവായനയില്‍ ജറെമിയാ പ്രവാചകന്‍ ഇങ്ങനെ ഉദ്ധരിക്കുന്നു, “ഞാന്‍ അവരെ ഉത്തരദേശത്തുനിന്ന് കൊണ്ടുവരും. ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നും ഒരുമിച്ചുകൂട്ടും. അന്ധരും മുടന്തരും ഗര്‍ഭിണികളും ഈറ്റുനോവു തുടങ്ങിയവരും ഉള്‍പ്പെട്ട ഒരു വലിയ കൂട്ടമായിരിക്കും അവര്‍. കണ്ണീരോടെയാണ് അവര്‍ വരുന്നത്.”  എന്നി‌‌ട്ട് പ്രവാചകന്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, “എന്നാല്‍ ഞാനവരെ ആശ്വസിപ്പിക്കും. ഞാന്‍ അവരെ പ്രശാന്തമായ നീരൊഴുക്കുകളിലേയ്ക്കു നയിക്കും. അവരുടെ വഴി സുഗമമായിരിക്കും. അവരുടെ പാദങ്ങള്‍ ഇടറുകയില്ല. എന്തെന്നാല്‍, ഞാന്‍ ഇസ്രായേലിന്‍റെ പിതാവാണ്. എപ്രായിം എന്‍റെ ആദ്യജാതനുമാണ്” (ജറെമിയാ 31, 8-9). 

‘സിനഡു’ സമ്മേളിക്കുവാനും, കൂടി ആലോചിക്കുവാനും ആദ്യം ആഗ്രഹിക്കുന്നത് പിതാവായ ദൈവമാണെന്ന് ഇന്നത്തെ വചനം വെളിപ്പെടുത്തുന്നു. തനിക്കായി ഒരു ജനത്തെ രൂപീകരിക്കുവാനും, ഒരുമിച്ചുകൂട്ടുവാനും, അവരെ സ്വാതന്ത്ര്യത്തിന്‍റെയും സമാധാനത്തിന്‍റെയും വാഗ്ദത്ത ഭൂമിയിലേയ്ക്കു നയിക്കുവാനുമുള്ള സ്വപ്നം ആദ്യം ദൈവത്തിന്‍റേതായിരുന്നു, മനുഷ്യരുടേതല്ല.  “ഈ ജനം, അന്ധരും മുടന്തരും ഗര്‍ഭിണികളും ഈറ്റുനോവുമുള്ളവരുടെ വലിയ കൂട്ടമാണ്. അവര്‍ ഇന്ന് ദൈവകൃപയാലാണ് തങ്ങളുടെ ജീവിതം മുന്നോട്ടു നയിക്കുന്നത്. പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും മാറ്റിനിറുത്താത്ത ജനതയാണത്,” കാരണം ‘അവരില്‍ അന്ധരും മുടന്തരുമുണ്ടെ’ന്ന്, കര്‍ത്താവുതന്നെ പറയുന്നുണ്ട്. “ക്ലേശിക്കുന്നവരെ പുറംതള്ളുകയോ പാര്‍ശ്വവത്ക്കരിക്കുകയോ ചെയ്യാതെ സകലരെയും ഉള്‍ക്കൊള്ളുന്ന കുടുംബങ്ങളുടെ കൂട്ടായ്മയാണ് ദൈവജനം,” എന്ന് ഇന്നത്തെ ദൈവവചനം വ്യക്തമാക്കുന്നു.

പാവങ്ങളില്‍ പാവപ്പെട്ടവനും, എളിയവരില്‍ എളിയവനും, നിര്‍ധനരില്‍ നിര്‍ധനനുമായി ജീവിച്ച ക്രിസ്തു പഠിപ്പിക്കുന്നതുപോലെ ചെറിയവര്‍ കൂട്ടുചേരുന്ന,  അവര്‍ കൂട്ടായിരിക്കുന്ന കുടുംബങ്ങളുടെ വലിയ കൂട്ടായ്മയാണ് ദൈവജനം. എന്നാല്‍ അവിടുന്നൊരിക്കലും സമ്പന്നരെയും മഹാത്മാക്കളെയും സ്ഥാനികരെയും ഒഴിവാക്കുകയോ മാറ്റിനിറുത്തുകയോ ചെയ്തിട്ടില്ല, കാരണം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാകല്യസംസ്കൃതിയാണ് അവിടുന്നു പഠിപ്പിക്കുന്ന രക്ഷയ്ക്കുള്ള മര്‍ഗ്ഗം, രക്ഷയുടെ നൂതനവും അന്യൂനവുമായ മാര്‍ഗ്ഗം.

തീര്‍ത്ഥാടനംചെയ്യുന്ന ഈ ജനതയെക്കുറിച്ചുള്ള പ്രവചനം ഞാന്‍ ഇന്ന് യൂറോപ്പിന്‍റെ വീഥികളില്‍ പരതുന്ന അഭയാര്‍ത്ഥികളില്‍ കാണുകയാണെന്നും, അത് നാം ജീവിക്കുന്ന കാലഘട്ടത്തിന്‍റെ നൊമ്പരപ്പെടുത്തുന്ന യാര്‍ത്ഥ്യമാണെന്നും പാപ്പാ പ്രസ്താവിച്ചു. ദൈവം അവരോടെല്ലാം പറയുന്നു, “കരഞ്ഞുകൊണ്ടു നീങ്ങുന്ന നിങ്ങളെയെല്ലാം ഞാന്‍ സമാശ്വസിപ്പിച്ച് തിരികെ പറഞ്ഞയക്കും,” എന്ന്.

സിന‍ഡില്‍ പങ്കെടുത്ത ചില പിതാക്കന്മാരുടെ പങ്കുവയ്ക്കലില്‍ നാടുകടത്തലിന്‍റെയും വിപ്രവാസത്തിന്‍റെയും പരിത്യക്തതയുടെയും വേദനകളനുഭവിക്കുന്ന കുടുംബങ്ങളുടെ ശബ്ദം, രോദനം കേള്‍ക്കാമായിരുന്നു. അടിസ്ഥാന അന്തസ്സും ആത്മാഭിമാനവും സമാധാനവും തേടുന്ന ഈ കുടുംബങ്ങള്‍ സഭയുടെ ഭാഗമാണ് സഭാമക്കളാണ്. സഭാമാതാവ് അവരെ കൈവെടിയുകയില്ല കാരണം അവരും അടിമത്വത്തില്‍നിന്നും സ്വാതന്ത്ര്യത്തിലേയ്ക്കു ദൈവം നയിച്ച ജനതതന്നെയാണത്. അതിനാല്‍. നാം പങ്കുചേര്‍ന്ന കുടുംബങ്ങളെക്കുറിച്ചുള്ള സിനഡു സമ്മേളനത്തിന്‍റെ അനുഭവം പ്രതിഫലിപ്പിക്കുന്നതാണ് ഇന്നത്തെ ദൈവവചനമെന്നും പാപ്പാ സമര്‍ത്ഥിച്ചു. 

സിനഡുസമ്മേളനത്തിന്‍റെ - സാഹോദര്യകൂട്ടായ്മയില്‍ ഉതിര്‍ക്കൊണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യത്താല്‍ ദൈവം നമ്മെ തുണയ്ക്കട്ടെ, എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പാ ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണം ഉപസംഹരിച്ചത്.
 








All the contents on this site are copyrighted ©.