2015-10-26 16:32:00

ക്രൈസ്തവ ഐക്യദാര്‍ഢ്യത്തിന്‍റെയും സമാശ്വാസത്തിന്‍റെയും സന്ദേശം


ക്രൈസ്തവ ഐക്യദാര്‍ഢ്യത്തിന്‍റെയും സമാശ്വാസത്തിന്‍റെയും സന്ദേശമാണ് ഇറാക്കിലെയും സിറിയയിലെയും വിശ്വാസികള്‍ക്കായി തങ്ങളിലൂടെ എത്തിക്കേണ്ടതെന്ന്, കൽദായ സഭയുടെ സിനഡംഗങ്ങളെ അഭിസംബോധനചെയ്തു  സംസാരിക്കവെ പാപ്പാ പറഞ്ഞു.

അഭിവന്ദ്യ പാത്രിയാര്‍ക്ക് ലൂയിസ് റഫായേല്‍ ഇ സാക്കോയുടെ നേതൃത്വത്തില്‍ ആയിരുന്നു, ഒക്ടോബര്‍ 26-ാം തിയതിയിലെ ഈ സമാഗമം വത്തിക്കാനില്‍ നടന്നത്. യുദ്ധത്തിന്‍റെയും അക്രമങ്ങളുടെയും മദ്ധ്യത്തില്‍ നിരാശപ്പെടരുതെന്നും സമാധാനത്തിനായുള്ള നമ്മുടെ ആഴമായ പ്രാര്‍ത്ഥന ഇല്ലാതായിതീരരുതെന്നും പാപ്പാ അനുസ്മരിപ്പിച്ചു.

പ്രതിസന്ധികളുടെ നടുവില്‍ കല്ദായ സഭയുടെ പൊതു നന്മയ്ക്കായും വിശ്വാസാടിസ്ഥാനത്തില്‍ ഉറച്ചുനില്ക്കുന്നതിനും ഉള്ള ശ്രമങ്ങളില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ പൂര്‍ണ്ണമായ ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നുവെന്ന് പാപ്പാ ഉറപ്പു നല്കി. ഇറാക്കിലെയും മദ്ധ്യപൂര്‍വ്വദേശത്തെയും ക്രൈസ്തവര്‍, പ്രത്യേകിച്ച് കല്ദായസഭയുടെ മക്കള്‍ നാടുവിട്ടു പോകാന്‍ നിര്‍ബന്ധിതരാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

ഇറാക്കിലെ എല്ലാ പ്രവിശ്യകളിലും ഐക്യവും സംവാദവും സഹകരണവും വളര്‍ത്തുന്നതിനായി അക്ഷീണം പരിശ്രമിക്കണമെന്നും ചൂണ്ടിക്കാട്ടി. സഹോദരൈക്യത്തോടും മിഷനറി ചൈതന്യത്തോടുംകൂടെ അജപാലനദൗത്യങ്ങള്‍ തുടരണമെന്നും പാപ്പായുടെ ഊഷ്മളമായ പരിലാളനം എല്ലാ വിശ്വാസികളിലേയ്ക്കും എത്തിക്കണമെന്നും പാസ്റ്റര്‍മാരെ പാപ്പാ ഓര്‍മ്മിപ്പിച്ചു.








All the contents on this site are copyrighted ©.