2015-10-19 16:58:00

സീറോ മലങ്കര സഭയുടെ വളര്‍ച്ചയുടെയും രൂപവല്‍ക്കരണത്തിന്‍റെയും പിതാവ്, ആര്‍ച്ചുബിഷപ്പ് ബനഡിക്ട് ഗ്രിഗോറിയോസ്


സീറോ മലങ്കര സഭയുടെ വളര്‍ച്ചയുടെയും രൂപവല്‍ക്കരണത്തിന്‍റെയും പ്രധാനഘട്ടത്തിലാണ് ആര്‍ച്ചുബിഷപ്പ് ബനഡിക്ട് ഗ്രിഗോറിയോസ് സഭയെ നയിച്ചതെന്ന് പ്രശംസിച്ചുകൊണ്ട്, പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലയനാര്‍ദോ സാന്ദ്രി  തന്‍റെ സന്ദേശം പങ്കുവച്ചു. ഗ്രിഗോറിയോസ് പിതാവിന്‍റെ ജന്മശതാപ്തി ആഘോഷത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ സാന്ദ്രി. 

റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബാനിയന്‍ സര്‍വ്വകലാശാലയില്‍ വച്ച് ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഈ ചടങ്ങ് നടന്നത്. സീറോ മലങ്കരസഭയുടെ ആദ്യകാലജീവിതത്തെ തന്നെയാണ് പിതാവിന്‍റെ ജീവിതം പ്രതിഫലിപ്പിക്കുന്നതെന്നും, ഓരോ അജപാലകനും, ദൈവവും മനുഷ്യനുമായി ബന്ധിപ്പിക്കുന്ന ഒരു പാലമാണെന്നും ഗ്രിഗോറിയോസ് പിതാവ്  ആത്മാക്കള്‍ക്കുവേണ്ടി പൂര്‍ത്തിയാക്കപ്പെട്ട ഒരു പാലമായിരുന്നുവെന്ന് തീര്‍ച്ചയായും പറയാന്‍ കഴിയുമെന്നും കര്‍ദ്ദിനാള്‍ സാന്ദ്രി അഭിപ്രായപ്പെട്ടു.

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയും, കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസും ഇന്ത്യന്‍ മുന്‍ അംബാസഡര്‍ ഡോ. സ്രീനിവാസനും മറ്റു വിശിഷ്ടാഥിതികളും പ്രസ്തുത ചടങ്ങില്‍ സന്നിഹിതരായിരുന്നു.  








All the contents on this site are copyrighted ©.