2015-10-13 10:54:00

കണ്ണഞ്ചും ലൗകിക സമ്പത്തും സന്തോഷവും നിരാശാദായകങ്ങള്‍


ലോകത്തിന്‍റെതായ സമ്പത്തും സന്തോഷവും വിജയവും കണ്ണഞ്ചിപ്പിക്കുന്നവയാ ണെങ്കിലും അവ പിന്നീട് നിരാശപ്പെടുത്തുമെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

ഒക്ടോബര്‍ 11, ഞായറാഴ്ച വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥന നയിക്കുന്നതിനു മുമ്പ്‍ ഫ്രാന്‍സിസ് പാപ്പാ, അന്ന് ലത്തീന്‍ റീത്തിന്‍റെ ആരാധനാക്രമമനുസരിച്ച് വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളെ, വിശിഷ്യ, നിത്യജീവന്‍ അവകാശമാ ക്കാന്‍ ഞാന്‍  എന്തു ചെയ്യണം എ​ന്നു ധനികനായ യുവാവ് യേശു വിനോടു ചോദിക്കുന്നതും അതിന് യേശുനല്കുന്ന ഉത്തരവും അടങ്ങിയ മര്‍ക്കോസിന്‍റെ സുവിശേഷം പത്താം അദ്ധ്യായം 17 മുതല്‍ 30 വരെയുള്ള വാക്യങ്ങളെ അവലംബമാക്കി പങ്കുവച്ച ചിന്തകളിലാണ് ഈ ലോകം വച്ചു നീട്ടുന്ന സമ്പത്തിലും ആനന്ദങ്ങളിലും നേട്ടങ്ങളിലുമൊക്കെ അടങ്ങിയിരിക്കുന്ന ഈ അപകടത്തെ ക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.

 സമ്പത്തും സന്തോഷവും വിജയവും  വാഗ്ദാനം ചെയ്യുന്നത് ജീവനാണെങ്കിലും അവ നേടിത്തരുന്നത് മരണമാണെന്ന് പാപ്പാ പറഞ്ഞു. സത്യജീവനില്‍, സമ്പൂര്‍ണ്ണവും അധികൃതവും പ്രശോഭിതവുമായ ജീവനില്‍, പ്രവേശിക്കുന്നതിന് കര്‍ത്താവ് നമ്മോടാവാശ്യ പ്പെടുന്നത് ഇത്തരം  കപട സമ്പത്തുകളില്‍ നിന്നകലാനാണെന്നും പാപ്പാ ഓര്‍മ്മിച്ചു.

വിശ്വാസവും ദ്രവ്യാസക്തിയും ഒന്നിച്ചു പോകില്ലയെന്ന സത്യവും പാപ്പാ ധനികയുവാവ് ദുഃഖിതനായി തിരിച്ചു പോകുന്ന സുവിശേഷസംഭവത്തെ ആധാരമാക്കി വിശദീകരിച്ചു.

 








All the contents on this site are copyrighted ©.