2015-10-06 17:13:00

പ്രവാചക ദൗത്യത്തിലേയ്ക്ക് വിളിക്കപ്പെട്ടവര്‍ അജപാലകര്‍


ജെറമിയ പ്രവാചകനെപ്പോലെ സഹനത്തിന്‍റെയും സ്വയം ശൂന്യവത്ക്കരണത്തിന്‍റെയും പ്രവാചകരാകണം അജപാലകരെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി

മെത്രാന്മാരുടെ സിനഡിലെ മൂന്നാം പൊതുസഭായോഗാരംഭത്തില്‍ നടന്ന പ്രാര്‍ത്ഥനയിലെ സുവുശേഷ വായനയെ വ്യാഖ്യാനിച്ചു സംസാരിക്കുകയായിരുന്നു സീറൊ മലബാര്‍ സഭ സിനഡ് പ്രസിഡന്‍റ്  മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി.

ജെറമിയാ പ്രവാചകന്‍റെ പുസ്തകം 22 ാം അദ്ധ്യായം മൂന്നാം വാക്യം കുടുംബങ്ങള്‍ക്കായുള്ള സിനഡിന്‍റെ ലക്ഷ്യങ്ങള്‍ക്ക് പ്രചോദനമേകുന്ന സന്ദേശമാണ് നല്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു. ദൈവവചനത്താലും ജീവിതസാക്ഷ്യത്താലും ദൈവജനത്തെ പിന്താങ്ങുന്ന ജറമായയെപ്പോലെയുള്ള പ്രവാചകശബ്ദമായാണോ സിനഡല്‍ പിതാക്കന്മാര്‍ വന്നിരിക്കുന്നതെന്ന ഒരു ചോദ്യം ഇവിടെ ഉയരുന്നുവെന്ന് കര്‍ദ്ദിനാള്‍ വചനപ്രഘോഷണമദ്ധ്യേ അഭിപ്രായപ്പെട്ടു.

ജറമിയ പ്രവാചകന് തന്‍റെ ദൗത്യത്താല്‍ വളരെയധികം സഹിക്കേണ്ടി വന്നെന്നും അദ്ദേഹത്തിന്‍റെ ജീവിതം താന്‍ നല്കിയ സന്ദേശത്തിന്‍റെ പ്രതീകമായിരുന്നുവെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി. ജെറമിയ പ്രവാചകനെപ്പോലെ സഹനത്തിന്‍റെയും സ്വയം ശൂന്യവത്ക്കരണത്തിന്‍റെയും പ്രവാചക ശബ്ദമാകാന്‍  അജപാലകര്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 








All the contents on this site are copyrighted ©.