2015-10-06 16:51:00

കര്‍ക്കശ്ശമായ അജപാലനത്തെക്കാള്‍ ദൈവം ആഗ്രഹിക്കുന്നതു കരുണ


ഒക്ടോബര്‍ 6-ന് രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പങ്കുവച്ച വചനപ്രഘോഷണത്തിലൂടെ, ദൈവം ആഗ്രഹിക്കുന്നതു കാരുണ്യമാണ്, കര്‍ക്കശ്ശമായ പൗരോഹിത്യ ശുശ്രൂഷയല്ലായെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. വത്തിക്കാനിലെ വിശുദ്ധ മാര്‍ത്തയുടെ പേരിലുള്ള തന്‍റെ വസതിയിലെ കപ്പേളയിലായിരുന്നു ഈ ബലിയര്‍പ്പണം നടന്നത്.

ദൈവികാര്‍ദ്രതയെ തടയരുതെന്നും ജോനാപ്രവാചകനെപ്പോലെ ദൈവഹിതം അനുസരിക്കുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും പറഞ്ഞ  പാപ്പാ ജോനായുടെ പുസ്തകത്തില്‍ നിന്നുള്ള ആദ്യവായനയെ വിശദീകരിക്കുകയായിരുന്നു. ദൈവത്തിന് ആവശ്യം കരുണയുള്ള അജപാലകരെയാണ് കര്‍ക്കശ്ശക്കാരായവരെയല്ലെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു.

പരിശുദ്ധാത്മാവിനു വിധേയനാകാത്ത ജോനാ വളരെ സങ്കടത്തിലും ദേഷ്യത്തിലുമായിരുന്നെങ്കിലും ദൈവം അവനെ ശാസിക്കുകയും അങ്ങനെ നിനെവെയുടെ മാനസാന്തരത്തിനു അത് കാരണമാവുകയും ചെയ്തുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

ഹൃദയകാഠിന്യമുള്ളിടത്ത് ദൈവിക കരുണ പ്രവേശിക്കുകയില്ല. ദൈവിക ദൗത്യം, അനുസരണ, കരുണ എന്നീ മൂന്നു കാര്യങ്ങളെ എതിര്‍ക്കുന്നതാണ് ജോനയുടെ കഥയില്‍  നാം കാണുന്നതെന്ന് പാപ്പാ എടുത്തു പറഞ്ഞു. ദൈവിക ദൗത്യ നിര്‍വ്വഹണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് ദൈവിക കാരുണ്യമാണെന്നും, കാര്‍ക്കശ്യത്തെക്കാള്‍ കരുണയാണ് ദൈവം ആഗ്രഹിക്കുന്നതെന്നും ഉള്ളതായിരുന്നു പാപ്പായുടെ പ്രധാന വചനസന്ദേശം.

കരുണയുടെ വര്‍ഷത്തോട്  അടുക്കുന്തോറും ദൈവകരുണയെന്തെന്ന് കൂടുതലായി മനസ്സിലാക്കുന്നതിനായി പ്രാര്‍ത്ഥിക്കാം. വിശുദ്ധ കുര്‍ബാന മദ്ധ്യേയുള്ള പ്രാര്‍ത്ഥനയിലൂടെ നമ്മുടെമേല്‍ കരുണ വര്‍ഷിക്കണമെയെന്ന് ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുന്നത് നമ്മുടെ പാപദുരിതങ്ങളുടെമേല്‍ അവിടുന്നു ചൊരിയുന്ന അളവില്ലാത്ത കാരു​ണ്യത്തെ നാം മനസ്സിലാക്കുന്നതിനാലാണെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി.








All the contents on this site are copyrighted ©.