2015-09-30 20:02:00

സിനഡിന് അനുഗ്രഹമായി കൊച്ചുത്രേസ്യാ പുണ്യവതിയുടെ വാഴ്ത്തപ്പെട്ട മാതാപിതാക്കള്‍


കൊച്ചുത്രേസ്യാ പുണ്യവതിയും വാഴ്ത്തപ്പെട്ട മാതാപിതാക്കളായ ലൂയിസും സെലിനും സിനഡിന് അനുഗ്രഹ വര്‍ഷമാകുമെന്ന് പോസ്റ്റുലേറ്റര്‍ ഫാദര്‍ അന്തോണിയോ സങ്കാലി പ്രസ്താവിച്ചു.

ഒക്ടോബര്‍ 4-ാം തിയതി ഞായറാഴ്ച ഞായറാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെയാണ് മെത്രാന്മാരുടെ സാധാരണ സിനഡ് സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്.

ഒക്ടോബര്‍ 1-ാം തിയതി വ്യാഴാഴ്ച ആഗോള മിഷന്‍പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളില്‍ പുണ്യവതിയുടെയും അവരുടെ വാഴ്ത്തപ്പെട്ടവരായ മാതാപിതാക്കള്‍ സെലിന്‍, മാര്‍ട്ടിന്‍ എന്നിവരുടെയും പൂജ്യശേഷിപ്പുകള്‍ റോമിലെ മേരി മേജര്‍ പേപ്പല്‍ ബസിലിക്കയിലെ ചെറിയ അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും.

കൊച്ചുത്രേസ്യാ പുണ്യവതിയുടെയും, ഓക്ടബര്‍ 18-ന് വത്തിക്കാനില്‍വച്ച് വിശുദധപദത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഉയര്‍ത്താന്‍ പോകുന്ന വിശുദ്ധയുടെ മാതാപിതാക്കളുടെയും തിരുശേഷിപ്പുകള്‍ മേരിമേജര്‍ ബസിലിക്കയില്‍ സ്ഥാപിച്ച് സിനഡിന്‍റെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നത് പാപ്പായുടെ താല്പര്യമായിരുന്നെന്നും ഫാദര്‍ സങ്കാലി വെളിപ്പെടുത്തി.

സിനഡിന്‍റെയും പാപ്പായുടെയും നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനുമായി മേരി മെയ്ജര്‍ ബസിലിക്കയിലെ റോമിന്‍റെ രക്ഷകിയുടെ നാമത്തിലുള്ള ചെറിയ അള്‍ത്താരയിലാണ് തിരുശേഷിപ്പുകള്‍ സ്ഥാപിക്കുവാന്‍ പോകുന്നതെന്ന് കര്‍മ്മലീത്താ വൈദികനും വാഴ്ത്തപ്പെട്ട ലൂയിസ്, സെലിന്‍ എന്നിവരുടെ പോസ്റ്റുലേറ്ററുമായ ഫാദര്‍ അന്തോണിയോ സങ്കാലി വത്തിക്കാന്‍ റേ‍ഡിയോയ്ക്കു നല്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

കൊച്ചുത്രേസ്യാ പുണ്യവതിയുടെ സഹോദരി, ഫ്രാന്‍സിലെ വിസിറ്റേഷന്‍ സഭാംഗമായിരുന്ന സിസ്റ്റര്‍ ലെയോണിയാ മാര്‍ട്ടിന്‍റെ നാമകരണ നടപടിക്രമം വത്തിക്കാനില്‍ ജൂണില്‍ ആരംഭിച്ചതും, പോസ്റ്റുലേറ്റര്‍ ഫാദര്‍ സങ്കാലി പ്രസ്താവനയില്‍ വെളിപ്പെടുത്തി.  








All the contents on this site are copyrighted ©.