2015-09-27 02:30:00

മതങ്ങള്‍ സമാധാന സ്ഥാപനങ്ങള്‍ ദൈവനാമത്തില്‍ കൊലചെയ്യാനാകുമോ?


മതങ്ങള്‍ സമാധാനത്തിനുള്ള സ്ഥാപനങ്ങളാണെന്ന് പുനര്‍പ്രഖ്യാപിച്ചുകൊണ്ടാണ് പാപ്പായുടെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തോടനുബന്ധിച്ച് Ground Zero ചരിത്ര സ്മാരകത്തില്‍ അമേരിക്കയിലെ ദേശീയ മെത്രാന്‍ സമിതിയുടെ മതാന്തരസംവാദത്തിനായുള്ള കമ്മിഷന്‍ പ്രാര്‍ത്ഥതനായോഗം സംഘടിപ്പിച്ചത്.

ന്യൂയോര്‍ക്ക് സിറ്റിക്ക് അലങ്കാരവും ആകര്‍ഷണവുമായിരുന്ന World Trade Centers ലോക വ്യാപരങ്ങള്‍ക്കായുള്ള 40,000 മീറ്ററില്‍ അധികം ഉയരമുണ്ടായിരുന്ന ഇരട്ട മന്ദിരങ്ങള്‍ 2001 സെപ്റ്റംബര്‍ 11-ന് ഭീകരര്‍ തകര്‍ത്തതിന്‍റെയും, അവിടെ മരണമടഞ്ഞ 3000-ല്‍ ഏറെ നിര്‍ദ്ദോഷികളായ അമേരിക്കക്കാരുടെയും സ്മൃതിമണ്ഡപത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് സെപ്തംബര്‍ 25-ാം തിയതി വെള്ളിയാഴ്ച രാവിലെ എത്തിച്ചേര്‍ന്നു.

സംഭവസ്ഥാനത്ത് ഭൂഗര്‍ഭമുണ്ടാക്കിയാണ് ലളിതവും എന്നാല്‍ അര്‍ത്ഥ സംമ്പുഷ്ടവും ഹൃദ്യവുമായ സ്മൃതിമണ്ഡപം ഒരുക്കിയിരിക്കുന്നത്.  കൊല്ലപ്പെട്ടവരുടെ അത്യപൂര്‍വ്വമായ വസ്തുവകകളും ബന്ധുക്കളുടെ വരകളും കുറിപ്പുകളും ചേര്‍ത്തുള്ള പ്രദര്‍ശനവും ഗ്രൗണ്ടു സീറോ, ‘നിലംപരിശായത്’ എന്ന സ്മാരകത്തെ തനിമയുള്ളതാക്കുന്നു.

ഹിന്ദു ബൗദ്ധ യഹൂദ ക്രൈസ്തവ, ഇസ്ലാം എന്നിങ്ങനെ 12 വിവിധ മതപ്രതിനിധികളുടെ അത്യപൂര്‍വ്വ സംഗമമായിരുന്നു പാപ്പാ ഫ്രാന്‍സിസിനോടൊപ്പം ന്യൂയോര്‍ക്കിലെ ഗ്രാവുണ്ട് സീറോയില്‍. സ്മൃതിമണ്ഡപത്തില്‍ പ്രവേശിച്ച് പാപ്പാ ആദ്യം വെള്ളപൂക്കള്‍ അര്‍പ്പിച്ചു. ഭീകരാക്രമണത്തില്‍ മരണമടഞ്ഞ രക്ഷാപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ പ്രതിനിധികളായി  20 പേര്‍ പാപ്പായ്ക്ക് സ്വാഗതം അര്‍പ്പിച്ചു. വേദിയിലുണ്ടായിരുന്ന 12 വിവിധ മതനേതാക്കള്‍ ഏഴുന്നേറ്റുനിന്ന് ജനങ്ങള്‍ക്കൊപ്പം പാപ്പായെ വരവേറ്റു.

ന്യൂയോര്‍ക്ക് അതിരൂപതയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാല്‍ ഡോളന്‍ പാപ്പായെ അനുസ്മരണ പ്രാര്‍ത്ഥനയിലേയ്ക്ക് സ്വാഗതംചെയ്തു. തുടര്‍ന്നു നടന്ന പ്രാര്‍ത്ഥനാരീതി അത്യപൂര്‍വ്വവും സംഘാടക പാ‍ഡവം തെളിയിക്കുന്നതായിരുന്നു. വിശ്വശാന്തിക്കായുള്ള  പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രാര്‍ത്ഥനയോടെയാണ് സമ്മേളനം ആരംഭിച്ചചത്:

സൗഖ്യവും, സ്നേഹവും കാരുണ്യവും പകരുന്ന ദൈവമേ!

വിവരിക്കാനാവാത്ത അതിക്രമങ്ങളുടെയും, വേദനയുടെയും വേദിയില്‍ സമ്മേളിച്ചിരിക്കുന്ന

വിവിധ മതസ്ഥരായ ഞങ്ങളുടെ പ്രാര്‍ത്ഥന അങ്ങു കേള്‍ക്കേണമേ.

അപകട സാഹചര്യത്തോട് ധീരമായ പ്രതികരിച്ച് സഹായവുമായി ആദ്യം ചെന്നുകൊണ്ട്

തങ്ങളുടെ ജീവന്‍ ബലികഴിച്ച സഹോദരങ്ങളുടെ ആത്മാക്കള്‍ക്ക് നിത്യഭാഗ്യം നല്കണമേ. പരിത്യക്തരും ദുഃഖാര്‍ത്ഥരുമായ അവരുടെ കുടുംബങ്ങളെയും മക്കളെയും

അങ്ങു കടാക്ഷിക്കണമേ..... വിദ്വേഷത്തിന്‍റെ പകയുടെയും അന്ധമായ മനസ്സുകളാല്‍

മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരില്‍ അധിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ഹൃദയങ്ങളെ ദൈവമേ,

അങ്ങ് ഇനിയും സ്പര്‍ശിക്കണമേ!

തുടര്‍ന്ന് രണ്ടു മതനേതാക്കള്‍ വീതം മാറി മാറി പ്രാര്‍ത്ഥിക്കുകയും, അവരവരുടെ വേദഗ്രന്ഥങ്ങളില്‍നിന്നുള്ള സമാധാനവചസ്സുകള്‍ ഉരുവിടുകയും ചെയ്തത് ഹൃദയസ്പര്‍ശിയായിരുന്നു. പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ സമാധാനസന്ദേശം നല്കി:

മരവിപ്പിക്കുന്ന മിശ്രവികാരത്തോടെയാണ് ഗ്രൗണ്ട് സീറോ സ്ഥാനത്ത് നില്ക്കുന്നത്. ബുദ്ധിശൂന്യവും യുക്തിക്കു നിരക്കാത്തതുമായ നശീകരണമാണിവിടെ ദൃശ്യമാകുന്നത്..... ദുഃഖം ഇവിടെ തളംകെട്ടി നില്ക്കുന്നു. ഇവിടെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്ന ഒഴുകുന്ന ജലം പ്രതീകാത്മകമാണ്. അത് ആയിരങ്ങളുടെ ഒഴുകുന്ന കണ്ണീരിന്‍റെ ചിത്രീകരണവും പ്രതിഫലനവുമാണ്. നാശംവിതച്ച അവശിഷ്ടങ്ങളില്‍നിന്നു ഒലിക്കുന്ന പ്രതീകാത്മകമായ കണ്ണീരാണ് ഇവിടെ ഒലിക്കുന്നത്. മാനവകുലത്തിന്‍റെ അനീതിയും കൂട്ടക്കുരുതിയും സംവാദത്തിലൂടെ പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങളുടെയും നിസ്സഹാതയ്ക്കു മുന്നില്‍ ഒലിക്കുന്ന ഹൃദയവേദനയുടെ കണ്ണീരാണിത്. നിര്‍ദ്ദോഷികളുടെ നഷ്ടത്തിലുള്ള ക്രൂരതയ്ക്കു മുന്നിലാണ് നാം നിസ്സഹായരായി വിലപിക്കുന്നത്, കാരണം പൊതുനന്മയ്ക്കുതകുന്ന പരിഹരിക്കപ്പെടാതെ പോയ പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് അവയ്ക്കു പിന്നില്‍ എന്നോര്‍ക്കണം...! എന്നാല്‍ പ്രതിസന്ധികളില്‍ പതറാതെ സഹായഹസ്തവുമായെത്തിയ ധീരരുടെ കഥ ഇവിടെ തെളിഞ്ഞു നില്ക്കുകയാണ്. അവര്‍ പ്രകടമാക്കിയ ത്യാഗപൂര്‍ണ്ണമായ നന്മയുടെ പാഠങ്ങള്‍ ഇനിയും സാമൂഹ്യ പ്രതിസന്ധികളില്‍ നമുക്ക് മാതൃകയാവട്ടെ. വ്യക്തികളെ മാനിക്കാതെ കടന്നുപോകുന്ന മുഖമില്ലാത്ത മനുഷ്യര്‍ ലോകത്ത് ധാരാളമുണ്ട്, നമ്മുടെ നഗരങ്ങളിലും... ഇത്രവലിയ നഗരത്തില്‍ സാഹോദര്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും മാതൃക കാണിച്ചുകൊണ്ട് നിസ്വാര്‍ത്ഥമായി തങ്ങളെത്തന്നെ സമൂഹനന്മയ്ക്കായി ജീവന്‍ സമര്‍പ്പിച്ചവര്‍ ലോകത്തിന് മാതൃകയും പ്രചോദനവുമാകട്ടെ! അവര്‍ അനുരജ്ഞനത്തിന്‍റെയും സമാധനത്തിന്‍റെയും പ്രവാചകന്മാരാണ്!

പാപ്പായുടെ ആഹ്വാനപ്രകാരം എല്ലാവരും എഴുന്നേറ്റുനിന്ന് ഒരു നിമിഷം നിശ്ശബ്ദമായി ലോക സമാധനാത്തിനായി പ്രാര്‍ത്ഥിച്ചു. ന്യൂയോര്‍ക്കിലെ സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ സമാധാന ഗീതത്തോടെയാണ് മതസൗഹാര്‍ദ്ദ സമ്മേളനത്തിന് സമാപനമായത്. “Let There Be Peace On Earth.”  സമാധാനം നല്കുന്ന ഉന്മേഷം തെളിയിക്കുമാറ് യുവാക്കള്‍ ആകര്‍ഷകമായ ബഹുവര്‍ണ്ണക്കുപ്പായങ്ങള്‍ അണിയുകയും ആനന്ദനിര്‍വൃതിയില്‍ ആടിപ്പാടുകയും ചെയ്തത് ശ്രദ്ധേയമായി.

പരസ്പരമുള്ള സമാധാനാശംസ്ക്കായി കര്‍ദ്ദിനാള്‍ ഡോളന്‍ സമ്മേളത്തോട് അഭ്യര്‍ത്ഥിച്ചു. വേദിയിലുണ്ടായിരുന്ന മതനേതാക്കളെ വ്യക്തിഗതമായി ഹസ്തദാനം നല്കി പാപ്പാ സമാധാനാശംസ നല്കിയപ്പോള്‍ ഗ്രൗണ്ട് സീറോയില്‍ സമ്മേളിച്ച 3000-ലേറെ പേരും പരസ്പരം സമാധാനാശംസകള്‍ നടത്തി.

കര്‍ദ്ദിനാള്‍ ഡോലനാല്‍ ആനീതനായി പാപ്പാ സ്മൃതിമണ്ഡപത്തോടു ചേര്‍ന്നുള്ള ഗ്രൗണ്ട് സീറോ മ്യൂസിയം സന്ദര്‍ശിച്ച്, തുടര്‍ന്ന് വത്തിക്കാന്‍റെ യുഎന്‍ പ്രതിനിധിയുടെ ന്യൂയോര്‍ക്കിലുള്ള ഭവനത്തിലേയ്ക്ക് വിശ്രമത്തിനുമായി മടങ്ങി.

 








All the contents on this site are copyrighted ©.