2015-09-25 20:26:00

ഓര്‍മ്മകള്‍ മരിക്കില്ല... നന്ദിയോടെ കഠിനാദ്ധ്വാനംചെയ്തു ജീവിക്കുക


ഓര്‍മ്മകള്‍ മരിക്കില്ല. കാരണം അവ നന്ദിയുടെ നല്ല വികാരത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്നതാണ്. ദൈവം തന്ന നിരവധിയായ നന്മകളുടെയും ജീവിതവഴികളുടെയും ഓര്‍മ്മകള്‍ അനിവാര്യമാണ്.

സെപ്റ്റംബര്‍ 24, 25 ബുധന്‍ വ്യാഴം ദിവസങ്ങളില്‍ പാപ്പാ ഫ്രാന്‍സിസ് അമേരിക്കയുടെ തലസ്ഥാന നഗരം സന്ദര്‍ശിച്ചു. വ്യാഴാഴ്ച വൈകുന്നരം ന്യൂയോര്‍ക്ക് നഗരത്തില്‍ പാപ്പാ എത്തിച്ചേര്‍ന്നു. മാന്‍ഹാറ്റനില്‍ സ്ഥിതിയെച്ചുന്ന സെന്‍റ് പാട്രിക് ഭദ്രാസന ദേവാലയത്തില്‍ ന്യൂയോര്‍ക്ക് അതിരൂപതയിലെ വിശ്വാസികള്‍, മെത്രാന്മാര്‍, വൈദികര്‍, സന്ന്യസ്തര്‍ എന്നിവര്‍ക്കൊപ്പം പാപ്പാ സായാഹ്നപ്രാര്‍ത്ഥന ചൊല്ലി. പിന്നെ വചന സന്ദേശവും നല്കി.

അമേരിക്കയിലും ലോകമെമ്പാടുമുള്ള മുസ്ലിം സഹോദരങ്ങള്‍ക്ക്  ബലിപ്പെരുന്നാളിന്‍റെ അല്ലെങ്കില്‍ ബക്രിദിന്‍റെ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പാപ്പാ പ്രഭാഷണം ആരംഭിച്ചത്. കൂടാതെ അന്നേദിവസം, സെപ്റ്റംബര്‍ 25-ാം തിയതി വ്യാഴാഴ്ച മെക്കയില്‍ സംഭവിച്ച അപകടത്തില്‍ മരണമടഞ്ഞവരെയും മുറിപ്പെട്ടവരെയും പാപ്പാ ഖേദപൂര്‍വ്വം അനുസ്മരിച്ചു.

‘സന്തോഷത്തില്‍ ജീവിക്കുക,’ (പത്രോസ് 1, 6) എന്ന പത്രോശ്ലീഹായുടെ ലേഖനത്തിലെ ചിന്ത ക്രൈസ്തവ ജീവിതത്തിന്‍റെ വിളിയാണ്. വിശുദ്ധ പാട്രിക്കിന്‍റെ നാമത്തിലുള്ള ദേവാലയത്തിന്‍റെ നിര്‍മ്മാണത്തിലും അതിന്‍റെ പൂര്‍ത്തീകരണത്തിലും ആയിരങ്ങള്‍ അര്‍പ്പിച്ചിട്ടുള്ള ത്യാഗസമര്‍പ്പണത്തെ പാപ്പാ അനുസ്മരിച്ചു. മെത്രാന്മാരും വൈദികരും മാത്രമല്ല, എത്രയോ അല്‍മായരും സന്നദ്ധസേവകരും കഠിനാദ്ധ്വാനം ചെയ്തതിന്‍റെ ഫലമാണ് ദൈവത്തിനായി ഉയര്‍ത്തപ്പെട്ട ഈ മനോഹരസൗധം! അതുപോലെ  ന്യൂയോര്‍ക്കില്‍ നല്ല വിദ്യാഭ്യാസ രീതിക്ക് ത്യാഗപൂര്‍വ്വം തുടക്കമിട്ട വിശുദ്ധ എലിസബത്ത് ആന്‍ ഷീറ്റണ്‍, വിശുദ്ധ ജോണ്‍ ന്യൂമാന്‍ എന്നവരെയും  അവരെപ്പോലെ നിശ്ശബ്ദ സേവനംചെയ്ത മറ്റ് നിരവധി വ്യക്തികളെയും പാപ്പാ നന്ദിയോടെ അനുസ്മരിച്ചു.

മറ്റുള്ളവര്‍ക്ക് ഉതപ്പുനല്കുന്ന വിധത്തില്‍ നമ്മില്‍ ചിലര്‍ ദുര്‍ബലരായവരെ പീഡിപ്പിച്ച സംഭവത്തിന്‍റെ വേദനയും അപാമനവും ഇനിയും നമുക്ക് മറക്കാനാവുന്നതല്ല. ‘നിങ്ങള്‍ ഞെരുക്കത്തില്‍നിന്നു വന്ന സമൂഹമാണ്’ എന്ന വെളിപാടു ഗ്രന്ഥത്തിലെ വചനം പാപ്പാ അനുസ്മരിച്ചു (വെളിപാട് 7, 14). തിന്മയുടെ പാതവെടിഞ്ഞ് ക്രിസ്തുവിനോടും അവിടുത്തെ സഭയോടും വിശ്വസ്തരായി ഉത്തരവാദിത്വപ്പെട്ടവര്‍ ജീവിക്കാന്‍ പരിശ്രമിക്കണമെന്നും, അതിനായി താന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു.

ഓര്‍മ്മകള്‍ മരിക്കില്ല. കാരണം അവ നന്ദിയുടെ നല്ല വികാരത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്നതാണ്. ദൈവം തന്ന നിരവധിയായ നന്മകളുടെയും ജീവിതവഴികളുടെയും ഓര്‍മ്മകള്‍ അനിവാര്യമാണ്. ഓര്‍മ്മയുടെ കൃപയോടെ ജീവിക്കുന്നത് ജീവിതത്തില്‍ അനുഗ്രഹദായകവുമാണ്. വിശിഷ്യ ദൈവത്തിന്‍റെ വിളി സ്വീകരിച്ച് അവിടുത്തേയ്ക്കായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള സന്ന്യസ്തരും വൈദികരും പ്രേഷിതരും ഓര്‍മ്മയുടെ കൃപയില്‍ ജീവിക്കേണ്ടവരാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

രണ്ടാമതായി, നന്ദിയുള്ളവര്‍, ദൈവം നല്കിയ നന്മകള്‍ക്ക് പ്രതിനന്ദിയായി കഠിനാദ്ധ്വാനംചെയ്തു ജീവിക്കുമെന്നും പാപ്പാ പ്രസ്താവിച്ചു. ദൈവം എത്രത്തോളം നന്മകളാണ് നമുക്ക് നല്കിയിട്ടുള്ളത്, അനുദിനം നല്കിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ സ്വാര്‍പ്പണത്തോടും ത്യാഗമനഃസ്ഥിതിയോടുംകൂടെ സഹോദരങ്ങളെയും ദൈവത്തെയും സ്നേഹിച്ച്, നന്മചെയ്തു ജീവിക്കാന്‍ സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

ലൗകായത്വം നിറഞ്ഞ ആത്മീയത (spiritual worldliness ) ജീവിതസമര്‍പ്പണത്തിന്‍റെ കഠിനാദ്ധ്വാനത്തിന് ഘടകവിരുദ്ധമാണ്. നാം സത്യസന്ധരാണെങ്കില്‍ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെ വെളിച്ചത്തിലും ചൈതന്യത്തിലും ജീവിക്കുവാന്‍ സാധിക്കുണം. ലോകത്തു കാണുന്ന ബിസിനസ് രീതിയോ, മാനേജ്മെന്‍റ് സിസ്റ്റത്തിന്‍റെ കാര്യക്ഷമതയോ സഭാജീവിതത്തില്‍ വേണമെന്നില്ലെന്ന് പാപ്പാ പ്രസ്താവിച്ചു.

മാനസാന്തരത്തിനും ആത്മീയാനുഭവത്തിനുമായി ദൈവം തരുന്ന നിരന്തരമായ വിളികള്‍ തള്ളിക്കളഞ്ഞ് വെറുതെ ഇരിക്കുന്നതും, ലൗകിക സുഖങ്ങളില്‍ വ്യാപൃതരാകുന്നതും അപകടകരമാണ്. ഉദാരമായ സേവനത്തിന് നമ്മെ ഒരുക്കുകയും കരുപ്പിടിപ്പിക്കുകയും ചെയ്യുന്ന രീതിക്കു പകരം, സ്വയം സമ്പന്നരും കരുത്തുറ്റവരുമായിത്തീരുന്ന വിശ്രമത്തിന്‍റെയും വിനോദത്തിന്‍റെയും ലാഘവ മനഃസ്ഥിതിയല്ല നാം കൈക്കൊള്ളേക്കേണ്ടത്.

നന്ദിയും കഠിദ്ധ്വാനവും ആദ്ധ്യാത്മിക ജീവിതത്തിന്‍റെ നെടുംതൂണുകളാണ്. അവയാണ് ജീവിതത്തില്‍ നമുക്ക് തുണയാവേണ്ടത്. ഈ സായാഹ്നപ്രാര്‍ത്ഥനയില്‍ മറിയത്തിന്‍റെ സ്തോത്രഗീതം വീണ്ടും ആലപിക്കുമ്പോള്‍, മറിയത്തോടൊപ്പവും മറിയത്തെപ്പോലെയും നന്ദിയുടെ വികാരങ്ങള്‍ ദൈവസന്നിധിയില്‍ ഉയര്‍ത്താം എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്. തുടര്‍ന്ന് പാപ്പാ സമാപനപ്രാര്‍ത്ഥന ചൊല്ലുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.

പാപ്പായുടെ സന്ദര്‍ശനത്തിനും സാന്നിദ്ധ്യത്തിനും തന്‍റെ വാചാലവും ഹൃദ്യവുമായ ശൈലിയില്‍ നന്ദിയുടെയും സനേഹത്തിന്‍റെയും വികാരങ്ങള്‍ ന്യൂയോര്‍ക്ക് അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ തിമോത്തി ഡോലന്‍, പ്രകടിപ്പിച്ചു. പിന്നെ പാപ്പായുടെ സന്ദര്‍ശനത്തിന് ഒരുക്കമായി ധാരാളം സഹൃദയരുടെയും അഭ്യൂദയകാംക്ഷികളുടെയും ഔദാര്യത്താല്‍ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുകയും നവീകരിക്കുകയും ചെയ്ത ഭദ്രാസന ദേവാലയം ആശീര്‍വ്വദിക്കണമെന്ന് പാപ്പായോട് കര്‍ദ്ദിനാള്‍ ഡോലന്‍ താഴ്മയായി അഭ്യാര്‍ത്ഥിച്ചു. ആള്‍ത്താരയില്‍ നിന്നുകൊണ്ട് ഹ്രസ്വമായ ആശീര്‍വ്വാദക്രമം ഉപയോഗിച്ചുകൊണ്ട് പാപ്പാ ദേവാലയത്തെ ആശീര്‍വ്വദിച്ചു. അതോടെ ന്യൂയോര്‍ക്ക് കത്തീ‍ഡ്രല്‍ ദേവാലയത്തിലെ സായാഹ്നപ്രാര്‍ത്ഥന സമാപിച്ചു. ഒപ്പം പാപ്പായുടെ അപ്പസ്തോലിക യാത്രയുടെ ഏഴാം ദിവസവും സമാപിച്ചു.

കര്‍ദ്ദിനാള്‍ ഡോളനോടും മറ്റു സഭാദ്ധ്യക്ഷന്മാരോടും വിശ്വാസസമൂഹത്തോടും യാത്രപറഞ്ഞ്, യുഎന്നിലെ വത്തിക്കാന്‍റെ സ്ഥിരം നിരിക്ഷകന്‍റെ നഗരമദ്ധ്യത്തിലുള്ള വസതിയിലേയ്ക്ക് പാപ്പാ കാറില്‍ യാത്രയായി. അത്താഴം കഴിച്ച് അവിടെ വിശ്രമിച്ചു.








All the contents on this site are copyrighted ©.