2015-09-24 22:06:00

സംരക്ഷിക്കപ്പെടേണ്ട ഭൂമി നമ്മുടെ തറവാടും പൊതുഭവനവും


പാപ്പാ ഫ്രാന്‍സിസിന്‍റെ പാരിസ്ഥിതിക പ്രബോധനം ‘ലൗദാത്തോ സീ’ – കുടുംബങ്ങളെ കേന്ദ്രീകരിച്ചാണെന്ന് നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്ക്സണ്‍ പ്രസ്താവിച്ചു.

സെപ്തംബര്‍ 23-ാം തിയതി  ബുധനാഴ്ച   അമേരിക്കയിലെ ഫിലാഡെല്‍ഫിയിലെ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സമ്മേളിച്ചിരിക്കുന്ന 8-ാമത് ആഗോള കത്തോലിക്കാ കുടുംബ സംഗമത്തെ അഭിസംബോധനചെയ്യവെയാണ് കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ഭൂമിയെ പൊതുഭവനവും വലിയ തറവാടുമായി കാണുകയാണെങ്കില്‍  എന്നും അതിനെ നാം സംരക്ഷിക്കുമെന്ന പാപ്പായുടെ സംജ്ഞ കര്‍ദ്ദിനാള്‍ ടേര്‍ക്കസണ്‍ പ്രബന്ധത്തിന് ആമുഖമായി ചൂണ്ടിക്കാട്ടി. അങ്ങനെ മനുഷ്യന്‍റെയും കുടുംബങ്ങളുടെയും അസ്തിത്വത്തിനും വളര്‍ച്ചയ്ക്കും ഭൂമിയാകുന്ന പൊതുഭവനത്തിന്‍റെ സംരക്ഷണം അനിവാര്യമാണെന്നുള്ള അടിസ്ഥാന ബലതന്ത്രമാണ് പാപ്പാ ഫ്രാന്‍സിസ് ചാക്രിക ലേഖനത്തിലൂടെ ലോകത്തുള്ള കുടുംബങ്ങള്‍ക്ക് നല്‍കുന്നതെന്ന് കര്‍ദ്ദിനാള്‍ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.

പരിസ്ഥിതി സംബന്ധിയായ  Laudato Si’  അങ്ങേയ്ക്കു സ്തുതി! എന്ന പാപ്പായുടെ ചാക്രികലേഖനത്തെ ആധാരമാക്കി കുടുംബങ്ങളുടെ ആഗോളസംഗമത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലൂടെ പരിസ്ഥിതിയുടെ മനുഷ്യാന്തസ്സിന്‍റെയും സംരക്ഷണം സംബന്ധിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ  നവമായ ചിന്തകള്‍ കുടുംബങ്ങളുടെ ആഗോള സംഗമത്തില്‍ കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍ പങ്കുവച്ചു.   

ജീവനെ പരിളാളിക്കുകയും പരിരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യേണ്ട സാമൂഹ്യഘടനയില്‍ വ്യക്തികള്‍ ചേര്‍ന്നാണ് കുടുംബങ്ങള്‍ ഉണ്ടാകുന്നതെന്ന് പാപ്പാടെ പ്രബോധനത്തെ ആധാരമാക്കി കര്‍ദ്ദിനാള്‍ സമര്‍ത്ഥിച്ചു. പാപ്പായുടെ ചാക്രികലേഖനം പരിസ്ഥിതിയെയോ പ്രകൃതിയെയോ വേറിട്ടു പഠിക്കുന്നില്ലെന്നു മാത്രമല്ല, മനുഷ്യജീവിതത്തിന് ഉപായസാധ്യതയാകുന്നതും, വെറും പശ്ചത്താലമാകുന്നതുമായ ഘടകമായിട്ടു മാത്രം അതിനെ കാണുന്നുമില്ലെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ പ്രബന്ധത്തില്‍ നിരീക്ഷിച്ചു.

മാനവകുലത്തിന്‍റെ തറവാടാകുന്ന പൊതുഭവനമാണ് പ്രകൃതിയെന്നും,  ഒപ്പം അതില്‍ത്തന്നെ ഓരോ കുടുംബങ്ങള്‍ക്കും പാര്‍ക്കുവാന്‍ ചെറുകുടുംബവും, പിന്നെ ചെറിയ ചുറ്റുപാടുകളും നാം നിര്‍മ്മിക്കുന്നുവെന്നത് പാപ്പാ നല്കുന്ന പരിസ്ഥിതി സംബന്ധിയായ സമഗ്രവീക്ഷണമാണ് കര്‍ദ്ദിനാള്‍ സമ്മേളനത്തില്‍ എടുത്തുപറഞ്ഞു. അതിനാല്‍ ഓരോ മനുഷ്യന്‍റെയും ജീവിതത്തിന്‍റെയും ഭാഗവും ഭാഗധേയവുമാണ് പരിസ്ഥിതി. ധൂര്‍ത്തിന്‍റെയും ആര്‍ത്തിയുടെയും വലിച്ചെറിയല്‍ സംസ്ക്കാരമാണ് ലോകത്ത് എല്ലാക്കുടുംബങ്ങള്‍ക്കും തറവാടാകേണ്‌‌ടതും വാസയോഗ്യമായ ഇടം നല്കുന്നതുമായ ഭൂമിയെ നശിപ്പിക്കുന്നത്, എന്നുള്ള വളരെ ലോലവും സൂക്ഷ്മവുമായ സംവേദന ശക്തിയോടുകൂടെ നമ്മുടെ പൊതുഭവനമായ ഭൂമിയില്‍ ജീവിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നത് കര്‍ദ്ദിനാള്‍ പ്രബന്ധത്തില്‍ പരാമര്‍ശിച്ചു. അങ്ങനെ ഇന്നത്തെ തലമുറക്കാരായവര്‍ വരുംതലമുറയ്ക്ക് ഏതു തരത്തിലുള്ള ലോകമാണ് നല്കുന്നത്, നല്കുവാന്‍പോകുന്നത്? എന്ന അവബോധപൂര്‍വ്വകമായ ചോദ്യത്തോടെ, ചിന്തയോടെ അനുദിനം ജീവിക്കണമെന്ന് പാപ്പാ ചാക്രികലേഖനത്തില്‍ ഉദ്ബോധിപ്പിക്കുന്നതും കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ കുടുംബങ്ങളുടെ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.  

 








All the contents on this site are copyrighted ©.