2015-09-23 17:39:00

സാമ്പത്തിക താല്പര്യങ്ങള്‍ ജനവിരുദ്ധമാകരുതെന്ന് വത്തിക്കാന്‍


സാമ്പത്തിക താല്പര്യങ്ങള്‍ തദ്ദേശ സംസ്ക്കാരങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന്, ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു.

സെപ്തംബര്‍ 22-ാം തിയതി ചൊവ്വാഴ്ച ജനീവ ആസ്ഥാനത്തു ചേര്‍ന്ന മനുഷ്യാവകാശ കമ്മിഷന്‍റെ 30-ാമത് സമ്മേളനത്തിലാണ് ആഗോളവത്ക്കരണവും, സാമ്പത്തിക താല്പര്യങ്ങള്‍ മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ള രാഷ്ട്രങ്ങളുടെ പുതിയ നയങ്ങളും എപ്രകാരം തദ്ദേശ സംസ്ക്കാരങ്ങളുടെയും ജനതകളുടെയും അടിസ്ഥാന അന്തസ്സും അവകാശങ്ങളും അവഗണിക്കുകയും, പലപ്പോഴും ലംഘിക്കുക്കയും ചെയ്യുന്നതെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി അഭിപ്രായ പ്രകടനത്തില്‍ രാഷ്ട്ര പ്രതിനിധികളെ ചൂണ്ടിക്കാട്ടി.

സുഗന്ധ ദ്രവ്യങ്ങളുടെ സംസ്ക്കരണ വ്യവസായങ്ങളും, ഖനികള്‍, ക്രഷര്‍, ക്വാറിപോലുള്ള പ്രകൃതി ധാതുക്കളുമായി ബന്ധപ്പെട്ട നവമായ ഉല്പാദന മേഖലകളും സാമ്പത്തിക ലക്ഷൃം മാത്രം മുന്നില്‍ കണ്ടുകൊണ്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ അന്യായമായും അനീതിപരമായും തദ്ദേശ ജനതകളുടെയും സംസ്ക്കാരങ്ങളുടെയും അന്തസ്സും അവകാശങ്ങളും മാനിക്കാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി കുറ്റപ്പെടുത്തി.

ഇന്ന് ആഗോളതലത്തില്‍ വര്‍ദ്ധിച്ചു വരുന്ന വിദേശനിക്ഷേപങ്ങളും അതുമായി ബന്ധപ്പെട്ട വ്യവസായിക വികസനപദ്ധതികളും തദ്ദേശ ജനതകളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ ക്രമീകരിക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി ഉദാഹരണസഹിതം സമ്മേളനത്തെ അറിയിച്ചു.

തദ്ദേശ ജനതയുടെ സാസ്ക്കാരിക തനിമയും, പരമ്പരാഗത അറിവും, ഭാഷയും, കലയും കരവിരുതും, ഡാന്‍സും സംഗീതവും, ചികിത്സാ സമ്പദായവുമെല്ലാം പരിരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും വികസിപ്പിച്ച് തലമുറകള്‍ക്ക് തല്കിയില്ലെങ്കില്‍ അവ എന്നേയ്ക്കുമായി നഷ്ടമാവാന്‍ ഇടയുണ്ടെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തെ ബോധ്യപ്പെടുത്തി.  

അതിനാല്‍ ഈ മേഖലയില്‍ അഭിന്നമായതും ഏകതാനതയുള്ളതുമായ അടിസ്ഥാന മനുഷ്യാവകാശ സംരക്ഷണത്തിന്‍റെയും നീതിയുടെയും പൊതുനന്മ ലക്ഷൃമാക്കിയുള്ള തീരുമാനങ്ങളിലേയ്ക്കും നയങ്ങളിലേയ്ക്കും രാഷ്ട്രങ്ങള്‍ നീങ്ങളണമെന്ന വ്യക്തമായ നിരീക്ഷണത്തോടെയാണ് ആര്‍ച്ചുബിഷപ്പ് തൊമാസി തന്‍റെ അഭിപ്രായപ്രകടനം ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.