2015-09-23 18:48:00

അമേരിക്കന്‍ ജനതയ്ക്ക് ധാര്‍മ്മിക ബലമായി പാപ്പായുടെ സഹോദര്യസാന്നിധ്യം


പാപ്പായുടെ സന്ദര്‍ശനം അമേരിക്കയ്ക്ക് ധാര്‍മ്മിക ബലമേകുമെനന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

സെപ്തംബര്‍ 22-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം ക്യൂബയില്‍നിന്നും അമേരിക്കയിലേയ്ക്ക് പറക്കവെ പാപ്പായുടെ വിമാനത്തിലുണ്ടായിരുന്ന അന്തര്‍ദേശിയ മാധ്യമ പ്രവര്‍ത്തകരുടെ സംഘത്തിന് നല്കിയ വാര്‍ത്താ സമ്മേളനത്തിലാണ് 10-ാമത്തെ അപ്പസ്തോലിക പര്യടനത്തിന്‍റെ രണ്ടാം ഘട്ടമായ അമേരിക്ക സന്ദര്‍ശനത്തെക്കുറിച്ച് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ലോകത്തെ ഭരണകൂടങ്ങള്‍ കൈകാര്യംചെയ്യാന്‍ തത്രപ്പെടുന്ന വിഷയങ്ങളിലേയ്ക്ക് ധാര്‍മ്മികവും നിഷ്പക്ഷവും സുതാര്യവുമായി വെളിച്ചം വീശുവാനും ജനതകളെയും രാഷ്ട്രനേതാക്കളെയും ഉത്തേജിപ്പിക്കാവാന്‍ ആഗോള പ്രാമുഖ്യവും ജനപ്രീതിയുമുള്ള ‘ആത്മീയ നായകന്‍’ എന്ന നിലയില്‍ പാപ്പാ ഫ്രാന്‍സിസിന് ഈ സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്ന് ഫാദര്‍ ലൊമ്പാ‍ര്‍ഡി വിമാനത്തിലൂണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരോട് പ്രസ്താവിച്ചു.

ക്യൂബയിലെ മൂന്നു ദിവസം നീണ്ട പരിപാടികള്‍ പാപ്പായ്ക്ക് ആയാസകരമായിരുന്നെങ്കിലും പൂര്‍ണ്ണ ആരോഗ്യവാനും സംതൃപതനുമാണ് പാപ്പായെന്നും, ഇനിയും വര്‍ദ്ധിച്ച ഉന്‍മേഷത്തോടെ പാപ്പാ അമേരിക്ക സന്ദര്‍ശനം നടത്തതുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി സമര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.