2015-09-22 22:31:00

പാപ്പാ ഫ്രാന്‍സിസ് ക്യൂബയിലെ കുരിശുമല സന്ദര്‍ശിച്ചു


 തെക്കു കിഴക്കന്‍ ക്യൂബയുടെ ഹോള്‍ഗ്വിന്‍ നഗരപ്രാന്തത്തിലെ കുരിശുമല തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച് പാപ്പാ ഫ്രാന്‍സിസ് നഗരത്തെ ആശീര്‍വദിച്ചു.

സെപ്തംബര്‍ 21-ാം തിയതി തിങ്കളാഴ്ച അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ മൂന്നാം ദിവസത്തിലാണ് ക്യൂബയുടെ സാംസ്ക്കാരിക കേന്ദ്രംകൂടിയായ ഹോള്‍ഗ്വിനിലെ Loma de La Cruz എന്ന പ്രശസ്തമായ ‘കുരിശുമല’ പാപ്പാ സന്ദര്‍ശിച്ചത്.

ക്യൂബയുടെ വിഖ്യാതമായ ഈ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ സന്ദര്‍ശനവും നഗരാശീര്‍വാദവുമായിരുന്നു പാപ്പായുടെ സന്ദര്‍ശന ലക്ഷൃം. പാപ്പായെ സ്വീകരിക്കുവാനും കാണുവാനും ആയിരങ്ങള്‍ അവിടെ സമ്മേളിച്ചിരുന്നു.

മെയ്മാസത്തിലെ കുരിശിന്‍റെ തീര്‍ത്ഥാടന കാലത്താണ് ക്യൂബയുടെ വിനോദസഞ്ചാര നഗരമായ ഹോള്‍ഗ്വിനിലേയ്ക്ക് ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നും സന്ദര്‍ശകരും തീര്‍ത്ഥാടകരും എത്തിച്ചേരുന്നത്. ഹോള്‍ഗ്വിന്‍ നഗരത്തിന്‍റെ വടക്കുഭാഗത്ത് 261 മീറ്റര്‍, 1100 അടി ഉയരമുള്ള കുന്നിലാണ് 5 മീറ്റര്‍, 15 അടി ഉയരമുള്ള കല്‍ക്കുരിശ് നാട്ടിയിരിക്കുന്നത്.  ചരിത്രപരമായി നാടിന്‍റെ സാമൂഹ്യ സാംസ്ക്കാരിക ബിംബമാണീക്കുരിശ്!  1790-ല്‍ ഫ്രാന്‍സിസ്ക്കന്‍ ഒരു സന്ന്യാസ വൈദികനാണ്  അതിമനോഹരവും ഉയര്‍ന്നതുമായ നഗര ദര്‍ശന സ്ഥാനത്ത്  കുരിശു നാട്ടിയത്. പിന്നീടാണ് കുന്നിന്‍റെ പരിസരം വിപുലീകരിച്ച് മനോഹരമാക്കിയതും, കുന്നിന്‍ മുകളില്‍ ചുറ്റും നടന്നാല്‍ നഗരദര്‍ശനം ലഭിക്കുന്ന സൗകര്യം ഒരുക്കിയതും, അതൊരു തീര്‍ത്ഥാടന കേന്ദ്രമായി തീര്‍ന്നതും.

അവിടെ കുരിശിന്‍റെ ചുവട്ടില്‍ ഏതാനും നിമിഷങ്ങള്‍ നിശ്ശബ്ദമായിനിന്നു പ്രാര്‍ത്ഥിച്ച പാപ്പാ, കുന്നിനു താഴെയും ചുറ്റുമായി പരന്നു കിടക്കുന്ന ഹോള്‍ഗ്വിന്‍ നഗരത്തെ മാത്രമല്ല, ക്യൂബ രാജ്യത്തെത്തന്നെ  ആശീര്‍വ്വദിച്ചു. കുട്ടികളുടെ ഗായക സംഘം ആലപിച്ച ഗീതങ്ങള്‍ ആശീര്‍വ്വാദകര്‍മ്മത്തിന്‍റെ ലാളിത്യവും കുരിശുമാലയുടെ ഭക്തിസാന്ദ്രതയും ധ്വിനിപ്പിച്ചു.

സര്‍വ്വശക്തനായ ദൈവമേ, അങ്ങെ തിരുമുന്‍പില്‍ സകലരും മുഴങ്കാല്‍ മടക്കുന്നുവല്ലോ. അങ്ങേ അനുഗ്രഹം തേടുന്ന മക്കളോട് കൃപയായിരിക്കണമേ.... അങ്ങേ തിരുക്കുമാരന്‍റെ കുരിശിനെ പ്രത്യാശയോടെ ഉറ്റുനോക്കുന്ന സകലരും രക്ഷപ്രാപിക്കട്ടെ! – എന്ന ഹ്രസ്വമായ പ്രാര്‍ത്ഥനയോടെ കുരിശിന്‍ ചുവട്ടില്‍നിന്നുകൊണ്ട് പാപ്പാ നഗരത്തെയും, അവിടെ സമ്മേളിച്ച സകലരെയും ആശീര്‍വ്വദിച്ചു.

10 മിനിറ്റു മാത്രം നീണ്ടുനിന്ന ചടങ്ങിനുശേഷം പാപ്പാ ഫ്രാന്‍സിസ് പേപ്പല്‍ വാഹനത്തില്‍ കുന്നിറങ്ങി. 24 കി.മീ. അകലെയുള്ള ഹോള്‍ഗ്വിന്‍ വിമാനത്താവളത്തിലേയ്ക്ക് യാത്രയായി. 150 കി. മീ. അകലെയുള്ള സാന്തിയാഗോ നഗരം ലക്ഷ്യമാക്കി പാപ്പായുടെ വിമാനം പറന്നുയര്‍ന്നു. അവിടെ വിശുദ്ധ ബേസിലിന്‍റെ നാമത്തിലുള്ള പുരാതന സെമിനാരിയില്‍വച്ച് ക്യൂബയുടെ ദേശീയ മെത്രാന്‍ സംഘവുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. അതിനുശേഷം ക്യൂബയുടെ ദേശീയ മദ്ധ്യസ്ഥയായ കൊബ്രെയിലെ കന്യകാനാഥയുടെ നാമത്തിലുള്ള തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ച് ദൈവമാതാവിന് പുഷ്പാജ്ഞലി അര്‍പ്പിച്ചശേഷം, ക്യൂബന്‍ ജനതയ്ക്കുവേണ്ടിയും തന്‍റെ പ്രേഷിത നിയോഗങ്ങള്‍ക്കുവേണ്ടിയും പാപ്പാ പ്രാര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.