2015-09-22 17:27:00

ക്യൂബയില്‍ പാപ്പാ പങ്കുവച്ച മാനസാന്തരത്തിന്‍റെ കഥ


ക്യൂബയുടെ തെക്കു-കിഴക്കന്‍ വന്‍നഗരമായ ഹോള്‍ഗ്വിനിലെ വിപ്ലവച്ത്വരത്തില്‍ തന്‍റെ അപ്പസ്തോലിക പര്യടനത്തിന്‍റെ മൂന്നാം ദിവസം, സെപ്തംബര്‍ 21-ാം തിയതി രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പാപ്പാ നല്കിയ സുവിശേഷചിന്തകള്‍. മത്തായിയുടെ സുവിശേഷം 9, 9-13-നെ ആധാരമാക്കി പാപ്പാ പങ്കുവച്ച ഹൃദ്യമായ ചിന്തകള്‍ താഴെ ചേര്‍ക്കുന്നു:

മാനസാന്തരത്തിന്‍റെ കഥയായിരുന്നു ഇന്നത്തെ സുവിശേഷം. സുവിശേഷകനും അപ്പസ്തോലനുമായ വിശുദ്ധ മത്തായിയുടെ ജീവിതത്തെ പാടെ മാറ്റിമറിച്ച ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെ അനുഭവം സുവിശേഷത്തില്‍ അദ്ദേഹം തന്നെയാണ് വിവരിക്കുന്നത്. ചരിത്രത്തെ മാറ്റിമറിച്ച നേര്‍ക്കാഴ്ചയായിരുന്നു അത്. 

ചുങ്കം പിരിക്കുന്ന തന്‍റെ ജോലിയില്‍ മത്തായി ഒരുനാള്‍ വ്യാപൃതനായിരുന്നപ്പോള്‍ ക്രിസ്തു ആ വഴി വന്നു. അയാളെ കണ്ട് അടുത്തു ചെന്ന് ഇങ്ങനെ പറഞ്ഞു, “മത്തായീ, എന്നെ അനുഗമിക്കുക!” അയാള്‍ എഴുന്നേറ്റ് അവിടുത്തെ അനുഗമിച്ചു. പിന്നെ ക്രിസ്തു അയാളെ ഒന്നു നോക്കുക മാത്രമാണ് ചെയ്തത്. ആ നോട്ടത്തില്‍ ക്രിസ്തു പ്രകടമാക്കിയ സ്നേഹം അത്യഘാതമായിരുന്നു. അതാണ് മത്തായിയെ മാനസാന്തരപ്പെടുത്തിയതും, അവിടുത്തെ അനുഗമിക്കാന്‍ പ്രേരിപ്പിച്ചതും. തന്‍റെ ചുങ്കക്കടയില്‍നിന്നും എഴുന്നേറ്റു പോകുവാന്‍ മാത്രം എന്തു ശക്തിയാണ് ക്രിസ്തുവില്‍ പ്രകടമായതെന്ന് ആരും ചിന്തിച്ചു പോകും!

ചുങ്കക്കാരനും പരസ്യപാപിയുമായ മത്തായി യഹൂദരില്‍നിന്നു കരംപിരിച്ച് റോമാക്കാര്‍ക്കു കൊടുക്കുന്ന ജോലിയിലായിരുന്നു. ചുങ്കക്കാരെ അതിനാല്‍ സാധാരണ ജനം പാപികളായി കാണുകയും അവരെ പുച്ഛിക്കുകയും വെറുക്കുകയും, സമൂഹത്തില്‍നിന്നും അകറ്റിനിറുത്തുകയും ചെയ്തിരുന്നു. അത്തരക്കാരോടൊപ്പം ഭക്ഷിക്കുവാനോ, സംസാരിക്കുവാനോ, കൂടെ പ്രാര്‍ത്ഥിക്കുവാനോ ആരും കൂട്ടാക്കിയില്ല. ഇത്തരത്തിലൊരു സാമൂഹ്യ ഘടനയിലാണ് ചുങ്കാര്‍ കഴിഞ്ഞുകൂടിയത്. എന്നാല്‍ അങ്ങിനെയൊരു ചുങ്കക്കാരന്‍റെ മുന്നില്‍ ഇതാ, ക്രിസ്തു നില്ക്കുന്നു. അവിടുന്ന് അയാളെ വിട്ട് അകന്നുപോയില്ല. ശാന്തമായും സൗമ്യമായും യേശു മത്തായിയെ ഒന്നു നോക്കി പുഞ്ചിരിച്ചു. അവിടുന്ന് കാരുണ്യത്തിന്‍റെ കണ്ണുകളോടെയാണ് അയാളെ നോക്കിയത്. ഇന്നുവരെയ്ക്കും മറ്റാരും ചെയ്യാത്തതുപോലെ ക്രിസ്തു അയാളെ കടാക്ഷിച്ചു. അയാളോട് കാരുണ്യം കാണിച്ചു. ആ നോട്ടം മത്തായിയുടെ കഠിനഹൃദയത്തിന്‍റെ കുരുക്കഴിച്ചു. അത് അയാളെ സ്വതന്ത്രനാക്കി, അയാള്‍ക്ക് സൗഖ്യമേകി. സഖേവൂസിനും, ബാര്‍ത്തിമേവൂസിനും, മഗ്ദലയിലെ മേരിക്കും പത്രോസിനും നല്കിയതുപോലുള്ള പ്രത്യാശയുടെ പുതുജീവന്‍ ആ നോട്ടത്തിലൂടെ ക്രിസ്തു അയാള്‍ക്കു നല്കി. നമുക്ക് ഓരോരുത്തര്‍ക്കും ഇന്ന് ക്രിസ്തു അതേ പ്രത്യാശയാണ് പകര്‍ന്നു നല്കുന്നത്, എന്ന് പാപ്പാ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

നാം ക്രിസ്തുവിലേയ്ക്ക് ദൃഷ്ടികള്‍ ഉയര്‍ത്തുന്നില്ലെങ്കിലും അവിടുന്ന് നമ്മെ ആദ്യം കടാക്ഷിക്കുന്നു. മത്തായിയുടെ മാനസാന്തരത്തിന്‍റെ കഥ നമ്മുടെയും മറ്റ് അനവധി പേരുടെയും ജീവിതകഥയും അനുഭവവുമാണെന്നതില്‍ സംശയമില്ല. ഞാന്‍ മത്തായിയെപ്പോലെ ക്രിസ്തുവിന്‍റെ ദിവ്യകടാക്ഷം പതിച്ചൊരു പാപിയാണേ! നമ്മു‌‌ടെ ജീവിതത്തില്‍ അത് ഭവനത്തില്‍വച്ചോ, ദേവാലയത്തില്‍വച്ചോ, എവിടെയുമാവട്ടെ, ദൈവത്തിന്‍റെ കരുണാര്‍ദ്രമായ കടാക്ഷം നമ്മുടെ ജീവിതത്തില്‍ നിപതിച്ച ആ സാഹചര്യം നമുക്ക് നന്ദിയോടും സന്തോഷത്തോടുംകൂടെ അയവിറക്കാനാവുമോ?!

നമുക്കു മുന്നേപോകുന്നതും, നമ്മുടെ ആവശ്യങ്ങളെ മുന്‍കൂട്ടി കാണുന്നതുമാണ് ക്രിസ്തുവിന്‍റെ സ്നേഹം. നമ്മുടെ ബാഹ്യമോടിക്കും, പാപങ്ങള്‍ക്കും, പരാജയങ്ങള്‍ക്കും അയോഗ്യതകള്‍ക്കുമപ്പുറം എത്തിപ്പെടുന്നതാണ് ആ ദിവ്യസ്നേഹം. നമ്മുടെ സാമൂഹ്യനിലവാരത്തിനും അവസ്ഥയ്ക്കും മീതെ എത്തുവാന്‍ കഴിവുള്ളവനാണ് ക്രിസ്തു! കാരണം, പാപത്താല്‍ മലീമസമാക്കപ്പെടാവുന്ന ദൈവപുത്രരുടെയും പുത്രിമാരുമാരുടെയും, എന്നാല്‍ ഒരിക്കലും നഷ്ടമാവാത്ത അന്തസ്സുള്ളവരായിട്ടാണ് അവിടുന്ന് അവരെ, നമ്മെ കാണുന്നത്. 

മനുഷ്യരുടെയും ദൈവത്തിന്‍റെയും മുന്നില്‍ അയോഗ്യരെന്ന് വിധിക്കപ്പെട്ടവരെ തേടിയാണ് ക്രിസ്തു വന്നത്. ക്രിസ്തുവിന്‍റെ കടാക്ഷം നമ്മില്‍ പതിയാന്‍ ഇന്നാളില്‍ നമുക്ക് നമ്മെത്തന്നെ അനുവദിക്കാം. നമ്മുടെ ജീവിതത്തെരുവുകളുടെ പാപാവസ്ഥയിലേയ്ക്ക് അവിടുത്തെ ദൃഷ്ടി പതിക്കട്ടെ. അങ്ങനെ ആ നോട്ടം നമ്മുടെ സന്തോഷവും പ്രത്യാശയുമായി പരണമിക്കട്ടെ!

കാരുണ്യത്തോടെ കടാക്ഷിച്ചിട്ട് ക്രിസ്തു അയാളോടു പറഞ്ഞത്, “മത്തായീ, നീ എന്നെ അനുഗമിക്കുക.” അയാള്‍ എഴുന്നേറ്റ് ഉടനെ അവിടുത്തെ അനുഗമിച്ചു. നോക്കിനുശേഷം, ഇതാ, ഒരു വാക്കും! ക്രിസ്തുവിന്‍റെ നോക്കിലെ സ്നേഹമാണ് ജീവിതദൗത്യം തെളിയിച്ചു കൊടുത്തത്. പിന്നെ മത്തായി പഴയ മനുഷ്യനല്ല. അയാളില്‍ ആന്തരികമായ പരിവര്‍ത്തനം സംഭവിച്ചിരിക്കുന്നു. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയും, പിന്നെ അവിടുത്തെ സ്നേഹകാരുണ്യവുമാണ് അയാളെ പരിവര്‍ത്തന വിധേയനാക്കിയത്. തന്‍റെ ചുങ്കപ്പിരിവു മേശയും, പണസ്‍ഞചിയും അതു കെട്ടിവരിഞ്ഞ ഏകാന്തതയുമെല്ലാം വിട്ടെറിഞ്ഞ് ഇതാ...! മത്തായി ക്രിസ്തുവിനെ അനുഗമിച്ചു.

 

ഇത്രയുംനാള്‍ കരംപിരിച്ചെടുക്കാന്‍ മറ്റുള്ളവര്‍ക്കായി കാത്തിരുന്ന മത്തായി, ഇപ്പോഴിതാ മറ്റുള്ളവര്‍ക്ക് സ്വയം നല്‍കാനായി ക്രിസ്തുവിനോടൊപ്പം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്‍റെ കൃപാകടാക്ഷമാണ് മത്തായിയില്‍ സേവനത്തിന്‍റെ സന്തോഷം വരിയിച്ചത്. മത്തായിക്കും, അതുപോലെ ക്രിസ്ത്വാനുഭവം ലഭിച്ചവര്‍ക്കും സഹോദരങ്ങളെ ദുരുപയോഗിക്കാനോ, അവരെ ചവിട്ടിമെതിക്കാനോ സാദ്ധ്യമല്ല. ഉപരിപ്ലവത്തിന്‍റെ രാഷ്ട്രീയ രീതികള്‍ തള്ളിമാറ്റി, പ്രേഷിതദൗത്യവും, സേവന മനോഭാവവും പരിത്യാഗത്തിന്‍റെ മനഃസ്ഥിതിയും നമുക്കു തരുന്നത് ക്രിസ്തുവിന്‍റെ കടാക്ഷമാണ്. നമ്മുടെ അടഞ്ഞ മനഃസ്ഥിതിയെ സൗഖ്യപ്പെടുത്തി വിശാലവീക്ഷണം തരുന്നതും ക്രിസ്തുതന്നെ.

ക്രിസ്തു നമുക്കു മുന്നേ ഗമിക്കുന്നു. അവിടുന്നാണ് നമ്മുടെ മുന്നില്‍ ജീവിതവഴി തെളിയിക്കുന്നതും, അതിലൂടെ അവിടുത്തെ അനുഗമിക്കാന്‍ നമ്മെ ക്ഷണിക്കുന്നതും. മറ്റുള്ളവരിലും നമ്മിലും മാറ്റമുണ്ടാവില്ല എന്ന മിഥ്യാബോധം മാറ്റിയെടുക്കാന്‍, ക്രിസ്തു നമ്മെയും മെല്ലെ ക്ഷണിക്കുന്നു. നിങ്ങള്‍ വിശ്വസിക്കുന്നുവോ? എന്ന ചോദ്യവുമായി അവിടുന്ന് ഇന്നും നമ്മെ അനുധാവനംചെയ്യുന്നുണ്ട്. അങ്ങനെ ഒരു വഞ്ചകന്‍ സ്നേഹിതാനാകാമെന്നും, ഒരു ആശാരിയുടെ മകന്‍ ദൈവപുത്രനാകാമെന്നും നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അവിടുത്തെ ദിവ്യകടാക്ഷം നമ്മുടെ വീക്ഷണകോണത്തെ മാറ്റി മറിക്കുന്നു. അത് നമ്മുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്തുന്നു.

സകല മനുഷ്യരുടെയും രക്ഷ അന്വേഷിക്കുന്ന സ്നേഹമുള്ള പിതാവാണ് ദൈവം. നമ്മുടെ പ്രാര്‍ത്ഥനയില്‍, ദിവ്യബലിയില്‍, അനുരജ്ഞനത്തിന്‍റെ കൂദാശയില്‍, ഓരോ സഹോദരനിലും സഹോദരിയിലും..., വിശിഷ്യാ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലും പാവങ്ങളിലും പരിത്യക്തരിലും ദൈവത്തെ ദര്‍ശിക്കാം. അവരെയെല്ലാം ക്രിസ്തുവിന്‍റെ കാഴ്ചപ്പാടില്‍ കാണുവാനും നമുക്കു പരിശ്രമിക്കാം. അങ്ങനെ ക്രിസ്തുവിനെ മാതൃകയാക്കുവാനും അവിടുന്നില്‍നിന്ന് പഠിക്കുവാനും വീണ്ടും പരിശ്രമിക്കാം. സത്യമായതും നേരായതും ജീവിതത്തില്‍ ഗ്രഹിക്കുവാന്‍, പിതാവിന്‍റെ പ്രതിഛായയായ ക്രിസ്തുവില്‍നിന്നും പഠിക്കുവാന്‍ വീണ്ടും വീണ്ടും നാം ക്ഷണിക്കപ്പെടുകയാണ്.

ക്യൂബയില്‍, അതിന്‍റെ വിദൂരസ്ഥലങ്ങളിലും, ഓരോ മുക്കിലും മൂലയിലും ക്രിസ്തുവിന്‍റെ വചനവും സാന്നിദ്ധ്യവും എത്തിക്കുവാനുള്ള നിങ്ങളുടെ പരിശ്രമവും ത്യാഗവും പ്രശംസനീയമാണ്.  പള്ളികളുടെയും പുരോഹിതരുടെയും കുറവുകളുള്ളിടത്ത് ജനങ്ങള്‍ക്ക് ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥിക്കുവാനും, വേദപാഠം പഠിക്കുന്നതിനും സമൂഹമായി ജീവിക്കുന്നതിനും ഇടംനല്കുന്ന ‘മിഷന്‍ ഭവനങ്ങള്‍’  അതിന് ഉദാഹരണമാണ്. “… നിങ്ങള്‍ക്കു ലഭിച്ച വിളിക്കു യോഗ്യമായ ജീവിതം നയിക്കുവിന്‍. പൂര്‍ണ്ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടുംകൂടെ സ്നേഹപൂര്‍വ്വം, അന്യോന്യം സഹിഷ്ണുതയോടെ നിങ്ങള്‍ വര്‍ത്തിക്കുവിന്‍. സമാധാനത്തിന്‍റെ ബന്ധത്തില്‍ ആത്മാവിന്‍റെ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരായിരിക്കുവിന്‍ ” (എഫേസിയര്‍, 4, 1-3) എന്നുള്ള പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍ സ്ഫുരിക്കുന്നത് നമ്മുടെ ജീവിതപരിസരങ്ങളില്‍ തെളിയുന്ന ദൈവികസാന്നിദ്ധ്യത്തിന്‍റെ പച്ചയായ അടയാളങ്ങളെല്ലാം ഈ വചനത്തോടു പ്രത്യുത്തരിക്കുവാനുള്ള നമ്മുടെ എളിയ പരിശ്രമങ്ങള്‍ക്കു ലഭിക്കുന്ന പിന്‍തുണയും പ്രോത്സാഹനവുമാണ്.

ക്യൂബന്‍ ജനത കന്യകാനാഥയെ ‘കൊബെയിലെ അമ്മ’യെന്ന പേരില്‍ ഹൃദ്യമായി ആശ്ലേഷിക്കുകയും ഇന്നാടിന്‍റെ കവാടങ്ങള്‍ സ്നേഹത്തോടെ  അവള്‍ക്കായി തുറന്നിടുകയും ചെയ്യുന്നു. കൊബ്രോയിലെ ഉപവിയുടെ കന്യകാനാഥയുടെ സന്നിധിയിലേയ്ക്ക് കണ്ണുകള്‍ തിരിക്കാം. ഇന്നാട്ടിലെ സകല മക്കളിലും അവിടുത്തെ മാതൃസ്നേഹം വര്‍ഷിക്കണമേ, എന്ന് പ്രാര്‍ത്ഥിക്കാം. അമ്മയുടെ ‘കാരുണ്യത്തിന്‍റെ കണ്ണുകള്‍’ നിങ്ങളെ ഓരോരുത്തരെയും, നിങ്ങളുടെ കുടുംബങ്ങളെയും, പിന്നെ ഭവനരഹിതരായവരെയും കടാക്ഷിക്കട്ടെ! എന്നു പ്രാര്‍ത്ഥിക്കുന്നു. ഒരിക്കല്‍ യേശുവിനെ പരിരക്ഷിച്ചതുപോലെ തന്‍റെ മാതൃസ്നേഹത്തില്‍ നമ്മെ ഏവരെയും ഈ അമ്മ കാത്തുപാലിക്കട്ടെ, എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പാ വചനപ്രഘോഷണം ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.