2015-09-21 12:05:00

ധന്യനായ ഫേലിക്സ് വരേലാ ക്യൂബയുടെ ആത്മീയനായകന്‍


ക്യൂബയുടെ ധന്യനായ ഫേലിക്സ് വരേലാ (1788-1853). സ്വാതന്ത്ര്യ സമരസേനാനിയും ആത്മീയ പിതാവും.

വരേലയുടെ നാമത്തിലുള്ള ഹവാനയിലെ സാംസ്ക്കാരിക കേന്ദ്രത്തില്‍വച്ച് (Cultural Center of Venerable Felix Varela) പാപ്പാ ഫ്രാന്‍സിസ് സെപ്റ്റംബര്‍ 20-ാം തിയതി ഞായറാഴ്ച ക്യൂബയിലെ യുവജനങ്ങളെ അഭിസംബോധനചെയ്തു.  

ക്യൂബയില്‍ ജനിച്ചു വളര്‍ന്ന് വിശുദ്ധിയില്‍ ജീവിച്ച കത്തോലിക്കാ പുരോഹിതനായിരുന്നു ഫേലിക്സ് വരേലാ. വൈദികനെങ്കിലും ക്യൂബയുടെ സ്വാതന്ത്ര്യത്തിനായി ശബ്ദമുയര്‍ത്തിയ വ്യക്തിയെന്ന നിലയില്‍ കത്തോലിക്കാ സഭയും ക്രൂബന്‍ ഭരണകൂടവും, പിന്നീട് അദ്ദേഹം കുടിയേറിയ അമേരിക്കയും ഒരുപോലെ ആദരിക്കുന്ന ആത്മീയ നേതാവാണ് വരേല.

ക്യൂബയുടെ തലസ്ഥാന നഗരമായ ഹവാനയില്‍ 1788 നവംബര്‍ 20-നാണ് ഫേലിക്സ് വരേലയുടെ ജനനം. സ്പാനിഷ് കോളനിയായ അമേരിക്കയിലെ ഫ്ലോറിഡയുടെ മിലിട്ടറി കമാണ്ടറായിരുന്ന ബര്‍ത്തലോമ്യോ മൊറാലെസാണ് പിതാവ്. വരേലയുടെ ചെറുപ്രായത്തിലെ അമ്മ മരിച്ചതിനാല്‍ പിതാവിന്‍റെ ശിക്ഷണത്തിലായിരുന്നു വളര്‍ച്ച. സ്പെയനിലെ മിലിട്ടറി സ്ക്കൂളി‍ല്‍ ചേര്‍ത്ത് പടനായകനാക്കുവാനുള്ള അമ്മുമ്മയുടെയും അച്ഛന്‍റെയും ആഗ്രഹത്തെ ചെറുത്ത് ഫ്ലോറിഡയില്‍നിന്നും വരേലാ ക്യൂബയിലേയ്ക്കു മടങ്ങി. അവിടെ വിശുദ്ധ കാര്‍ളോയുടെയും അംബ്രോസിന്‍റെയും നാമത്തിലുള്ള സെമാനാരികളില്‍ പഠിച്ചു. ഒപ്പം ഹവാനയിലെ‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് ഉന്നതപഠനം നടത്തുവാനും വരേലയ്ക്ക് ഭാഗ്യമുണ്ടായി. 23-ാം വയസ്സില്‍ ഹവാന കത്തീഡ്രല്‍ ദേവാലയത്തില്‍വച്ച് വരേലാ പൗരോഹ്യം സ്വീകരിച്ചു.

പൗരോഹിത്യത്തിന്‍റെ പ്രഥമ വര്‍ഷത്തില്‍ത്തന്നെ ഹവാനാ യൂണിവേഴ്സിറ്റിയുടെ തത്വശാസ്ത്ര വിഭാഗം അദ്ധ്യാപകനായി വരേല നിയമിതനായി. വരേലയുടെ ശിഷ്യഗണത്തില്‍പ്പെട്ട ക്യൂബയുടെ പ്രമുഖരായ താത്വികരാണ് ഹൊസെ മര്‍ത്തീ, ഹൊസെ അന്തോണിയോ സാക്കോ, ഡൊമീങ്കോ മോന്തെ, ഹൊസെ ദെലാ ലൂസ് കര്‍ബലേരോ, ഫെലിപ്പെ പോയ് എന്നിവര്‍. ‘ക്യൂബന്‍ ജനത ചിന്തിക്കുന്ന കാലമത്രയും വരേലാ അനുസ്മരിക്കപ്പെടും,’ എന്നാണ് അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥിയായിരുന്ന ദെലാ ലൂസ് രേഖപ്പെടുത്തിയിട്ടുള്ളത്. 30 വയസ്സ് പ്രായമെത്തും മുന്‍പേ വരേലാ ക്യൂബയില്‍ ഒരു സ്പാനിഷ് സാഹിത്യ സഖ്യം രൂപീകരിക്കുകയും, ‘സമ്മിശ്രമായ താത്വചിന്തകള്‍’ (Miscelanea Filospfica) എന്ന പേരില്‍ സമകാലീന താത്വിക ചിന്താധാരകള്‍ കോര്‍ത്തിണക്കിയും വളരെ രസകരമായി പുനരാവിഷ്ക്കരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു.

സ്പാനിഷ് കോളോണിയല്‍ ശക്തിയുടെ കൈകളിലായിരുന്നു അക്കാലത്ത് ക്യൂബവും. അതിനാല്‍ വരേല അക്കാലഘട്ടത്തില്‍ സ്പെയിനിന്‍റെ തലസ്ഥാന നഗരമായ മാഡ്രിഡില്‍ ചെന്ന് ലാറ്റിനമേരിക്കയുടെ മോചനത്തിനായി രാജകുടുംബത്തോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഒപ്പം ക്യൂബയിലെ അടിമത്തം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും അതു സംബന്ധിച്ച പ്രബന്ധം അന്നാളുകളില്‍ പ്രചരിപ്പിക്കുയുംചെയ്തു.

ഇതിനിടെ ഫ്രഞ്ച് ശക്തികള്‍ സ്പെയിന്‍ കീഴടക്കി. സ്വതന്ത്ര ചിന്താഗതിയുള്ള അന്നത്തെ ഭരകൂടത്തെ അട്ടിമറിച്ച് ഫെര്‍ഡിനന്‍റ് 7-ാമന്‍ രാജാവിനെ ഭരണമേല്പിച്ചു. ഭരണകൂടത്തിനും അതിന്‍റെ നയങ്ങള്‍ക്കുമെതിരായി തലപൊക്കിയ ആരെയും ഇല്ലായ്മ ചെയ്ത ഫെര്‍ഡിനന്‍റ് രാജാവ് വരേലയെ കൊലയ്ക്കു വിധിച്ചെങ്കിലും, അദ്ദേഹം ഒളിവില്‍ രക്ഷപ്പെട്ട് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ അഭയംതേടി. ഇവിടെയാണ് ‘എല്‍ ഹബനേരോ’ എന്ന ദിനപത്രത്തിന് അദ്ദേഹം രൂപംനല്കിയത്. അമേരിക്കയിലെ ആദ്യത്തെ സ്പാനിഷ് പത്രമാണ് El Habanero. മനുഷ്യാവകാശത്തിന്‍റെയും സഹിഷ്ണുതയുടെയും കഥകള്‍ പറഞ്ഞ ഹബനേരോ അമേരിക്കയില്‍ ഇംഗ്ലിഷ് സ്പാനിഷ് വംശജരെ കൂട്ടിയിണക്കുകയും അടുപ്പിക്കുകയും, വിദ്യാഭ്യാസത്തിന്‍റെ അനിവാര്യത ജനങ്ങളില്‍ വളര്‍ത്തുകയും ചെയ്തു. ‘എല്‍ മെസാജെരോ,’ ‘സെമനാല്‍’ എന്നിവയും സ്പാനിഷിലുള്ള വരേലയുടെ അക്കാലത്തെ പ്രസിദ്ധീകരണങ്ങളായിരുന്നു. കൂടാതെ അന്നാളില്‍ത്തന്നെ പ്രോട്ടസ്റ്റാന്‍റ്-കത്തോലിക്കാ സംവാദത്തിന്‍റെ കണ്ണിയും കാവല്‍ക്കാരനുമായിരുന്നു വരേലാ എന്നത്, ആധുനിക ക്രൈസ്തവൈക്യ പ്രസ്ഥാനത്തിന് ഇന്നും നാന്നിയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

അത്യപൂര്‍വ്വമായ വിവേകവും, മാന്യമായ സംവാദശൈലിയും സംഘടനാ പാടവവും പ്രകടമാക്കിയ വരേലായെ 1837-ല്‍ ന്യൂയോര്‍ക്ക് അതിരൂപത അതിന്‍റെ വികാരി ജനറലായി നിയമിച്ചു. അക്കാലത്ത് അമേരിക്കയിലേയ്ക്ക് കുടിയേറിയവരോട്, വിശിഷ്യാ ഐറിഷ് അഭയാര്‍ത്ഥികളോട് വരേല അനുഭാവം കാണിക്കുകയും, അവരുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുവാനും അവര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ നല്ക്കുവാനും ബദ്ധശ്രദ്ധനാവുകയും ചെയ്തു. വരേലയുടെ ബഹുഭാഷാ വൈദഗ്ദ്ധ്യവും, പിന്നെ കുടിയേറ്റക്കാരെ സഹായിക്കാന്‍ മാത്രമായി ഐറിഷ് ഭാഷ പഠിച്ചെടുക്കാന്‍ നടത്തിയ ശ്രമവുമെല്ലാം അദ്ദേഹത്തിന്‍റെ അനിതരസാധാരണമായ അജപാലന സമര്‍പ്പണം വെളിപ്പെടുത്തുന്നതായിരുന്നു. അമേരിക്കയിലെ അന്നത്തെ ദേശീയ മെത്രാന്‍ സമിതിയുടെ ദൈവശാസ്ത്ര വിഷയങ്ങളുടെ ഉപദേശകനുമയിരുന്നു ഫാദര്‍ ഫേലിക്സ് വരേലാ. അക്കാലത്ത് അമേരിക്കന്‍ സഭയുടെ വിശ്വാസരൂപീകരണത്തിന് മാര്‍ഗ്ഗരേഖയായി മാറിയ ബാള്‍ട്ടിമൂര്‍ മതബോധന ഗ്രന്ഥം (Baltimore Catechism) പുറത്തുവന്നത് വരേലയുടെ ആത്മീയ നേതൃത്വവും അജപാലന സമര്‍പ്പണവും തെളിയിച്ചു.

കഠിദ്ധ്വാനംകൊണ്ട് ക്ഷീണിതനും ആസ്ത്മാ രോഗഗ്രസ്ഥനുമായിരുന്ന വരേലാ 1848-ല്‍ ഫ്ലോറിഡായിലെ സെന്‍റ് അഗസ്റ്റിനിലുള്ള അഗതിമന്ദിരത്തില്‍ വിശ്രമജീവിതത്തിനായി പോവുകയും, പിന്നീട് 1853-ല്‍ അവിടെ അദ്ദേഹം ചരമമടയുകയും ചെയ്തു.

തദ്ദേശ സംസ്ക്കാരത്തെയും സ്വാതന്ത്ര്യത്തെയും വിലമതിച്ചു ജീവിച്ച വരേലയെ ക്യൂബന്‍ സര്‍ക്കാരാണ് ആദ്യം ആദരിച്ചത്. ക്യൂബന്‍ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെ സ്ഥാപകരില്‍ ഒരാളായി ഫേലിക്സ് വരേലായെ രാഷ്ട്രം ആദരിക്കുന്നു. 1997-ല്‍ അമേരിക്കന്‍ സര്‍ക്കാരും ഒരു ബഹുവര്‍ണ്ണ സ്മാരക സ്റ്റാമ്പ് പ്രകാശനംചെയ്തുകൊണ്ട് ഫാദര്‍ വരേലയെ ആദരിച്ചു. ക്യൂബന്‍ അമേരിക്കന്‍ വിപ്രവാസികളുടെ നായകനും ആത്മീയ നേതാവുമാണ് ഫേലിക്സ് വരേലാ.

2012 ഏപ്രില്‍ 8-ാം തിയതി വത്തിക്കാന്‍റെ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘം വരേലയുടെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ദൈവദാസന്‍ എന്ന ആത്മീയ പദവിയില്‍നിന്നും അദ്ദേഹത്തെ ധന്യരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തിയ ഡിക്രി പ്രസിദ്ധീകരിച്ചു. ക്യൂബയുടെ ധന്യന്‍, ഫേലിക്സ് വരേലയു‌ടെ സ്വര്‍ഗ്ഗീയ മാദ്ധ്യസ്ഥ്യത്തിലൂടെ ലഭിക്കുന്ന ദൈവിക വരദാനങ്ങളുടെ അത്ഭുതങ്ങള്‍ നമ്മെ തുണയ്ക്കുമെന്നും, അദ്ദേഹത്തെ വിശുദ്ധിയുടെ അള്‍ത്താരയിലേയ്ക്ക് എത്രയുംവേഗം ഉയര്‍ത്തുമെന്നും നമുക്ക് പ്രത്യാശിക്കാം, പ്രാര്‍ത്ഥിക്കാം!                                                                                                                                               

 








All the contents on this site are copyrighted ©.