2015-09-20 19:07:00

ജീവിതപരിസരങ്ങളില്‍ സമാധാനത്തിന്‍റെ ചെറുപാലങ്ങള്‍ പണിയാം


പാപ്പാ ഫ്രാന്‍സിസിന്‍റെ പത്താമത് അപ്പസ്തോലിക യാത്രയ്ക്ക് തുടക്കമായി. സെപ്റ്റംബര്‍ 19-ാം തിയതി ശനിയാഴ്ച രാവിലെയാണ് പാപ്പാ വത്തിക്കാനില്‍നിന്നും യാത്രയായത്.

അപ്പസ്തോലിക പര്യടനത്തിന്‍റെ പ്രഥമഘട്ടം ക്യൂബ സന്ദര്‍ശനമാണ്. കരീബിയന്‍ രാജ്യമായ ക്യൂബയിലേയ്ക്കുള്ള നീണ്ട യാത്രാമദ്ധ്യേ തന്നോടൊപ്പം വിമാനത്തില്‍ യാത്രചെയ്ത അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയെ പാപ്പാ അഭിസംബോധനചെയ്തു.

വിമാനത്തില്‍ അവര്‍ 76-പേരുണ്ടായിരുന്നു. പതിവില്‍ കവിഞ്ഞ അംഗീകൃത ഏജെന്‍സികളുടെ സംഘമാണ് ക്യൂബ-യൂണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നിങ്ങനെ രണ്ടു രാജ്യങ്ങള്‍ ചേര്‍ത്തുള്ള അപ്പസ്തോലിക പര്യടനത്തില്‍ പങ്കെടുക്കാനെത്തിയത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും 140 ജേര്‍ണലിസ്റ്റുകള്‍ അപേക്ഷിച്ചതില്‍ 76 പേരെ മാത്രമേ ഉള്‍പ്പെടുത്താനായുള്ളൂവെന്ന് വത്തിക്കാന്‍റെ പ്രസ് ഓഫിസ് മേധാവി, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി വ്യക്തമാക്കി. അതില്‍ നല്ലൊരു ശതമാനം അമേരിക്കന്‍ ജേര്‍ണലിസ്റ്റുകളും, ബാക്കി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരും, ഒരാള്‍ ക്യൂബക്കാരി, റോസാ മിറിയം എലിസാള്‍തേയുമാണെന്നും പാപ്പായുടെ കൂടിക്കാഴ്ചയ്ക്കു തൊട്ടുമുന്‍പ് ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

വളരെ വ്യത്യസ്തമായ സമൂഹ്യചുറ്റുപാടുകളുള്ള രാജ്യങ്ങളിലേയ്ക്ക് സമാധനത്തിന്‍റെ സന്ദേശവുമായിട്ടാണ് പാപ്പാ സഞ്ചരിക്കുന്നത്. ഓരോ ജേര്‍ണലിസ്റ്റും പ്രവര്‍ത്തിക്കുന്ന മാധ്യമ സൗകര്യങ്ങളിലൂടെ പാപ്പായുടെ ചിന്തകള്‍ ലോകത്തിനു പങ്കുവയ്ക്കാന്‍ സാധിക്കട്ടെ എന്ന ആശംസയോടെയാണ് കൂടിക്കാഴ്ചയ്ക്കായി ഫാദര്‍ ലൊമ്പാര്‍ഡി പാപ്പായെ ക്ഷണിച്ചത്.

ശുഭദിനാശംസകള്‍ നേര്‍ന്നുകൊണ്ട് വിമാനത്തില്‍ സന്നിഹിതരായിരുന്ന മാധ്യമ പ്രവര്‍ത്തകരെ പാപ്പാ അഭിസംബോധനചെയ്തു. ഏറെ നീണ്ടയാത്രയാണിത്, ബ്രസീലിലേയ്ക്കുള്ള യാത്രയെക്കാള്‍ ദൈര്‍ഘ്യമുള്ളതാണിതെന്ന് പാപ്പാ നരീക്ഷിച്ചു. നിങ്ങള്‍ക്ക് ധാരാളം ജോലിയുണ്ട്. നിങ്ങളുടെ സാന്നിദ്ധ്യത്തിനും പിന്‍തുണയ്ക്കും സഹകരണത്തിനും നന്ദി!

ഫാദര്‍ ലൊമ്പാര്‍ഡിയുടെ ആമുഖത്തില്‍ ശ്രദ്ധിച്ചൊരു വാക്ക് – ‘സാമാധാന’മാണ് Peace!. ലോകമിന്ന് സമാധാനത്തിനായി ദാഹിക്കുകയാണ്. യുദ്ധമാണ് എവിടെയും!! ആഗോള കുടിയേറ്റ പ്രതിഭാസം യുദ്ധത്തില്‍നിന്നും ഉടലെടുക്കുന്നതാണ്, യുദ്ധത്തിന്‍റെ പരിണിത ഫലമാണത്. യുദ്ധവും അഭ്യന്തര കലാപങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും മൂലം ജീവരക്ഷാര്‍ത്ഥം ഒളിച്ചോടുന്നവരാണ് അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമെന്ന് പാപ്പാ വിശേഷിപ്പിച്ചു. മരണത്തില്‍നിന്നും ജീവനിലേയ്ക്കുള്ള പലായനമാണ് ഈ കുടിയേറ്റം.

വത്തിക്കാനില്‍ വിശുദ്ധ അന്നായുടെ ഇടവയുടെ സംരക്ഷണയില്‍ രണ്ടു സിറിയന്‍ അഭയാര്‍ത്ഥി കുടുംബങ്ങളെ താന്‍ സ്വീകരിച്ച വസ്തുത പാപ്പാ വേദനയോടെയാണ് അനുസ്മരിച്ചത്. തന്‍റെ അപ്പസ്തോലിക യാത്രയ്ക്ക് ആമുഖമായി അഭയാര്‍ത്ഥി കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തിയ കാര്യവും പാപ്പാ വിമാനത്തിലെ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചു. അവരുടെ  മുഖത്ത് നിഴലിക്കുന്നത് വിപ്രവാസത്തിന്‍റെ വേദനയാണെന്ന് പാപ്പാ പ്രസ്താവിച്ചു. അവരുടെ ഹൃദയങ്ങള്‍ കുടിയേറ്റത്തിലും അതിന്‍റെ പരിമിതമായ സൗകര്യങ്ങളിലും താല്‍ക്കാലിക ശമനം കണ്ടെത്തുന്നുണ്ടെങ്കിലും, അവര്‍ സ്ഥായിയായ സമാധാനത്തിനായി കേഴുകയാണെന്ന് പാപ്പാ പ്രസ്താവിച്ചു.

ടെലിവിഷന്‍, ഇറ്റര്‍നെറ്റ്, റേ‍ഡിയോ, പത്രമാസികകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മാധ്യമങ്ങളിലൂടെയുള്ള നിങ്ങളുടെ ജോലി ലോകത്ത് സമാധാനത്തിന്‍റെ ചെറിയ ചെറിയ പാലങ്ങള്‍ പണിയുകയാണ്. ആദ്യം ഒന്ന്, ഒരു ചെറിയ പാലം! പിന്നെ മറ്റൊന്ന്, വീണ്ടും മറ്റൊന്ന്, വേറൊന്ന്! അങ്ങനെ വിശ്വശാന്തിയുടെ ബൃഹത്തായ പാലം, മഹത്തായ പാലം പണിയാന്‍ നിങ്ങള്‍ക്കാവട്ടെ!!!

യാത്ര ശുഭകരമായിരിക്കട്ടെ! എന്ന ഹ്രസ്വമായ ആശംസയോടെ പാപ്പാ കൂടിക്കാഴ്ച ഉപസംഹരിച്ചു.  








All the contents on this site are copyrighted ©.