2015-09-20 15:05:00

ക്യൂബ പാപ്പാ ഫ്രാന്‍സിസിനെ ഹൃദ്യമായി വരവേറ്റു


കരീബിയന്‍ ദ്വീപുരാജ്യമായ ക്യൂബയിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ റോമില്‍നിന്നുമുള്ള വിമാനയാത്ര 13 മണിക്കൂര്‍ നീണ്ടതായിരുന്നു. സെപ്തംബര്‍ 19-ാം തിയതി ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെ പാപ്പായുടെ AL Italia Boeing A330 വിമാനം തലസ്ഥാന നഗരമായ ഹവാനയിലെ‍ ഹൊസെ മര്‍ത്തീ വിമാനത്താവളത്തില്‍ ഇറങ്ങി.

പാപ്പായെ സ്വീകരിക്കാന്‍ ക്യൂബന്‍ പ്രസി‍ഡന്‍റ് റാവൂള്‍ കാസ്ട്രോയും രാഷ്ട്രപ്രതിനിധികളും, സഭാതലവന്മാരും ധാരാളം ജനങ്ങളും ആവേശത്തോടെ കാത്തുനില്ക്കുന്നുണ്ടായിരുന്നു. പരമ്പരാഗത മിലിട്ടറി ആചാരവെടിയും ബന്‍ഡുമേളവും ഗാര്‍ഡ് ഓഫ് ഓണറും സ്വീകരണച്ചടങ്ങിനെ ഊപചാരികമാക്കി.

പ്രസിഡന്‍റ് റാവൂലിനോടൊപ്പം ഹവാനയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ജെയിംസ് ഓര്‍ത്തേഗയും ക്യൂബയിലെ വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ലിംഗ്വായും പാപ്പായെ സ്വീകരിക്കാന്‍ വിമാനപ്പടവുകള്‍വരെ എത്തിയിരുന്നു. അടുത്തകാലത്ത് രണ്ടു തവണ വത്തിക്കാനില്‍വന്ന് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ള പ്രസിഡന്‍റ് റാവൂള്‍ കാസ്ട്രോ ഔപചാരികതകള്‍ മറന്ന് സ്പാനിഷില്‍ പാപ്പായുമായി സൗഹൃദസംഭാഷണത്തില്‍ ഏര്‍പ്പെട്ടതായി പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫെദറിക്കൊ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.

വിമാത്താവളത്തിലെ താല്‍ക്കാലിക വേദിയിലായിരുന്നു സ്വീകരണച്ചടങ്ങുകള്‍. വേദിയില്‍ പാപ്പായും പ്രസിഡന്‍റ് റാവൂളും മാത്രമാണ് ഉപവിഷ്ഠരായത്. മറ്റു പ്രമുഖരും സഭാനേതൃത്വവും യഥാസ്ഥാനങ്ങളില്‍ നില്ക്കുകയായിരുന്നു. ആദ്യം പ്രസിഡന്‍റ് റാവൂള്‍ കാസ്ട്രോ രാഷ്ട്രത്തെയും ക്യൂബന്‍ ജനതയെയും പ്രതിനിധീകരിച്ച് പാപ്പായ്ക്ക് സ്വാഗതമാശംസിച്ചു.

1. പ്രസിഡന്‍റിന്‍റെ സ്വാഗതാശംസ

സ്നേഹത്തോടും ആദരവോടുംകൂടെയാണ് ക്യൂബന്‍ ജനത പാപ്പായെ സ്വീകരിക്കുന്നതെന്ന് പ്രസിഡന്‍റ് റാവൂള്‍ വാക്കുകളില്‍ ആമുഖമായി വ്യക്തമാക്കി. മാനവകുലം എപ്രകാരം നന്മയുടെ പരിവര്‍ത്തനത്തിന് കാതോര്‍ക്കണമെന്ന് പാപ്പായുടെ രണ്ടു സമകാലീന പ്രബോധനങ്ങള്‍, സുവിശേഷ സന്തോഷം Evangelii Gaudium, അങ്ങേയ്ക്കു സ്തുതി Laudato Si’! എന്നിവയെക്കുറിച്ച് പഠിപ്പിക്കുന്നുണ്ടെന്ന് പ്രസിഡന്‍റ് പ്രസ്താവിച്ചു.

ലോകത്തിന്‍റെ ‘സുസ്ഥിതി വികസനം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ലക്ഷൃംവയ്ക്കുമ്പോഴും അത് മനുഷ്യനെ ഇല്ലാതാക്കുന്നത് ആകരുതെ’ന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തകള്‍ റാവൂള്‍ പ്രഭാഷണത്തില്‍ ആവര്‍ത്തിച്ചു. വികസനത്തെ സംബന്ധിച്ച ഇന്നത്തെ അന്താരാഷ്ട്ര നയങ്ങള്‍ അനീതി നിറഞ്ഞതും അധര്‍മ്മവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിനാല്‍ ക്യൂബ അനുരജ്ഞനത്തിന്‍റെയും സംവാദത്തിന്‍റെയും പാതയിലൂടെ ജനനന്മ ലക്ഷൃമാക്കി മുന്നേറുമെന്നും പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

സോഷ്യലിസത്തില്‍ അധിഷ്ഠിതമായ ജനായത്ത ഭരണത്തിലൂടെ ജനമദ്ധ്യത്തില്‍ നീതിയും സമാധാനവും വളര്‍ത്തുവാന്‍ സാധിക്കുമെന്ന് കാസ്ട്രോ പറഞ്ഞു. അങ്ങനെ ക്യൂബ മാത്രമല്ല, കരീബിയന്‍ പ്രവിശ്യ മുഴുവനും സമാധാന മേഖലയാക്കി വളര്‍ത്താമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ക്യൂബ-അമേരിക്ക നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനും, പുനര്‍സ്ഥാപിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും പാപ്പാ ഫ്രാന്‍സിസ് നല്കിയിട്ടുള്ള പിന്‍തുണയും, സംവാദത്തിന്‍റെ മാര്‍ഗ്ഗങ്ങളും പ്രസിഡന്‍റ് കാസ്ട്രോ നന്ദിയോടെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു.

2. പാപ്പായുടെ മറുപടി

ക്യൂബയുടെ മണ്ണില്‍ കാലുകുത്തുന്ന മൂന്നാമത്തെ പത്രോസിന്‍റെ പിന്‍ഗാമിയാണ് പാപ്പാ ഫ്രാന്‍സിസ്. കൊബ്രെയിലെ ഉപവിയുടെ കന്യകാനാഥയെ അന്നാടിന്‍റെ ദേശീയ മദ്ധ്യസ്ഥയായി ബനഡിക്ട് 15-ാമന്‍ പാപ്പാ പ്രഖ്യാപിച്ചതിന്‍റെ 100-ാം വാര്‍ഷികവും. ക്യൂബ-വത്തിക്കാന്‍ നയതന്ത്ര ബന്ധത്തിന്‍റെ 80-ാം വാര്‍ഷികവും എയര്‍പോര്‍ട്ടിലെ ആമുഖ പ്രഭാഷണത്തില്‍ പാപ്പാ അനുസ്മരിച്ചു.

ഹൃദ്യമായ സ്വീകരണത്തിന് ക്യൂബന്‍ പ്രസിഡന്‍റിനും സര്‍ക്കാരിനും ജനങ്ങള്‍ക്കും നന്ദിപറഞ്ഞുകൊണ്ടാണ് പാപ്പാ പ്രഭാഷണം ആരംഭിച്ചത്. അവിടത്തെ സഭാധികാരികളായ, ഹവാനയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ജെയിംസ് ഓര്‍ത്തേഗാ, സന്തിയാഗോയിലെ മെത്രാപ്പോലീത്തയും ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് വില്യം ഗാര്‍സിയ എബനീസ് എന്നവരെയും നന്ദിയോടെ പാപ്പാ അനുസ്മരിച്ചു.

മുന്‍പ്രസിഡന്‍റും ക്യൂബയുടെ വിപ്ലവ നായകനുമായ ഫിദേല്‍ കാസ്ട്രോ സ്ഥലത്ത് സന്നിഹിതനായിരുന്നില്ലെങ്കിലും പേരെടുത്തു പറഞ്ഞ് പാപ്പാ അദ്ദേഹത്തെ ആദരിക്കുകയും, അഭിവാദ്യങ്ങള്‍ അറിയിക്കണമെന്ന് സഹോദരന്‍, പ്രസിഡന്‍റ് റാവൂളിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അതുപോലെ ശാരീരികവും മാനസികവുമായ ആലസ്യങ്ങളാല്‍ തന്‍റെ സന്ദര്‍ശനത്തില്‍ പങ്കെടുക്കാനാവാത്ത എല്ലാവരെയും പാപ്പാ സ്നേഹത്തോടെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു.

പ്രഭാഷണാനന്തരം എയര്‍പ്പോര്‍ട്ടിലെത്തിയ രാഷ്ട്രപ്രതിനിധികളെയും വിശിഷ്ഠാതിഥികളെയും മെത്രാന്മാരെയും പാപ്പാ അഭവാദ്യംചെയ്തു. തുടര്‍ന്ന് കാറില്‍ 18 കി. മീ. അകലെയുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തേലേയ്ക്ക് വിശ്രമിത്താനായി പുറപ്പെട്ടു. കാറില്‍ സഞ്ചിരിച്ച പാപ്പാ മാര്‍ഗ്ഗമദ്ധ്യേ തന്നെ കാണാനെത്തിയ ജനങ്ങളെയും യുവാക്കളെയും അഭിവാദ്യംചെയ്തുകൊണ്ടും ആശീര്‍വ്വദിച്ചുകൊണ്ടുമാണ് മുന്നോട്ടു നീങ്ങിയത്.

സെപ്തംബര്‍ 19-മുതല്‍ 27-വരെ നീളുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ പത്താമത് അപ്പസ്തോലിക പര്യടനം – ക്യൂബ അമേരിക്ക സന്ദര്‍ശനത്തിന്‍റെ പ്രഥമദിനം അങ്ങനെ അവസാനിച്ചു.








All the contents on this site are copyrighted ©.