2015-09-20 15:33:00

അനുരജ്ഞനത്തിലൂടെ രാഷ്ട്രങ്ങള്‍ സമാധാനപാത തുറക്കണം


അനുരജ്ഞനത്തിലൂടെ രാഷ്ട്രത്തലവന്മാര്‍ ജനതകളുടെ ശ്രേയസ്സിന്‍റെയും സമാധാനത്തിന്‍റെയും സമുന്നത മാതൃകകളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ് ക്യൂബയിലെ സ്വീകരണവേദിയില്‍ ആഹ്വാനംചെയ്തു.

ഹൃദ്യമായ സ്വീകരണത്തിന് ക്യൂബന്‍ പ്രസിഡന്‍റിനും സര്‍ക്കാരിനും ജനങ്ങള്‍ക്കും നന്ദിപറഞ്ഞുകൊണ്ടാണ് പാപ്പാ പ്രഭാഷണം ആരംഭിച്ചത്. അവിടത്തെ സഭാധികാരികളായ - ഹവാനയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ജെയിംസ് ഓര്‍ത്തേഗാ, സന്തിയാഗോയിലെ മെത്രാപ്പോലീത്തയും ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് വില്യം ഗാര്‍സിയ ഐബനീസ് എന്നവരെയും നന്ദിയോടെ പാപ്പാ അനുസ്മരിച്ചു.

മുന്‍പ്രസിഡന്‍റും ക്യൂബയുടെ വിപ്ലവ നായകനുമായ ഫിദേല്‍ കാസ്ട്രോ സ്ഥലത്ത് സന്നിഹിതനായിരുന്നില്ലെങ്കിലും പേരെടുത്തു പറഞ്ഞ് പാപ്പാ അദ്ദേഹത്തെ ആദരിക്കുകയും, അഭിവാദ്യങ്ങള്‍ അറിയിക്കണമെന്ന് സഹോദരന്‍, പ്രസിഡന്‍റ് റാവൂളിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അതുപോലെ ശാരീരികവും മാനസികവുമായ ആലസ്യങ്ങളാല്‍ തന്‍റെ സന്ദര്‍ശനത്തില്‍ പങ്കെടുക്കാനാവാത്ത എല്ലാവരെയും പാപ്പാ സ്നേഹത്തോടെ അനുസ്മരിച്ചു.

ക്യൂബ-വത്തിക്കാന്‍ നയതന്ത്ര ബന്ധത്തിന്‍റെ 80-ാം വാര്‍ഷികമാണ് 2015-ാമാണ്ട് എന്ന കാര്യം പാപ്പ ചൂണ്ടിക്കാട്ടി. തന്‍റെ മുന്‍ഗാമികളും സംപൂജ്യരുമായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, പാപ്പാ ബനഡിക്ട് 16-ാമന്‍ എന്നിവരു‌ടെ അപ്പസ്തോലിക യാത്രകള്‍ ക്യൂബന്‍ ദ്വീപില്‍ തെളിയിച്ചിട്ടുള്ള നന്മയുടെ ഒളിമങ്ങാത്ത പാതയില്‍ കാലുകുത്താന്‍ ഇന്നാളുകളില്‍ തനിക്ക് ഇടയായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. അവരുടെ സന്ദര്‍ശത്തിന്‍റെ ഓര്‍മ്മകള്‍ ഇന്നാട്ടിലെ നേതാക്കളില്‍ നന്ദിയുടെയും സ്നേഹത്തിന്‍റെയും വികാരങ്ങള്‍ വിരിയിക്കട്ടെയെന്നും ആശംസിച്ചു.

സഹകരണത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഓര്‍മ്മകളില്‍ ഇനിയും ക്യൂബയിലെ‍ ജനങ്ങളെ അവരുടെ സ്വതന്ത്രമായ ആശകളുടെയും ആശങ്കകളുടെയും പച്ചയായ സാമൂഹ്യ ചുറ്റുപാടുകളില്‍ പിന്‍തുണയ്ക്കുവാനും പ്രോത്സാഹിപ്പിക്കുവാനും സഭ ആഗ്രഹിക്കുന്നുവെന്നും പാപ്പാ എടുത്തുപറഞ്ഞു.

മറ്റൊരു ചരിത്രസംഭവത്തിന്‍റെ ശതാബ്ദി സ്മരണയുമായി തന്‍റെ പ്രേഷിതയാത്ര സന്ധിചേര്‍ന്നിരിക്കുന്നതും പാപ്പാ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. കൊബ്രെയിലെ ഉപവിയുടെ കന്യകാനാഥയെ ബനഡിക്ട് 15-ാമന്‍ പാപ്പാ ‘ക്യൂബയുടെ ദേശീയ മദ്ധ്യസ്ഥ’യായി പ്രഖ്യാപിച്ചതിന്‍റെ ശതാബ്ദിവര്‍ഷമാണ് 2015 എന്ന വസ്തുത പാപ്പാ അനുസ്മരിച്ചു. കൊബ്രെയിലെ കന്യകാനാഥ സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തിന്‍റെ മദ്ധ്യസ്ഥയാവണമെന്നത് വിശ്വാസത്തിന്‍റെയും ദേശഭക്തിയുടെയും വികാരങ്ങളാല്‍ പ്രചോദിതരായ ക്യൂബയുടെ സ്വാതന്ത്ര്യ സമരസേനാനികളുടെ അഭിവാഞ്ഛയായിരുന്നു. ഏതു പ്രതിസന്ധികളിലും പ്രത്യാശ വളര്‍ത്തുന്ന കന്യകാനാഥ അന്നാള്‍ മുതല്‍ ക്യൂബന്‍ ജനതയുടെ മനുഷ്യാന്തസ്സിന്‍റെ പ്രയോക്താവും സംരക്ഷകിയുമായിത്തീര്‍ന്നു. അങ്ങനെ ഇന്നാട്ടില്‍ വളര്‍ന്നുവന്ന മരിയഭക്തി ജനഹൃദയങ്ങളില്‍ ഊറിനില്ക്കുന്ന മാതൃവാത്സല്യത്തിന്‍റെ പ്രത്യക്ഷ അടയാളമാണ്. ക്യൂബന്‍ ജനത ഇനിയും നീതിയുടെയും സമാധാനത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും പാതയിലൂടെ സഞ്ചരിക്കാന്‍ ഇടയാക്കണമേ, എന്ന് ഈ ദിനങ്ങളില്‍ കൊബ്രെയിലെ കന്യകാനാഥയുടെ സന്നിധിയില്‍ താന്‍ പ്രാര്‍ത്ഥിക്കുമെന്നും പ്രഭാഷണമദ്ധ്യേ പാപ്പാ വാഗ്ദാനംചെയ്തു.

ചെറുദ്വീപുകളുടെ സങ്കരമാകുന്ന ക്യൂബ ഭൂമിശാസ്ത്ര ഘടനയില്‍ തെക്കുവടക്കും, കിഴക്കുപടിഞ്ഞാറുമുള്ള രാജ്യങ്ങള്‍ക്ക് മൂല്യബോധത്തിന്‍റെ അനിതരസാധാരണമായ ‘ദിശാമാപിനി’യാകേണ്ടതാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഇന്നാടിന്‍റെ സ്വതന്ത്ര സേനാനിയായിരുന്ന ഹൊസെ മര്‍ത്തി (1853-1895) വിഭാവനംചെയ്തതുപോലെ ജാതി വര്‍ണ്ണ ഭാഷാ ഭേദമെന്യേ സകല ജനതകള്‍ക്കും ക്യൂബ സൗഹൃദത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും കേന്ദ്രമാകണമെന്നതും ഒരു ‘കടല്‍പ്പാലത്തിന്‍റെയോ കടല്‍ഭിത്തിയുടെയോ പ്രതിരോധത്തിന്‍റെ ഭാഷയ്ക്ക് അതീതമായ’ രാഷ്ട്രത്തിന്‍റെ സ്വതസിദ്ധമായ സൗഹൃദത്തിന്‍റെ വിളിയാണിതെന്നും പാപ്പാ വ്യാഖ്യാനിച്ചു. ‘മഹത്തായ സാദ്ധ്യതകളുള്ള ക്യൂബയ്ക്ക് ലോകത്തോട് തുറവുണ്ടാകട്ടെ, അതുപോലെ ലോകവും ഇന്നാടിനോട് തുറവുകാണിക്കട്ടെ,’ എന്നത് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ആഗ്രഹവും പ്രാര്‍ത്ഥനയുമായിരുന്നു (Arrival Ceremony, 21 January 1998, 5).   ഇന്നാടിനെ സംബന്ധിച്ച് പ്രത്യാശഭരിതമായൊരു അനുഭവത്തിന് നാം ഇന്നാളുകളില്‍ സാക്ഷൃംവഹിക്കുകയാണ് : രണ്ടു ജനതകള്‍ (അമേരിക്ക – ക്യൂബ) തമ്മില്‍ അകന്നുപോയ ബന്ധത്തിന്‍റെ കണ്ണികള്‍ കൂട്ടിയിണക്കുന്ന പ്രക്രിയയാണിത്. ഐക്യദാര്‍ഢ്യത്തിന്‍റെയും സംവാദത്തിന്‍റെയും സംസ്ക്കാരം വിജയം വരിക്കുന്നതിന്‍റെ പ്രതീകവുമാണിത്. ‘ചരിത്രത്തില്‍ കെട്ടുപോയ തലമുറകളുടെയും സമൂഹങ്ങളുടെയും വളര്‍ച്ചയുടെയും വികസനത്തിന്‍റെയും ഐക്യത്തിന്‍റെയും സമ്പ്രദായമാണിത്’  (ഹൊസെ മര്‍ത്തി). അമേരിക്കന്‍ ജനതയുടെയും, എന്തിന് ലോകത്തിന്‍റെ തന്നെ അനുരജ്ഞനത്തിനും, ജനതകളുടെ ശ്രേയസ്സിന്‍റെയും സമാധാനത്തിന്‍റെയും സമുന്നത മാതൃകകളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രത്തലവന്മാര്‍ ഈ സൗഹൃദ പാത പിഞ്ചെല്ലണമെന്നും പാപ്പാ ആഹ്വാനംചെയ്തു.

കൊബ്രെയിലെ കന്യകാനാഥയുടെയും ക്യൂബയിലെ വിശുദ്ധാത്മാക്കളുടെയും സംരക്ഷണയ്ക്ക് തന്‍റെ അപ്പസ്തോലിക സന്ദര്‍ശന നാളുകള്‍ സമര്‍പ്പിക്കുകയും, അതുവഴി ഇന്നാട്ടില്‍ സമാധാനത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും പരസ്പര ആദരവിന്‍റെയും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കപ്പെടട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.