2015-09-19 16:12:00

പാപ്പാ ഫ്രാന്‍സിസിന്‍റെ പത്താമത് അപ്പസ്തോലിക പര്യടനത്തിന് തുടക്കമായി


ക്യൂബ, യുഎസ്എ രാജ്യങ്ങളിലേയ്ക്കാണ് പാപ്പായുടെ പത്താമത് അപ്പസ്തോലിക പര്യടനം.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ‍ ഫിലാഡെല്‍ഫിയയില്‍ സെപ്റ്റംബര്‍ 22-മുതല്‍ 27-വരെ അരങ്ങേറുന്ന കത്തോലിക്കാ കുടുംബങ്ങളുടെ ആഗോള സംഗമത്തില്‍ പങ്കെടുക്കുവാന്‍ പോകുംവഴിയാണ് കരീബിയന്‍ രാജ്യമായ ക്യൂബയിലേയ്ക്കും യുഎസ്സിലെ വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, ഫിലാഡേല്‍ഫിയ എന്നീ നഗരങ്ങളിലേയ്ക്കും പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശനം നടത്തുന്നതെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍‍ഡി അറിയിച്ചു. സെപ്തംബര്‍ 19-ാം തിയതി ശനിയാഴ്ച രാവിലെ പാപ്പായോടുകൂടെ വിമാനം കയറുംമുമ്പേ റോമില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇക്കാര്യം അറിയിച്ചത്.  

റോമിലെ ലിയൊനാര്‍ഡോ വീഞ്ചി ഫുമിച്ചീനോ വിമാനത്താവളത്തില്‍നിന്നും സെപ്റ്റംബര്‍ 19-ാം തിയതി, ശനിയാഴ്ച പ്രാദേശിക സമയം രാവിലെ കൃത്യം 10.32-ന് പാപ്പായുടെ വിമാനം – Al Italia Boeing 330 പറന്നു പൊങ്ങി. തന്‍റെ ലാളിത്യമാര്‍ന്ന ശൈലിയില്‍ പതിവുപോലെ ഒരു കറുത്ത ബാഗുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് വിമാനപ്പടവുകള്‍ കയറിയത്.

12 മണിക്കൂര്‍ നീണ്ടയാത്രയ്ക്കുശേഷം ഇറ്റലിയിലെ സമയം രാത്രി പത്തുമണിക്ക്, അതായത് ക്യൂബന്‍ സമയം വൈകുന്നേരം നാലു മണിക്ക് തലസ്ഥാന നഗരമായ ഹവാനയിലെ ‘ഹൊസെ മാര്‍ത്ത’യില്‍ പാപ്പാ വിമാനമിറങ്ങുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.

പാപ്പായ്ക്കൊപ്പം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ പ്രീഫെക്ട് ആര്‍ച്ചുബിഷപ്പ് ജോര്‍ജ് ജാന്‍സ്വെയിന്‍ എന്നിവരും, 40-ല്‍ ഏറെ അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടര്‍മാരും, ആദ്യം ക്യൂബിയിലേയ്ക്കും പിന്നെ യുഎസ്സിഎ-യിലേയ്ക്കുമുള്ള യാത്രകളി‍ല്‍ പാപ്പായ്ക്കൊപ്പം സഞ്ചരിക്കുന്നതായി ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

സെപ്തംബര്‍ 19-മുതല്‍ 21-വരെ കരീബിയന്‍ രാജ്യമായ ക്യൂബ സന്ദര്‍ശിക്കുന്ന പാപ്പാ ഫ്രാന്‍സിസ്, അവിടെനിന്നും നീണ്ടൊരു തുടര്‍യാത്ര ചെയ്താണ് അമേരിക്കന്‍ മണ്ണില്‍ കാലുകുത്തുന്നത്. യു.എസ്എ സന്ദര്‍ശിക്കുന്ന നാലാമത്തെ പത്രോസിന്‍റെ പിന്‍ഗാമിയാണ് പാപ്പാ ഫ്രാന്‍സിസ്. സെപ്തംബര്‍ 22-മുതല്‍ 27-വരെയാണ് പാപ്പായുടെ യുഎസ്എ സന്ദര്‍ശനം. വടക്കെ അമേരിക്കയുടെ മധ്യഭാഗത്തു സ്ഥിതിചെയ്യുന്ന വന്‍രാഷ്ട്രമാണ് USA- എന്ന ചുരുക്കെഴുത്തില്‍ അറിയപ്പെടുന്ന United States of America, അമേരിക്കന്‍ ഐക്യനാടുകള്‍.

 








All the contents on this site are copyrighted ©.