2015-09-04 16:36:00

വൈദികഗണം ദൈവസ്നേഹം പകര്‍ന്നുനല്കി ജനങ്ങളോടൊപ്പം നടക്കേണ്ടവര്‍


വൈദികഗണം മുമ്പേനിന്ന് നയിക്കേണ്ടവര്‍ മാത്രമല്ല, ദൈവസ്നേഹം പകര്‍ന്നുനല്കി ജനങ്ങളോടൊപ്പം നടക്കേണ്ടവര്‍ എന്ന് പാപ്പാ ഫ്രാന്‍സിസ് പറയുന്നു.

ഷെന്‍സ്റ്റാറ്റ് എന്ന പേരിലുള്ള കത്തോലിക്കാ അപ്പസ്തോലിക മൂവ്മെന്‍റിന്‍റെ ജനറല്‍ ചാപ്റ്ററില്‍ പങ്കെടുത്തവരായ വൈദികര്‍ക്ക് സെപ്റ്റംബര്‍ 3-ാം തിയതി അനുവദിച്ച കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

പാവപ്പെട്ടവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിന്, ക്രിസ്തുവിന്‍റേതുപോലെ ശക്തമായ ചുമലുകള്‍ വൈദികര്‍ക്കുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അതുവഴി പ്രത്യാശ നഷ്ടപ്പെട്ടവര്‍ക്ക് ഊര്‍ജ്ജം പകരുവാനും ഒരു ജീവിതമാര്‍ഗ്ഗം എന്നതിലുപരി കൂടുതല്‍ സേവനമനോഭാവത്തോടെ പൗരോഹിത്യത്തെ കാണാനും പ്രത്യേകം ദൈവകൃപ യാചിക്കുന്നുവെന്നും 50 പേരടങ്ങിയ ഈ വൈദികസംഘത്തോട് പാപ്പാ പറഞ്ഞു.

1914, ഒക്ടോബര്‍ 18-ന് സ്ഥാപിതമായ ഈ അപ്പസ്തോലിക പ്രസ്ഥാനത്തിന്‍റെ ഭാഗമായി, 1965-ല്‍ ഷെന്‍സ്റ്റാറ്റ് വൈദികര്‍ക്കായുള്ള സെക്യലര്‍ സ്ഥാപനം ഫാദര്‍ ജോസ് കെന്‍റണിഹ് ആണ് ജര്‍മ്മനിയില്‍ തുടക്കം കുറിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 42 രാജ്യങ്ങളില്‍ വൈദികരായും മറ്റ് അല്മായ പ്രസ്ഥാനങ്ങളിലൂടെയും ഇവര്‍ സേവനമനുഷ്ഠിക്കുന്നു.   








All the contents on this site are copyrighted ©.