2015-08-13 19:27:00

കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ കിഴക്കന്‍ തീമോറില്‍


കാരുണ്യത്തിന്‍റെ മൂര്‍ത്ത ഭാവമാകണം വൈദികനെന്ന്, വത്തിക്കാന്‍  സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ ഉദ്ബോധിപ്പിച്ചു.

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധിയായി കിഴക്കന്‍ തീമോറിലേയ്ക്കു നടത്തിയ സന്ദര്‍ശനത്തില്‍, ആഗസ്റ്റ് 13-ാം തിയതി രാവിലെ തലസ്ഥാന നഗരമായ ദിലിലിലെ മേജര്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിക്കവെ വചനപ്രഘോഷണമദ്ധ്യേയാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ വൈദിക വിദ്യാര്‍ത്ഥികളെ ഉദ്ബോധിപ്പിച്ചത്.

ക്രിസ്തുവിന്‍റെകൂടെ ചരിക്കുന്ന പ്രേഷിതദൗത്യമുള്ള ശിഷ്യത്വമാണ് (the missionary discipleship) വൈദികന്‍റേതെന്ന് പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി. അവിടുത്തെ അനുകരിച്ച് അവിടുത്തോടു ചേര്‍ന്നു നടക്കുന്ന വൈദികന്‍, അവിടുത്തെ കാരുണ്യത്തിന്‍റെ വദനവും, മുഖകാന്തിയുമാണ് ജനങ്ങള്‍ക്ക് പകര്‍ന്നു നല്കേണ്ടതെന്ന്  സെമിനാരി വിദ്യാര്‍ത്ഥികളോട് കര്‍ദ്ദിനാള്‍ പരോളിന്‍ അഹ്വാനംചെയ്തു.

രൂപീകരണ കാലഘട്ടത്തില്‍ തന്നെ ബൗദ്ധികവും ആത്മീയവും സാമൂഹ്യവുമായ തലങ്ങളില്‍ കാരുണ്യത്തിന്‍റെ ഗുണഗണങ്ങള്‍ ശ്രദ്ധയോടെ വളര്‍ത്തിയെടുത്തെങ്കില്‍ മാത്രമേ ക്രിസ്തുവിന്‍റെ കരുണാര്‍ദ്രഭാവമുള്ള പ്രേഷിതനും മിഷണറിയുമാകുവാന്‍ വൈദികര്‍ക്കു സാധിക്കുകയുള്ളൂവെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വൈദികവിദ്യാര്‍ത്ഥികളെ അനുസ്മരിപ്പിച്ചു. പിന്നെയും രൂപീകരണത്തിന്‍റെ ഹൃദയഭാഗമായ പ്രേഷിതഭാവത്തെയും അതിന്‍റെ ഗുണഗണങ്ങളെയും കര്‍ദ്ദിനാള്‍ പരോളില്‍ വചനചിന്തയില്‍ പങ്കുവച്ചു.

കിഴക്കന്‍ തീമോറി‍ലെ സുവിശേഷവത്ക്കരണത്തിന്‍റെ 5-ാം ശതാബ്ദി ആഘോഷിങ്ങളില്‍ പങ്കെടുക്കുവാന്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധിയായി  എത്തിയതാണ് കര്‍ദ്ദിനാള്‍ പരോളിന്‍. ആഗസ്റ്റ് 15-ാം തിയതി ശനിയാഴ്ച തലസ്ഥാന നഗരമായ ദിലിലില്‍ നടക്കുന്ന ചിടങ്ങുകളില്‍ കര്‍ദ്ദിനാള്‍ പരോളി‍ന്‍ ഔദ്യോഗികമായി പങ്കെടുക്കും.

 








All the contents on this site are copyrighted ©.