2015-08-10 14:01:00

ദുരന്തസ്മരണയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ശാന്തിസന്ദേശം


ആഗസ്റ്റ് 9-ാം തിയതി ഞായറാഴ്ച ജപ്പാനിലെ അണുബോംബു ദുരന്തത്തിന്‍റെ 70-ാം വാര്‍‍ഷികമായിരുന്നു. അണുബോംബുവര്‍ഷത്തിന്‍റെ ദുഃഖസ്മരണയില്‍ പാപ്പാ ഫ്രാ‍ന്‍സിസ് വത്തിക്കാനില്‍ വിശ്വസാഹോദര്യത്തിനും സമാധാനത്തിനുമായി പ്രാര്‍ത്ഥിച്ചു.

എഴുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 1945-ലെ ആഗസ്റ്റ് 6, 9 തിയതികളിലാണ് ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളില്‍ അണുബോംബുകള്‍ വര്‍ഷിക്കപ്പെട്ടത്. ലോകത്തെ നടുക്കിയ ഭീകരസംഭവം അരങ്ങേറിയത്. നീണ്ട കാലഘട്ടത്തിനുശേഷവും ഈ ദുരന്തം മനുഷ്യമനസ്സുകളില്‍ ഭീതിയും വെറുപ്പും ഉണര്‍ത്തുന്നുണ്ട്. മനുഷ്യന്‍റെ നശീകരണ ഭാവത്തിന്‍റെ ഭീദിതമായ പ്രതീകമാണ് നിഷേധാത്മകമായ ഈ ചരിത്രസംഭവം! ശാസ്ത്ര കണ്ടുപിടുത്തങ്ങളില്‍ ഊന്നിനിന്നുകൊണ്ട്, അല്ലെങ്കില്‍ അവ പ്രയോജനപ്പെടുത്തിക്കൊണ്ട് മനുഷ്യന്‍ തിന്മയുടെ ചുവടുകള്‍ ജീവിതത്തില്‍ വയ്ക്കുമ്പോള്‍ ഹിരോഷിമാ നാഗസാക്കി ഒരു താക്കീതാണ്! സാമൂഹ്യ നശീകരണശക്തിയുള്ള ആണവായുധങ്ങളുടെ നിര്‍മ്മാണവും ശേഖരവും പാടെ ഉപേക്ഷിക്കുവാനും നിറുത്തലാക്കുവാനുമുള്ള താക്കീതാണ് ഈ മഹദുരന്തത്തിന്‍റെ സ്മരണയെന്ന് പാപ്പാ പ്രസ്താവിച്ചു.

ഹിരോഷിമാ-നാഗസാക്കി ദുരന്തത്തിന്‍റെ ഓര്‍മ്മയും അതിന്‍റെ നൊമ്പരവും മാനവകുലം പേറുമ്പോള്‍, ഇന്നത്തെ ലോകത്ത് അതിക്രമങ്ങളുടെ മാര്‍ഗ്ഗങ്ങള്‍ പാടെ ഉപേക്ഷിച്ച് സമാധാനത്തിന്‍റെ പാതയിലേയ്ക്ക് നീങ്ങാന്‍ സകലരെയും പാപ്പാ ക്ഷണിച്ചു. അങ്ങനെ ലോകത്ത് വിശ്വസാഹോദര്യത്തിന്‍റെയും, സമാധാനത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും ധാര്‍മ്മികത വളര്‍ത്തുന്നതിന് സന്മനസ്സുള്ള സകലരെയും പാപ്പാ പ്രഭാഷണത്തില്‍ ക്ഷമിക്കുകയുണ്ടായി. സകല രാജ്യങ്ങളില്‍നിന്നും, ജനതകളില്‍നിന്നും ഉയരേണ്ട മന്ത്രധ്വനിയാണ്, “യുദ്ധവും അതിക്രമവും ഉപേക്ഷിക്കാം, സമാധാനവും സംവാദവും വളര്‍ത്താം. യുദ്ധം പാടെ ഇല്ലാതാക്കാം!” യുദ്ധത്തിന്‍റെ വിജ്യംഭണം ഇല്ലാതാക്കാന്‍ മനുഷ്യര്‍തന്നെ സമാധാന ഭേരി മുഴക്കണമെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു!

സമ്പാത്തിക ക്ലേശങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന ജനങ്ങളെ ചൂഷണംചെയ്യുകയും, സാധാരണ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുകയും ചെയ്യുന്ന എല്‍ സാല്‍വദോര്‍ പോലുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ രാഷ്ട്രീയ നീക്കങ്ങളെ പ്രഭാഷണത്തില്‍ പാപ്പാ ഫ്രാന്‍സിസ് ആശങ്കയോടെ പ്രതിപാദിച്ചു. പ്രത്യാശ കൈവെടിയാതെ അവിടത്തെ ജനങ്ങള്‍ ഇനിയും നീതിക്കും സമാധാനത്തിനുവേണ്ടി നിലനില്ക്കുകയും പരിശ്രമിക്കുകയും വേണമെന്നും, വാഴ്ത്തപ്പെട്ട ഓസ്ക്കര്‍ റൊമേരോയുടെ ചുടുനിണമാര്‍ന്ന മണ്ണില്‍ സമാധാനവും നീതിയും വളരട്ടെ എന്നു ആശംസിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.