2015-08-08 19:49:00

നാ‌ടുകടത്തപ്പെട്ടവര്‍ രക്തസാക്ഷികളെന്ന് പാപ്പാ ഫ്രാന്‍സിസ്


വിശ്വാസത്തെപ്രതി നാടുകടത്തപ്പെട്ടവര്‍ ഇന്നിന്‍റെ രക്തസാക്ഷികളാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

ജരൂസലേമിലെ ലത്തീന്‍ പാട്രിയേര്‍ക്കേറ്റിന്‍റെ സഹയാമെത്രാന്‍ ലഹാമിന് ആഗസ്റ്റ് 6-ാം തിയതി വ്യാഴാഴ്ച അയച്ച കത്തിലാണ് ജോര്‍ദ്ദാനിലെത്തിയ സിറിയന്‍ അഭയാര്‍ത്ഥികളെ ‘വിശ്വാസത്തിന്‍റെ രക്തസാക്ഷികളെ’ന്ന് പാപ്പാ വിശേഷിപ്പിച്ചത്. വിശുദ്ധനാടു സന്ദര്‍ശിക്കുന്ന ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതിയുടെ ജനറല്‍ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് നൂണ്‍സിയോ ഗാലന്തീനോവഴിയാണ് പാപ്പാ കത്തയച്ചത്.

സിറിയന്‍ അഭയാര്‍ത്ഥികള്‍ ജോര്‍ദ്ദാനില്‍ എത്തിയതിന്‍റെ പ്രഥമ വാര്‍ഷികദിനം, ആഗസ്റ്റ് ആറാം തിയതി അനുസ്മരിച്ചുകൊണ്ടാണ് അവിടത്തെ അഭയാര്‍ത്ഥി സമൂഹത്തിന് പാപ്പാ കത്തയച്ചത്.

സുവിശേഷത്തോടുള്ള വിശ്വസ്തയെപ്രതി വിവേചിക്കപ്പെടുകയും തരംതാഴ്ത്തപ്പെടുകയും ചെയ്യുന്ന ക്രൈസ്തവര്‍ ഇന്ന് ലോകത്ത് നിരവധിയാണെന്നും, യുക്തിയില്ലാത്ത മതമൗലികവാദത്തിന്‍റെയും അസഹിഷ്ണുതയുടെയും ഇരകളാണ് അവരെന്നും പാപ്പാ കത്തില്‍ ചൂണ്ടിക്കാട്ടി.

വിശ്വാസത്തെപ്രതി നാടുകടത്തപ്പെട്ട സഹോദരങ്ങളോട് തന്‍റെ കുഞ്ഞുങ്ങളെ മറക്കാതെ പരിലാളിക്കുന്ന മാതൃസ്നേഹംപോലെ വിശുദ്ധനാട്ടിലെ സഭ വര്‍ത്തിക്കണമെന്നും, വേണ്ടുന്ന സഹായങ്ങളെല്ലാം അവര്‍ക്ക് ലഭ്യമാക്കണമെന്നും കത്തിലൂടെ പാപ്പാ അഭ്യര്‍ത്ഥിച്ചു.

പരിത്യക്തതയുടെയും ഒറ്റപ്പെടലിന്‍റെയും കരിനിഴലില്‍ നിപതിച്ച അഭയാര്‍ത്ഥികളായ സഹോദരങ്ങളെ തുണയ്ക്കുന്ന ജരൂസലേമിലെ വിവിധ ക്രൈസ്ത സമൂഹങ്ങളെയും പാപ്പാ കത്തിലൂടെ അഭിനന്ദിച്ചു. അഭയാര്‍ത്ഥികളായ സഹോദരങ്ങള്‍ അനുഭവിക്കുന്ന വേദനയുടെ ചുറ്റുപാടില്‍ ഈ സമൂഹങ്ങള്‍ ക്രിസ്തുവിന്‍റെ ഉത്ഥാനപ്രഭയുടെ പ്രത്യാശയാണ് പകര്‍ന്നു നല്‍കുന്നതെന്നും പാപ്പാ കത്തില്‍ വിശേഷിപ്പിച്ചു.

ന്യൂനപക്ഷമായ ക്രൈസ്തവരെ അകാരണമായി പീഡിപ്പിക്കുന്ന അസ്വീകാര്യമായ അധര്‍മ്മത്തെ അന്താരാഷ്ട്ര സമൂഹം ഇനിയും മൗനമായി വീക്ഷിക്കില്ലെന്നാണ് തന്‍റെ പ്രത്യാശയെന്നും പാപ്പാ സന്ദേശത്തില്‍ പ്രസ്താവിച്ചു. ഭൂമുഖത്ത് ജനതകളും, സംസ്ക്കാരങ്ങളും മതങ്ങളും സാഹോദര്യത്തിലും ഐക്യദാര്‍ഢ്യത്തിലും വസിക്കുവാനുള്ള അടിസ്ഥാന അവകാശത്തിന്‍റെ അതിക്രൂരമായ ലംഘനമാണ് മദ്ധ്യപൂര്‍വ്വദേശത്തു സംഭവിച്ച ന്യൂനപക്ഷങ്ങളുടെ നാടുകടത്തലെന്ന് കത്തിലൂടെ പാപ്പാ അപലപിച്ചു.   

 








All the contents on this site are copyrighted ©.