2015-08-06 19:34:00

പ്രിന്‍സ് പാണേങ്ങാടന്‍ അദിലാബാദിന്‍റെ പുതിയ മെത്രാന്‍


 മോണ്‍സീഞ്ഞോര്‍ ആന്‍റെണി പ്രിന്‍സ് പാണേങ്ങാടന്‍ അദിലാബാദ് രൂപതയുടെ മെത്രാന്‍

തെലുങ്കാന സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന അദിലാബാദ് സീറോ-മലബാര്‍ രൂപതയ്ക്കുവേണ്ടി മോണ്‍സീഞ്ഞോര്‍ ആ‍ന്‍റെണി പ്രിന്‍സ് പാണേങ്ങാടനെയാണ് പാപ്പാ ഫ്രാന്‍സിസ് പുതിയ മെത്രാനായി നിയമിച്ചത്. അദിലാബാദി രൂപതയുടെ വികാരി ജനറാളും കത്തീ‍ഡ്രല്‍ ദേവാലയത്തിലെ വികാരിയുമായി സേവനംചെയ്യവെയാണ്, സീറോ മലബാര്‍ സിന‍ഡിന്‍റെ നാമനിര്‍ദ്ദേശം അംഗീകരിച്ചുകൊണ്ട് മോണ്‍സീഞ്ഞോര്‍ പാണേങ്ങാടനെ അദിലാബാദിന്‍റെ മെത്രാനായി പാപ്പാ നിയോഗിച്ചത്.

മോണ്‍സീഞ്ഞോര്‍ പാണേങ്ങാടന്‍ അദിലാബാദി രൂപതാംഗവും, തൃശ്ശൂര്‍ ജില്ലയിലെ അരിമ്പൂര്‍ സ്വദേശിയുമാണ്.

ബാംഗളൂരിലെ ധര്‍മ്മാരാം വിദ്യക്ഷേത്രത്തില്‍നിന്നും തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. സിഎംഐ സന്യാസമൂഹാംഗമായി സെമിനാരി പരിശീലനത്തിന്‍റെ പ്രാരംഭഘട്ടം പിന്നിട്ട അദ്ദേഹം മിഷന്‍ രൂപതയായ അദിലാബാദില്‍ ചേര്‍ന്നു. 2007-ല്‍ വൈദികപട്ടം സ്വീകരിച്ച് അദിലാബാദ് രൂപതാ വൈദികനായി. റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ ബൈബിള്‍ വിജ്ഞാനീയം പഠിച്ച് ഉന്നത ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. മാതൃഭാഷ മലയാളത്തിനു പുറമെ, തെലുങ്ക്, ഹിന്ദി, ജര്‍മ്മന്‍, ഇറ്റാലിന്‍. ഇംഗ്ലിഷ് എന്നീ ഭാഷകള്‍ നിയുക്തമെത്രാന് വശമുണ്ട്.

മുന്‍മെത്രാന്‍ ജോസഫ് കുന്നത്ത് സി.എം.ഐ. സഭാഭരണത്തിന്‍റെ കാനോനിക പ്രായപരിധി 75 വയസ്സെത്തി വരിമിച്ചതിനെ തുടര്‍ന്നാണ് മോണ്‍സീഞ്ഞോര്‍ പാണേങ്ങാടനെ അദിലാബാദ് രൂപതയുടെ പുതിയ മെത്രാനായി പാപ്പാ നിയോഗിച്ചത്.








All the contents on this site are copyrighted ©.