2015-08-06 19:53:00

കാന‍ഡയില്‍ സീറോ-മലബാര്‍ എക്സാര്‍ക്കേറ്റ് കല്ലുവേലില്‍ എക്സാര്‍ക്ക്


പാപ്പാ ഫ്രാന്‍സിസ് കാനഡയില്‍ പുതിയ സീറോമലബാര്‍ സഭാ പ്രവിശ്യ - ഏക്സാര്‍ക്കി സ്ഥാപിച്ചു, എക്സാര്‍ക്കായി ഫാദര്‍ ജോസ് കല്ലുവേലിലും നിയമിതനായി.

ഇത്രയും നാള്‍ അമേരിക്കിയിലെ ചിക്കാഗോ സീറോ-മലബാര്‍ രൂപതയുടെ ഭരണസീമയില്‍പ്പെട്ട കാന‍ഡയിലെ വിശ്വാസ സമൂഹമാണ് Exarchy -യായി ഉയര്‍ത്തപ്പെട്ടത്. 9000-ത്തിലേറെ വിശ്വാസികളും 15 വൈദികരുമുള്ള സഭാകൂട്ടായ്മയാണിത്. സീറോ മലബാര്‍ സിന‍ഡിന്‍റെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് എക്സാര്‍ക്കിക്ക് രൂപംനല്കിയത്.

സഭയുടെ പുതിയ എപ്പാര്‍ക്ക് ഫാദര്‍ ജോസ് കല്ലുവേലില്‍ പാലക്കാട് രൂപതാംഗവും തോട്ട്വാ സ്വദേശിയുമാണ്. പാലാ രൂപതയുടെ കീഴിലുള്ള തോട്ട്വായില്‍ ജനിച്ച ഫാദര്‍ ജോസ് കല്ലുവേലില്‍ തൃശൂര്‍ അതിരൂപതാ സെമിനാരിയിലും, പിന്നീട് കോട്ടയത്തെ വടവാതൂര്‍ സെമിനാരിയിലുമാണ് വൈദിക പഠനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 1984-ല്‍ പാലക്കാടു രൂപതയില്‍ വൈദികനായി.

തുടര്‍ന്ന് റോമിലെ സലീഷ്യന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും അദ്ദേഹം ദൈവശാസ്ത്രത്തിലും മതബോധന ശാസ്ത്രത്തിലും ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി. പാലക്കാട് രൂപതയില്‍ അജപാലന ശുശ്രൂഷ ചെയ്തിരുന്ന അദ്ദേഹം 2013-മുതല്‍ കാനഡയിലെ ടൊറേന്‍റോയിലുള്ള സീറോ മലബാര്‍ സമൂഹത്തിന്‍റെ അജപാലകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജര്‍‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലിഷ് മലയാളം എന്നീ ഭാഷകള്‍ നന്നായി കൈകാര്യംചെയ്യും.

 








All the contents on this site are copyrighted ©.