2015-07-31 17:33:00

ഖനനമേഖലയിലെ അന്യായങ്ങള്‍ ഭീദിതമെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍


അമിതമായ ലാഭേച്ഛയാണ് ഖനന മേഖലയിലെ അന്യായങ്ങള്‍ക്കു കാരണമെന്ന്, നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്കസണ്‍ പ്രസ്താവിച്ചു.

ഖനി തൊഴിലാളികളുടെ ആഗോള സംഘടന CIDSE സി‍ഡ്സേ-യുടെ അയച്ച തുറന്ന കത്തിനോട് പ്രതികരിചച്ചുകൊണ്ട് ജൂലൈ 17, 18, 19 തിയതികളില്‍ വത്തിക്കാനില്‍ സംഗമിച്ച വിവിധ രാജ്യങ്ങളിലെ തൊഴിലാളി പ്രതിനിധികളുടെ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ഇങ്ങനെ പ്രതികരിച്ചത്.

‘ദൈവത്തില്‍ ആശ്രയിച്ചുകൊണ്ടെങ്കിലും, തങ്ങള്‍ കരയുകയാണ്,’ എന്ന ശീര്‍ഷകത്തിലുള്ള നീണ്ടകത്ത് ആഗോള ഖനന തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള സംഘട CIDSE (Cooperation International for Development Solidarity of Environment-യാണ് വത്തിക്കാനിലേയ്ക്ക് അയച്ചത്.

പരിസ്ഥിതി വിനാശം മാത്രമല്ല, ചിതറിപ്പോകുന്ന സമൂഹങ്ങളും കുടുംബങ്ങളും, നഷ്ടമാകുന്ന ഭൂസ്വത്ത്, പാര്‍പ്പിടം, അടിസ്ഥാന ജീവിത സൗകര്യങ്ങളുടെ കുറവ്, വര്‍ദ്ധിച്ചുവരുന്ന രോഗങ്ങള്‍, വേശ്യവൃത്തി, മദ്യപാനം, മയക്കുമരുന്നു കച്ചവടം എന്നവയും ഖനന മേഖലയിലെ കരിനിഴലില്‍ വരിഞ്ഞുനില്ക്കുന്നുണ്ടെന്ന് കത്തിനെ ആധാരമാക്കി കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ചൂണ്ടിക്കാട്ടി. അങ്ങനെ അതിക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് ഇന്നും ഖനന തൊഴിലാളികള്‍ അനുഭവിക്കുന്നതെന്നും – കത്തിന്‍റെ ഉള്ളടക്കത്തെ വെളിപ്പെടുത്തിക്കൊണ്ട് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വിശദീകരിച്ചു.

ഖനന മേഖലയിലെ തൊഴിലാളി സമൂഹങ്ങളും അവരുടെ തൊഴില്‍ ജീവിത പരിസരവുമായ പ്രകൃതിയും അനുഭവിക്കുന്ന ആഴമായ മുറിവുകള്‍ ആഗോള സഭയെയും വേദനിക്കുന്നുണ്ടെന്നും, ഈ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് അടുത്തകാലത്ത് ഇറങ്ങിയ ചാക്രിക ലേഖനം, Laudato Si’-ല്‍ പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിക്കുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ സമ്മേളനത്തെ ചൂണ്ടിക്കാട്ടി (LS 158).

വേദനയും, ദാരിദ്ര്യവും രോഗങ്ങളും, ഇതര ബാധ്യതകളും മാത്രം തൊഴിലാളികളുടെ ഭാഗധേയമാക്കിക്കൊണ്ട്, അവരുടെ അദ്ധ്വാനഫലങ്ങള്‍ പുറത്തുള്ളവര്‍ ആസ്വദിക്കുന്ന അനീതിയും, മനുഷ്യത്വമില്ലായ്മയുമാണ് ഖനനമേഖലയില്‍ ആധുനിക യുഗത്തിലും പ്രകടമായി കാണുന്നതെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍ പ്രഭാഷണത്തില്‍ സമര്‍ത്ഥിച്ചു.

ഇന്ത്യ, ഫിലിപ്പീന്‍സ്, ഡോമിനിക്കന്‍ റിപ്പബ്ളിക്ക്, എല്‍ സാല്‍വദോര്‍, ഗൗതമാലാ, ഹോണ്ടൂരാസ്, കൊളുമ്പിയ, ബ്രസീല്‍, പെറു, ചിലി, മെക്സിക്കോ, അമേരിക്ക, കാന‍ഡ, ഇറ്റലി, സ്വിറ്റ്സര്‍ലണ്ട്, മൊസാമ്പിക്ക്, ഖാനാ എന്നീ രാജ്യങ്ങളിലെ ഖനന തൊഴിലാളി സംഘടകളുടെ പ്രതിനിധികളാണ് വത്തിക്കാനില്‍ ജൂലൈ 17-മുതല്‍ 19-വരെ തിയതികളില്‍ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സംഗമിച്ചത്.








All the contents on this site are copyrighted ©.