2015-07-27 17:54:00

ക്രാക്കോ ലോകയുവജന മേള റെജിസ്ട്രേഷന്‍ ആരംഭിച്ചു


ജൂലൈ 26-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് പോളണ്ടിലെ ക്രാക്കോയില്‍ 2016 ജൂലൈ 21-മുതല്‍ 31-വരെ അരങ്ങേറുന്ന മേളയുടെ റെജിസ്ട്രേഷന്‍ പാപ്പാ ഫ്രാന്‍സിസ് ഉത്ഘാടനംചെയ്തത്.

ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണത്തെ തുടര്‍ന്നു നടന്ന ചെറിയ ഡിജിറ്റല്‍ കണ്ണിചേരലിലൂ‍ടെ പാപ്പാ ഫ്രാന്‍സിസ് ആസന്നമാകുന്ന ക്രാക്കോയിലെ ലോക യുവജന സംഗമത്തിനുള്ള രജിസ്റ്റര്‍ ഉത്ഘാടനം ചെയ്തത്. I-Pad-ലൂടെ പാപ്പാ ക്രാക്കോയിലേയ്ക്കു നല്കിയ ഹ്രസ്വസന്ദേശത്തിലൂടെ തന്‍റെ പേര് റെജിസ്റ്റര്‍ ചെയ്തുകൊണ്ടാ ലോക യുവജനോത്സവത്തിന്‍റെ പ്രഥമ തീര്‍ത്ഥാടകനും പങ്കാളിയുമായി പാപ്പാ ഫ്രാ‍ന്‍സിസ്!

തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും അഭിവാദ്യംചെയ്യുന്നതിനു മുന്‍പായി പാപ്പാ ഫ്രാന്‍സിസ് പ്രത്യേകമായി ഒരു അറിയിപ്പു നടത്തി : പോളണ്ടിലെ ക്രാക്കോയില്‍ 2016-ല്‍  സംഗമിക്കുവാന്‍ പോകുന്ന 31-ാമത് ലോക യുവജനമേളയുടെ റെജിസ്ട്രേഷന്‍ ആരംഭിക്കുന്നു ദിവസമായിരുന്നത്രെ, അന്ന് ജൂലൈ 26-ാം തിയതി ഞായറാഴ്ച. പ്രതീകാത്മകമായി ഇന്‍റെര്‍നെറ്റിലൂടെ തന്‍റെ പേര് ആദ്യം റെജിസ്റ്റര്‍ ചെയ്തുകൊണ്ട് മേളയുടെ ഔദ്യോഗിക ബുക്കിംഗ്, അല്ലെങ്കില്‍ റജീസ്ട്രേഷന്‍ ഉത്ഘാടനം ചെയ്യപ്പെടുകയാണെന്ന് പാപ്പാ പ്രഖ്യാപിച്ചു.

31-ാമത് ലോക യുവജന മേളയുടെ സന്നദ്ധസേവകരായ രണ്ടുപേരുടെ - ഒരു പോളണ്ടുകാരി യുവതിയുടെയും ഇറ്റലിക്കാരന്‍ യുവാവിന്‍റെയും സാന്നിദ്ധ്യത്തിലാണ് പാപ്പാ അത് നിര്‍വ്വഹിച്ചത്. പ്രതീകാത്മകമായ ഉത്ഘാടനം ഇപ്പോള്‍ ഇവിടെ നിര്‍വ്വഹിക്കുകയാണെന്ന് പാപ്പാ പ്രസ്താവിക്കുകയും, സംഘാടകര്‍ I-Pad Link- പാപ്പായ്ക്ക് ലഭ്യമാക്കുകയും ചെയ്തു. അതിലൂടെ ഹ്രസ്വസന്ദേശം ക്രാക്കോയിലെ ലോക യുവജന സംഗമത്തിന്‍റെ ഓഫിസിലേയ്ക്ക് അയച്ചുകൊണ്ട് 2016 ജൂലൈ 21-മുതല്‍ 31-വരെ പോളണ്ടിലെ ക്രാക്കോ നഗരത്തില്‍ അരങ്ങേറുന്ന ലോകയുവജന മേളയില്‍ റെജിസ്റ്റര്‍ ചെയ്യുന്ന പ്രഥമ തീര്‍ത്ഥാടകനും പങ്കാളിയുമായി മാറി പാപ്പാ ഫ്രാന്‍സിസ്!

മേളയുടെ ഔദ്യോഗിക ചിഹ്നമുള്ള ടി-ഷേര്‍ട്ട് അണിഞ്ഞ് സന്നിഹിതരായിരുന്ന യുവാവും യുവതിയും ചത്വരത്തിലെ വന്‍ജനക്കൂട്ടത്തോടു ചേര്‍ന്ന് പാപ്പായുടെ പ്രതീകാത്മകമായ റെജിസ്ട്രേഷന്‍ ​​അംഗീകരിച്ചുകൊണ്ട് ഹസ്താരവും മുഴക്കി. യുവജനമേളയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

ആഗോളസഭ ആചരിക്കുന്ന ‘കാരുണ്യത്തിന്‍റെ വിശുദ്ധ വത്സര’ത്തില്‍ തന്നെയാണ് യുവജന മഹോത്സവവും അരങ്ങേറുന്നത്. ‘കരുണയുള്ളവര്‍ അനുഗ്രഹീതരാകുന്നു, എന്തെന്നാല്‍ അവര്‍ക്ക് കരുണ ലഭിക്കും’, (മത്തായി 5,7), എന്ന സുവിശേഷ സൂക്തം ആപ്തവാക്യമാക്കിക്കൊണ്ടാണ് യുവജനങ്ങള്‍ പോളണ്ടിലെ ക്രാക്കോയില്‍ സംഗമിക്കുവാന്‍ പോകുന്നത്. ആചരിക്കാന്‍ ഒരുങ്ങുന്ന യുവജനോത്സവം ദൈവികകാരുണ്യത്തിന്‍റെ ജൂബിലിയാവട്ടെ, മഹോത്സവമാവട്ടെ എന്ന് പാപ്പാ ആശംസിച്ചു. ഒപ്പം ലോകയുവതയെ ആ മഹാസംഗമത്തിലേയ്ക്ക് ക്ഷണിക്കുകയും, പങ്കെടുക്കുന്ന സകലര്‍ക്കും അവരുടെ സമൂഹങ്ങള്‍ക്കും കൃപയുടെയും അനുഗ്രഹത്തിന്‍റെയും അവസരമാവട്ടെ, എന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു. 

 








All the contents on this site are copyrighted ©.