2015-07-15 15:28:00

കൊച്ചിയുടെ മേയര്‍ ടോണി ചമ്മണി വത്തിക്കാനില്‍


സമകാലീന സമൂഹ്യ തിന്മകളെക്കുറിച്ച് വത്തിക്കാന്‍ സംഘടിപ്പിക്കുന്ന രാജ്യാന്ത സമ്മേളനത്തില്‍ കൊച്ചിയുടെ മേയര്‍, ടോണി ചിമ്മണി പങ്കെടുക്കും.

രാജ്യാന്തര തലത്തില്‍ വന്‍നഗരങ്ങളുടെയും നഗരസഭകളുടെയും, ഐക്യരാഷ്ട്രസഭയുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളത്തില്‍ ഭാരതത്തി‍ന്‍റെ ഏകപ്രതിനിധിയാണ് ടോണി ചിമ്മിണി. അഞ്ചു വര്‍ഷക്കാലം കൊച്ചി നഗരത്തെ നയിച്ച പരിചയസമ്പത്തുമായിട്ടാണ് ടോണി ചിമ്മണി പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്ന പരിസ്ഥിതി സംബന്ധിയായ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ വത്തിക്കാനില്‍ എത്തുന്നത്.

‘പാപ്പാ ഫ്രാ‍ന്‍സിസ് വിളിച്ചുകൂട്ടുന്ന സമ്മേളനം ലോകത്തിലെ നഗരചുറ്റുപാടുകളില്‍ നന്മയുടെ ചലനങ്ങളുണ്ടാക്കുമെന്ന പ്രത്യാശയിലാണ് താന്‍ വത്തിക്കാനിലേയ്ക്കു പുറപ്പെടുന്നതെ’ന്ന് കൊച്ചിയുടെ ആരാധ്യനായ മേയര്‍, ടോണി ചമ്മണി വത്തിക്കാന്‍ റേ‍ഡിയോയ്ക്കു നല്കിയ ടെലിഫോണ്‍ സന്ദേശത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

മനുഷ്യക്കടത്ത്, കാലാവസ്ഥാ വ്യതിയാനം എന്നിവ സമ്മേളനത്തിന്‍റെ മുഖ്യപ്രതിപാദ്യവിഷയങ്ങളാണ്. ഈ മേഖലകളില്‍ നഗരങ്ങളുടെ ഉത്തരവാദിത്വം ചര്‍ച്ചചെയ്യുന്ന സമ്മേളനം വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമിയാണ് സംഘടിപ്പിക്കുന്നത്. ജൂലൈ 21, 22 ചൊവ്വ, ബുധന്‍ തിയതികളില്‍ വത്തിക്കാനിലെ കസീനോ പിയോയില്‍ ചേരുന്ന സമ്മേളനത്തില്‍ ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധികള്‍, വിവിധരാഷ്ട്ര പ്രതിനിധികള്‍, വന്‍ നഗരങ്ങളുടെ മേയര്‍മാര്‍, തുടങ്ങി ശ്രേഷ്ഠരായ വ്യക്തികള്‍ പങ്കെടുക്കും. പാപ്പാ ഫ്രാ‍‍ന്‍സിസ്സ് സമ്മേളനത്തെ അഭിസംബോധനചെയ്യും.

ജനങ്ങളും ഭൂമിയും സമ്പന്നതയും – നഗരങ്ങള്‍ ആര്‍ജ്ജിക്കേണ്ട സുസ്ഥിതി വികസനം – എന്ന ശീര്‍ഷകത്തെ ആധാരമാക്കി വത്തിക്കാന്‍റെ ശാസ്ത്ര അക്കാ‍ഡമിയുടെ ചാന്‍സലര്‍ മര്‍സേലോ സാഞ്ചെസ് സൊരോന്തോ, മാധ്യമ പ്രവര്‍ത്തകന്‍ മൈക്കിള്‍ ഷാങ്ക്, സാമൂഹ്യ ശാസ്ത്രജ്ഞന്‍  അലെസാന്ദ്രോ ഗെത്താനോ എന്നിവര്‍ സമ്മേളത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.








All the contents on this site are copyrighted ©.