2015-07-13 00:03:00

വെല്ലുവിളികളെ അതിജീവിക്കുന്ന ക്രൈസ്തവജീവിതം


ജൂലൈ 12-ാം തിയതി ഞായറാഴ്ച പരാഗ്വേയിലെ ഞൂ-ഗ്വാസു മൈതാനിയില്‍ അര്‍പ്പിക്കപ്പെട്ട സമൂഹബലിയര്‍പ്പണത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ക്രൈസ്തവ ജീവിത മേന്മയെക്കുറിച്ചുള്ള സുവിശേഷചിന്തകള്‍ പങ്കുവച്ചത്.

‘കര്‍ത്താവ് അനുഗ്രഹമാരി സമൃദ്ധമായ് വര്‍ഷിക്കും, ഭൂമി ഫലമണിയും.’ സങ്കീര്‍ത്തകന്‍റെ വരികളാണിത്. ദൈവവുമായുള്ള മനുഷ്യന്‍റെ നിഗൂഢമായ കൂട്ടായ്മയുടെ ആഘോഷത്തിനു ക്ഷണിക്കപ്പെട്ടവരാണ് ക്രൈസ്തവര്‍. ഭൂമിയില്‍ പെയ്തിറങ്ങുന്ന മഴ, സങ്കീര്‍ത്തകന്‍റെ വാക്കുകളില്‍, മനുഷ്യന്‍ തന്‍റെ കരങ്ങള്‍കൊണ്ട് കിളച്ചു മറിക്കുന്ന വയലില്‍ വിളയുന്ന ദൈവിക സമൃദ്ധിയുടെയും സാന്നിദ്ധ്യത്തിന്‍റെയും പ്രതീകമാണ്. അങ്ങനെ ദൈവവുമായുള്ള ബന്ധവും ഐക്യവും നമുക്ക് ജീവന്‍ നല്‍കുന്നു, അത് നമ്മുടെ അദ്ധ്വാനത്തെ ഫലമണിയിക്കുന്നു. ഈ ദൈവിക പരിപാലനയുടെ അത്മവിശ്വാസം നമ്മുടെ വിശ്വാസത്തില്‍നിന്നും വിരിയുന്നതാണ്. നാം ദൈവകൃപയില്‍ ആശ്രയിച്ച് ജീവിക്കുന്നവരും, അത് നമ്മെ രൂപാന്തരപ്പെടുത്തുകയും, നമ്മെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു.

ആത്മവിശ്വാസം നാം പഠിക്കുന്നതും, അതേ സമയം മറ്റുള്ളവര്‍ നമുക്ക് പകര്‍ന്നു നല്കുന്നതുമാണ്. സമൂഹത്തിലും കുടുംബത്തിലുമാണ് ഈ ആത്മവിശ്വാസം നമുക്ക് ലഭിക്കുന്നത്. ക്രിസ്തുവിനെ അനുധാവനംചെയ്യുവാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്ന സകലരുടെയും മുഖതാവില്‍ ആത്മവിശ്വാസം പ്രസരിക്കുന്നുണ്ട്. കാരണം അവിടുത്തെ അനുധാവനംചെയ്യുന്ന ആരും വഞ്ചിതരാകുന്നില്ല. ക്രിസ്തു ശിഷ്യന്‍ അവിടുത്തെ സ്നേഹിതനും സ്നേഹിതയും ആകുവാനും, അവിടുത്തെ ഭാഗധേയമാകുവാനും, അവിടുത്തെ ജീവനില്‍ പങ്കുകാരാകുവാനും ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. ‘ഞാന്‍ നിങ്ങളെ ദാസന്മാരെന്നല്ല, സ്നേഹിതരെന്നാണ് വിളിക്കുന്നത്. എന്തെന്നാല്‍ പിതാവില്‍നിന്ന് എനിക്കു ലഭിച്ചതെല്ലാം ഞാന്‍ നിങ്ങള്‍ക്ക് വെളിപ്പെടുത്തി തന്നിട്ടുണ്ട്.’ അങ്ങനെ ക്രിസ്തുമായുളള ആത്മബന്ധത്തില്‍നിന്നും സ്നേഹത്തില്‍നിന്നുമുള്ള ആത്മവിശ്വാസത്തില്‍ വളരുന്നവരാണ് ക്രൈസ്തവര്‍, ക്രിസ്തുശിഷ്യന്മാര്‍.

ശിഷ്യത്വത്തിന്‍റെ അളവും അളവുകോലും സുവിശേഷം നല്‍കുന്നുണ്ട്. അവിടുന്നു വിളിച്ചവരെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്കി പറഞ്ഞയയ്ക്കുന്നു. ക്രിസ്തുവിനെ അനുഭവിക്കുന്നവന്‍റെ മനോഭാവവും അയാള്‍ ചെയ്യേണ്ട കാര്യങ്ങളും അതില്‍ കൃത്യമായി പുറത്തുവരുന്നുണ്ട്. ചിലപ്പോള്‍ നമുക്ക് അവ ഊതിവീര്‍പ്പിച്ചതായും, വിരോതാഭാസവുമായും തോന്നിയേക്കാം. ഈ നിര്‍ദ്ദേശങ്ങളെ അത്മീയമായി വ്യാഖ്യാനിച്ചും വിളയിരുത്തിയും നാം അറിയാതെ ക്രിസ്തുവിന്‍റെ പ്രബോധനങ്ങളുടെ സത്തയില്‍ വെള്ളം ചേര്‍ക്കുകയായിരിക്കും. എന്നാല്‍ ക്രിസ്തുവിന്‍റെ നിര്‍ദ്ദേശങ്ങള്‍ ക്ലിപ്തതയുള്ളവയും യാഥാര്‍ത്ഥ്യബോധമുള്ളവയുമാണ്.

അപ്പം, പണം, ബാഗും, വടിയും ചെരുപ്പും, മേല്‍വസ്ത്രമൊന്നും എടുക്കേണ്ടതില്ലെന്ന് ക്രിസ്തു ശിഷ്യന്മാരോട് പറയുമ്പോഴും, ഒരു വാക്ക് ശ്രദ്ധിക്കാതെ പോകുന്നത് ‘ആതിഥേയത്വ’മാണ്. കാരണം അവിടുന്ന് ശിഷ്യരെ പറഞ്ഞയക്കുന്നത് ജനങ്ങളുടെ ആതിഥേയത്വം മനസ്സിലാക്കുവാനും അത് അനുഭവിക്കുവാനുമാണ്. അതുകൊണ്ടാണ് അവിടുന്നു പറയുന്നത് നിങ്ങള്‍ ഒരു ഭവനത്തില്‍ പ്രവേശിച്ചാല്‍ അവിടെത്തന്നെ വസിക്കുക. ജനങ്ങളുടെ അതിഥേയത്വം സ്വീകരിച്ചും അതു മനസ്സിലാക്കിയും അവിടെത്തന്നെ പാര്‍ക്കുക എന്നാണ് അതിന് അര്‍ത്ഥം. അതായത് ക്രിസ്തുവിന്‍റെ ശിഷ്യന്‍ ആതിഥേയത്വം ജീവിക്കുന്നവനാണ്. അവനും അവളും മറ്റുള്ളവരെ സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

ക്രിസ്തു അവരെ അയയ്ക്കുന്നത്, പ്രഭുക്കന്മാരായോ, ഉദ്യോഗസ്ഥന്മാരോ അല്ല, മറിച്ച്, ഹൃദയ പരിവര്‍ത്തനത്തിന്‍റെ സന്ദേശവുമായിട്ടാണ്. അത് വ്യത്യസ്തമായൊരു ജീവിതത്തിനുള്ള വിളിയാണ്. ഇവിടെ ജീവിതത്തിന്‍റെ മാനദണ്ഡം വ്യത്യസ്തമാണ്, നിയമങ്ങള്‍ വ്യത്യസ്ഥങ്ങളാണ്. സ്വര്‍ത്ഥതയുടെയും, കലാപത്തിന്‍റെയും സംഘട്ടനത്തിന്‍റെയും ആധികാര പ്രമത്തതയുടെയും പാത വെടിഞ്ഞ്, സ്നേഹത്തിന്‍റെയും, ഔദാര്യത്തിന്‍റെയും പാത സ്വീകരിക്കുന്നതാണ്. ആധികാരികതയുടെ ധാര്‍ഷ്ഠ്യം വെടിഞ്ഞ്, സൗഹാര്‍ദ്ദതയുടെയും, ആതിഥേയത്വത്തിന്‍റെയും സ്നേഹത്തിന്‍റെയും മനോഭാവം ഉള്‍ക്കൊള്ളുന്നതാണ്.

ക്രൈസ്തവ ജീവിതത്തെയും ദൗത്യത്തെയും പ്രതിഫലിപ്പിക്കുന്നതിന് ഉതകുന്ന വൈവിദ്ധ്യമാര്‍ന്ന ജീവിതശൈലികളാണ് മേല്‍ വിവരിച്ചത്.

എന്നാല്‍ നാം ചിന്തിക്കുന്നത് പുതിയ തന്ത്രങ്ങള്‍കൊണ്ടും നയങ്ങള്‍കൊണ്ടും സാങ്കേതികതകൊണ്ടും സുവിശേഷവത്ക്കണം യാഥാര്‍ത്ഥ്യമാക്കാമെന്നാണ്. എന്നാല്‍ ഇന്നത്തെ സുവിശേഷം പഠിപ്പിക്കുന്നത് അതിഥേയത്വവും, വ്യക്തികളെ ഉള്‍ക്കൊള്ളുന്ന മനോഭാവവുമാണ് സുവിശേഷ പ്രചാരണത്തിനുള്ള മാര്‍ഗ്ഗമെന്നാണ്.

സഭ സകലര്‍ക്കായും ഹൃദയം തുറക്കുന്ന അമ്മയാണ്. വിശിഷ്യ കൂടുതല്‍ ആവശ്യത്തിലായിരിക്കുന്നവരെയും, ബുദ്ധമുട്ടിലായിരിക്കുന്നവരെയും സ്വീകരിച്ച് സാന്ത്വനം പകരുന്ന അമ്മയാണവള്‍. സഭ ആതിഥേയത്വത്തിന്‍റെ ഭവനമാണെന്നും, അതിഥേയത്വത്തിന്‍റെയും തുറവിന്‍റെയും ഭാഷയില്‍ ഒത്തിരി നന്മചെയ്യാമെന്നും സുവിശേഷം പഠിപ്പിക്കുന്നു. അങ്ങനെ സന്തോഷത്തിന്‍റെ സ്വാന്ത്വനത്തിന്‍റെയും ഉറവിടമായാല്‍ നമുക്ക് അളവില്ലാതെ നന്മചെയ്യാനാകും. അപ്പോള്‍ നമുക്ക് ദുഃഖിതരെയും പീഡിതരെയും, വിശക്കുന്നവരെയും ദാഹിക്കുന്നവരെയും, രോഗികളെയും കാരാഗൃഹ വാസികളെയും സ്വീകരിക്കുവാനും ഉള്‍ക്കൊള്ളുവാനും സാധിക്കും (മത്തായി 25, 34-37).

പാപ്പാ ഇങ്ങനെയാണ് ചിന്തകള്‍ ഉപസംഹരിച്ചത്, ഭൂമി വിത്തിനെ നെരിച്ചുകളയുന്ന നിലമാകരുത്, മറിച്ച് അതിനെ ഉള്‍ക്കൊളുകയും വളരാന്‍ അനുവദിക്കുന്ന ഇടമാവുകയുമാണു വേണ്ടത്. കര്‍ത്താവ് സമൃദ്ധമായി അനുഗ്രഹമാരി വര്‍ഷിക്കും, ഭൂമി ഫലമണിയും!








All the contents on this site are copyrighted ©.