2015-07-13 14:30:00

പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ തിരിച്ചെത്തി


തെക്കെ അമേരിക്കയിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്ര വിജയപ്രദമായി പൂര്‍ത്തിയായി. ജൂലൈ 13-ാം തിയതി തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 1.30-ന് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ പാപ്പാ ഇറങ്ങി. പിന്നെ കാറില്‍ പതിവുപോലെ നേരെ റോമിലെ മേരി മെയ്ജര്‍ ബസിലിക്കയിലെത്തി ദൈവമാതൃ സന്നിധിയില്‍ പുഷ്പാര്‍ച്ചന നടത്തി നന്ദിപറഞ്ഞ് പ്രാര്‍ത്ഥിച്ചാണ് പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങിയത്.

ജൂലൈ 5-ാം തിയതി ഞായറാഴ്ച ആരംഭിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ 9ദിവസത്ത് പ്രേഷിതയാത്ര 12-ാം തിയതി ഞായറാഴ്ച സായാഹ്നത്തില്‍ പരാഗ്വേയിലെ അസൂന്‍സ്യോണില്‍ നടന്ന യുവജനങ്ങളുടെ സംഗമത്തോടെയാണ് സമാപിച്ചത്.

ഇക്വഡോര്‍, ബൊളീവിയ, പരാഗ്വേ എന്നീ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്ര വളരെ ക്രിയാത്മകവും ഫലവത്തും പ്രത്യാശ പകരുന്നതുമായിരുന്നു. പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവും, യാത്രയില്‍ പാപ്പായെ അനുധാവനംചെയ്യുകയും ചെയ്ത ഫാദര്‍ ഫെദരിക്കോ ലൊമ്പാര്‍ഡിയുടെ വാക്കുകളാണിത്.

ലാറ്റിനമേരിക്കന്‍ ജനതയുടെ അത്യപൂര്‍വ്വമായ ആതിഥേയത്വവും പത്രോസിന്‍റെ പിന്‍ഗാമിയോടുള്ള സ്നേഹവും, പാപ്പായുടെ പ്രബോധനങ്ങളോട് അവര്‍ക്കുള്ള തുറവും യാത്രയിലുടനീളം പ്രകടമായിരുന്നെന്ന് ഫാദര്‍ ലൊമ്പാര്‍‍ഡി സാക്ഷൃപ്പെടുത്തി. പാപ്പായുടെ വാക്കുകള്‍ അവര്‍ക്കു നല്കുന്ന ആത്മധൈര്യവും, പ്രത്യാശയും ആവേശവും മുഖതാവില്‍ തെളിഞ്ഞു നിന്നതായി അദ്ദേഹം വെളിപ്പെടുത്തി. പാപ്പാമാരുടെ ആഗോള സന്ദര്‍ശനങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ തെക്ക അമേരിക്കന്‍ പര്യടനം വെളിപ്പെടുത്തുന്നത് പേപ്പല്‍ യാത്രകളുടെ ചരിത്രത്തിലെ വര്‍ദ്ധിച്ച ജനപങ്കാളിത്തമാണെന്ന് ഫാദര്‍ ലൊമ്പാ‍ര്‍ഡി സാക്ഷൃപ്പെടുത്തി.

സഭയുടെ വിനീതഭാവവും ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന ഐക്യദാര്‍ഢ്യവും വഴി പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം പ്രത്യാശ പകരുന്നതായിരുന്നുവെന്ന് ഫാദര്‍ ലൊമ്പാ‍ര്‍ഡി സമര്‍തഥിച്ചു. പൊതുനന്മ ലക്ഷൃമിടാത്തതും, വ്യക്തികളെ കേന്ദ്രീകരിക്കാത്തതുമായ സാമൂഹ്യ രാഷ്ട്രീയ സംവിധാനങ്ങള്‍ നില്ക്കുന്നിടത്ത് സുവിശേഷകാരുണ്യത്തിലൂടെ ഐക്യദാര്‍ഢ്യവും സനേഹവും വളര്‍ത്തിക്കൊണ്ട് മാറ്റങ്ങള്‍ക്കു വഴിതെളിയിക്കാമെന്ന ബോധ്യത്തിലാണ് പാപ്പാ ഫ്രാന്‍സിസ് മുന്നേറുന്നതെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി. ക്രിസ്തീയതയുടെയും സുവിശേഷത്തിന്‍റെയും മൂല്യങ്ങള്‍ എപ്രകാരം മാറ്റത്തിന്‍റെ വിപ്ലവമാകുന്നുവെന്നാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ നീക്കങ്ങള്‍ തെളിയിക്കുന്നതെന്നും വത്തിക്കാന്‍റെ വക്താവ്, ഫാദര്‍ ലൊമ്പാര്‍ഡി കൂട്ടിച്ചേര്‍ത്തു. സഭയ്ക്കു പുറത്തുളളവരെയും സുവിശേഷ സന്തോഷവും, അതു വെളിപ്പെടുത്തുന്ന ദൈവിക കാരുണ്യവും സ്വാധീനിക്കുമെന്നാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ആവേശംപകരുന്നതും ലാളിത്യമാര്‍ന്നതുമായ പ്രബോധനങ്ങള്‍ തെളിയിക്കുന്നതെന്ന് ഫാദര്‍ ലൊമ്പാര്‍‍ഡി പ്രസ്താവിച്ചു.

നീണ്ടയാത്രകളും, ദൈര്‍ഘ്യമുള്ള പരിപാടികളും പാപ്പാ ഫ്രാന്‍സിസിനെ ഒരിക്കല്‍പ്പോലും ക്ഷീണിതനാക്കുകയോ, അലോസരപ്പെടുത്തുകയോ ചെയ്തില്ലെന്നുള്ളത് ദൈവകൃപയുടെ അത്ഭുതപ്പെടുത്തുന്ന അനുഭവമായിട്ടാണ് 78 കരാനായ പാപ്പായുടെ നീക്കങ്ങളിലും പതറാത്ത പ്രബോധനശൈലിയിലും കണ്ടതെന്നും ഫാദര്‍ ലൊമ്പാ‍ര്‍ഡി വെളിപ്പെടുത്തി.








All the contents on this site are copyrighted ©.