തെക്കെ അമേരിക്കയിലേയ്ക്കുള്ള ഒന്‍പതു ദിവസങ്ങള്‍ നീണ്ട പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്ര വിജയപ്രദമായി പൂര്‍ത്തിയായി. ജൂലൈ 13-ാം തിയതി തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 1.30-ന് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ പാപ്പാ ഇറങ്ങി. തുടര്‍ന്ന് കാറില്‍ പതിവുപോലെ നേരെ റോമിലെ മേരി മെയ്ജര്‍ ബസിലിക്കയിലെത്തി ദൈവമാതൃ
സന്നിധിയില്‍ പുഷ്പാര്‍ച്ചന നടത്തി, നന്ദിപറഞ്ഞിട്ടാണ് പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങിയത്. യാത്രയ്ക്കു മുന്‍പും, പുറപ്പെടുന്നതിന് തലേന്നാള്‍ ശനിയാഴ്ച ജൂലൈ 4-ാം തിയതി വൈകുന്നേരം 7 മണിയോടെ മേരി മേജര്‍ ബസിലിക്കയിലുള്ള റോമിന്‍റെ രക്ഷിക (Salus Populi Romani) എന്ന അപരനാമത്തിലുള്ള കന്യകാനാഥയുടെ പ്രത്യേക അള്‍ത്താരയില്‍ 20 മിനിറ്റിലേറെ പാപ്പാ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിരുന്നു. മാതൃസന്നിധിയില്‍ വന്ന് പ്രത്യേകം പ്രാര്‍ത്ഥിക്കുന്നത്, യാത്രയ്ക്കു മുന്പും പിന്‍പും പ്രാര്‍ത്ഥിക്കുന്നത്, പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രത്യോകതയാണ്.
ജൂലൈ 5-ാം തിയതി ഞായറാഴ്ച ആരംഭിച്ച തെക്കെ അമേരിക്കയിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രേഷിതയാത്ര 12-ാം തിയതി ഞായറാഴ്ച സായാഹ്നത്തില്‍ പരാഗ്വേയിലെ അസൂന്‍സ്യോണില്‍ നടന്ന യുവജനങ്ങളുടെ സംഗമത്തോടെയാണ് സമാപിച്ചത്.
All the contents on this site are copyrighted ©. |